ഭഗവൽസമാഗമ ഭാഗ്യം കാംക്ഷിക്കുന്നവർ
ഭഗവൽസമാഗമ ഭാഗ്യം കാംക്ഷിക്കുന്നവർ | Embark on a Spiritual Odyssey: Sri Ramachandran’s Journey Through Dandakaranya
ഭഗവൽസമാഗമ ഭാഗ്യം കാംക്ഷിക്കുന്നവർ
എം.കെ.വിനോദ് കുമാർ
Published: July 25 , 2024 09:10 AM IST
Updated: July 24, 2024 12:34 PM IST
1 minute Read
അത്രിമഹർഷിയുടെ ആശ്രമമാണ് യാത്രയിലെ ആദ്യതാവളം
ശ്രീരാമന്റെ വരവിനുള്ള കാത്തിരിപ്പിലായിരുന്നു ശരഭംഗ മഹർഷി. ചിരകാലതപസ്സിലൂടെ നേടിയ പുണ്യം ഭഗവാനു സമർപ്പിച്ച് ശരീരം വെടിയാനുള്ള കാത്തിരിപ്പ്
ഇനി ഇവിടെ പാർത്താൽ അയോധ്യയിൽനിന്ന് ബന്ധുക്കൾ വന്നുകൊണ്ടേയിരിക്കും. ചിത്രകൂടാചലം വിട്ട് ദണ്ഡകാരണ്യത്തിലേക്കു പോകുകയാണ് കരണീയം. അത്രിമഹർഷിയുടെ ആശ്രമമാണ് യാത്രയിലെ ആദ്യതാവളം. വിശ്വകർമാവ് നിർമിച്ച വിശ്വമോഹനമായ പട്ടു നൽകിയാണ് മുനിപത്നി അനസൂയ, സീതാദേവിയോടുള്ള സ്നേഹനവാത്സല്യങ്ങൾ പ്രകടമാക്കുന്നത്. കുണ്ഡലവും അംഗരാഗവും ഉൾപ്പെടെ അണിഞ്ഞൊരുങ്ങാനുള്ള സാമഗ്രികളും സമ്മാനിക്കുന്നു ആ അമ്മ. മഹർഷിയുടെ അനുഗ്രഹാശിസ്സുകളോടെ അടുത്ത പ്രഭാതത്തിൽ മഹാരണ്യത്തിലേക്ക്.
ഘോരരാക്ഷസനായ വിരാധനെയാണ് അവിടെ ആദ്യം നേരിടേണ്ടിവരുന്നത്. മരങ്ങൾ കുലുക്കിയാണു വരവ്. തോളിലെ കുന്തത്തിൽ ഭക്ഷണത്തിനുള്ള കടുവ, സിംഹം, കാട്ടുപോത്ത്, പന്നി മുതലായവ. എട്ടുദിക്കും പൊട്ടുന്ന മട്ടിൽ ശബ്ദം.ജീവൻ വേണമെങ്കിൽ ആയുധങ്ങൾക്കൊപ്പം ഈ അംഗനാരത്നത്തെയും ഇവിടെയുപേക്ഷിച്ച് രക്ഷപ്പെട്ടുകൊള്ളാനാണ് ആജ്ഞ. സീതയ്ക്കുനേരെ പായുന്നവന്റെ കൈകളും പിന്നീടു കാലുകളും അറുത്തിട്ടും അടങ്ങുന്നില്ലെങ്കിൽ പിന്നെ തല വേർപെടുത്താതെ എന്തു മാർഗം? ദുർവാസാവിന്റെ ശാപം മൂലം രാക്ഷസനായിത്തീർന്ന വിദ്യാധരനാണ് വിരാധൻ. രാമഹസ്തത്താൽ ശാപമോക്ഷം നേടി ആ സുന്ദരരൂപൻ സ്വർഗത്തിലേക്കുയരുമ്പോൾ ദേവകളുടെ വാദ്യാലാപനം, അപ്സരസ്സുകളുടെ നൃത്തം.
ശ്രീരാമന്റെ വരവിനുള്ള കാത്തിരിപ്പിലായിരുന്നു ശരഭംഗ മഹർഷി. ചിരകാലതപസ്സിലൂടെ നേടിയ പുണ്യം ഭഗവാനു സമർപ്പിച്ച് ശരീരം വെടിയാനുള്ള കാത്തിരിപ്പ്. യോഗീന്ദ്രനായ ആ തപോധനൻ ഭഗവൽസാന്നിധ്യത്തിൽ സ്വയം ദേഹം ദഹിപ്പിച്ച് ലോകേശപാദം പ്രാപിക്കുന്നു.ശ്രീരാമാഗമനത്തിൽ ആനന്ദവിവശരാണ് ദണ്ഡകാരണ്യത്തിലെ മുനിമാർ. കുന്നുപോലെ കൂടിക്കിടക്കുന്ന തലയോടുകളും എല്ലുകളും അതിന്റെ കാരണം പറയാതെപറയുന്നു. രക്ഷോജാതികൾ ഭക്ഷണമാക്കിവരുന്ന താപസവർഗത്തിന് ഭഗവാന്റെ വരവ് രക്ഷാഹേതുവാകുന്നു.
വനവാസികളാൽ പൂജിതനായി സീതാലക്ഷ്മണസമേതം പതിമൂന്നു വത്സരങ്ങൾ പാർക്കാൻ ഇടമൊരുങ്ങുന്നു ശ്രീരാമചന്ദ്രന്. മുനിസത്തമന്മാരുടെ ആശ്രമങ്ങളിൽ സജ്ജനസംസർഗത്തിൽ കഴിയുക എന്നത് എത്ര ആനന്ദദായകമായ അനുഭവമാണ്! മോഹങ്ങളിൽ അകപ്പെട്ടു ജീവിതം പാഴാകാതെ തനിക്കു ബന്ധനങ്ങളിൽനിന്നു മോചനം നൽകണേ എന്നാണ് സുതീക്ഷ്ണാശ്രമത്തിലെത്തുമ്പോൾ അവിടത്തെ മുനിശ്രേഷ്ഠന് ഭഗവാനോടു പ്രാർഥിക്കാനുള്ളത്. അഗസ്ത്യശിഷ്യനാണ് സുതീക്ഷ്ണൻ. അഗസ്ത്യനെ സന്ദർശിക്കാൻ ലക്ഷ്യമിട്ട് അഗസ്ത്യാനുജന്റെ ആശ്രമത്തിലേക്കാണ് അടുത്ത മധ്യാഹ്നത്തിലെ യാത്ര. സൽക്കാരം കൊണ്ടു വീർപ്പുമുട്ടുകയാണ് അവിടെയും. പുലർന്നാൽ അഗസ്ത്യന്നരികിലേക്ക്.
English Summary:
Embark on a Spiritual Odyssey: Sri Ramachandran’s Journey Through Dandakaranya
559p3t37v3fg3702rp9gq9316n 30fc1d2hfjh5vdns5f4k730mkn-list vinodkumar-m-k mo-astrology-ramayana-kanda mo-religion-ramayana-month-2024 7os2b6vp2m6ij0ejr42qn6n2kh-list mo-religion-ramayana-masam-2024 mo-astrology-ramayana-parayanam
Source link