എന്തുകൊണ്ട് ഫ്രാൻസ്?

പാരീസിൽനിന്ന് ആൽവിൻ ടോം കല്ലുപുര ഫ്രാൻസ് എന്നും ലോകത്തിനു മുന്പിൽ അതിശയിപ്പിക്കുന്ന സംഭാവനകൾ നൽകിയ നാടാണ്. അതിൽ തത്വചിന്ത, സാഹിത്യം, ശാസ്ത്രം, സിനിമ, ഫോട്ടോഗ്രഫി, പാചകം, കല, ഫാഷൻ, വാസ്തുവിദ്യ മുതൽ ആധുനിക ജനാധിപത്യ മൂല്യങ്ങളായ സ്വാതന്ത്ര്യം, സമത്വം, സഹോദര്യം എന്നിവ വരെ ഉൾപ്പെടുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന രാജ്യവും ഫ്രാൻസ് തന്നെ. ലോകത്തിലെതന്നെ ഏറ്റവും വലിയ ഇവെന്റുകളിൽ ഒന്നായ ഒളിന്പിക്സ് ഫ്രാൻസ് ഏറ്റെടുത്ത് ആതിഥേയത്വം വഹിക്കാൻ തീരുമാനിച്ചതിന് പിന്നിൽ പല കാരണങ്ങളുണ്ട്. ഒളിന്പിക്സ് ഫ്രാൻസിന് കൊടുക്കുന്ന എക്സ്പോഷർ കൂടാതെ രാജ്യത്തെ സാന്പത്തികവളർച്ച, തൊഴിൽ സൃഷ്ടി, നിക്ഷേപങ്ങൾ, ലോകത്തിന്റെ മുന്പിൽ ഫ്രാൻസിനെ പ്രദർശിപ്പിക്കാനുള്ള അവസരം, അടിസ്ഥാന സൗകര്യ വികസനം, സുസ്ഥിരമായ വികസനം, ടൂറിസം വളർച്ച മുതലായ പല ലക്ഷ്യങ്ങളുമുണ്ട്. എന്തുകൊണ്ട് പാരീസ്? പാരീസ് ഫ്രാൻസിന്റെ തലസ്ഥാനം എന്നതിലുപരി യൂറോപ്പിലെതന്നെ ഏറ്റവും വലിയ മെട്രോപോളുകളിൽ ഒന്നാണ്. പാരീസ് ഫ്രാൻസിന്റെ ഹൃദയമാണ് – ഫ്രാൻസ് പാരീസ് കേന്ദ്രീകൃതമാണ്, അതായത് ഫ്രാൻസിന്റെ പൊളിറ്റിക്കൽ തലസ്ഥാനം എന്നതിലുപരി ഫ്രാൻസിന്റെ സാന്പത്തിക, സാംസ്കാരിക കേന്ദ്രം കൂടിയാണ്. എന്നാൽ ഇന്ത്യ, ജർമനി, അമേരിക്ക പോലുള്ള രാജ്യങ്ങളിൽ ഇത് കുറച്ചുകൂടി വികേന്ദ്രീകൃതമാണ്. പാരീസ് എന്ന നഗരത്തിന് ഒരേസമയം ലക്ഷക്കണക്കിന് ആളുകൾക്ക് ആതിഥ്യമരുളാനുള്ള ശേഷി ഉണ്ട്. വലിയ ഫാഷൻ ഷോകളും ന്യൂ ഇയർ പോലുള്ള ആഘോഷങ്ങളും എയർ ഷോകളും മറ്റനവധി എക്സ്പോകളും സ്ഥിരമായി പാരീസിൽ വച്ചു നടക്കുന്നുണ്ട്. കാർബണ്‍ പുറംതള്ളൽ പരമാവധി കുറച്ചുകൊണ്ട് ഏറ്റവും ഇക്കോഫ്രണ്ട്ലി ആയി ഗെയിംസ് നടത്തുക എന്നത് പാരീസ് ഒളിന്പിക്സിന് സ്ഥാനാർഥി ആകുന്പോൾ നൽകിയ വാഗ്ദാനമായിരുന്നു. പാരീസിൽ നിലവിലുള്ള പല സ്റ്റേഡിയങ്ങളും മെട്രോ സിസ്റ്റവും ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും സ്ഥിരതയും ചിരകാല വികസനത്തിനുള്ള പ്രതിജ്ഞാബദ്ധതയും നിലവിലുള്ള സൗകര്യങ്ങൾ എല്ലാം ഉപയോഗിച്ചുകൊണ്ടുതന്നെ ഗെയിംസ് നടത്താൻ സാധിക്കുമെന്നതും, ഫ്രാൻസിന്റെ സന്പന്നമായ ചരിത്രവും സാംസ്കാരിക പൈതൃകവും ഫ്രഞ്ച് സർക്കാരിന്റെയും ജനങ്ങളുടെയും ശക്തമായ പിന്തുണയും പാരീസിന്റെ സ്ഥാനമുറപ്പിക്കുന്നതിൽ നിർണായകമായി. അമേരിക്കയിലെ ലോസ് ആഞ്ചലസിനെയും പാരീസിനൊപ്പം ഒളിന്പിക് കമ്മിറ്റി തെരഞ്ഞെടുത്തുവെങ്കിലും ചർച്ചയിലൂടെ പാരീസ് 2024ലും ലോസ് ആഞ്ചലസ് 2028 ലും നടത്താൻ ഉടന്പടിയായി. വൈവിധ്യങ്ങൾ നിറഞ്ഞ രാജ്യം ഒളിന്പിക്സ് നടത്തുന്നത് പാരീസിൽ മാത്രമല്ല! പാരീസ് എന്ന പേരാണ് ഫ്രാൻസിൽനിന്ന് ഏറ്റവും ഉയർന്നു കേൾകുന്നതെങ്കിലും ഫ്രാൻസ് പാരീസ് മാത്രമല്ല. യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ രാജ്യമാണ് ഫ്രാൻസ്. യൂറോപ്യൻ യൂണിയനിലെ ഏറ്റവും വൈവിധ്യമാർന്ന ഭൂപ്രദേശമായി പരിഗണിക്കപ്പെടുന്നതും ഫ്രാൻസാണ്. ആൽപ്സ്, പിറനീസ് പോലുള്ള പർവതനിരകൾ, സമതലങ്ങൾ, അറ്റ്ലാന്റിക്, മെഡിറ്റേറിയൻ തീരങ്ങൾ, ലുവാർ, സെയ്ൻ, റോണ്‍ പോലുള്ള നദീതടങ്ങൾ, കോഴ്സിക്ക, ഗ്വാഡലൂപ്പെ, മാർട്ടിനിക്ക് തുടങ്ങിയ ഫ്രാൻസിലെ വിദൂര പ്രദേശങ്ങൾ ഫ്രഞ്ച് ഭൂപടത്തെ കൂടുതൽ വൈവിധ്യ മാർന്നതാക്കുന്നു. ഫ്രഞ്ച് വിദേശപ്രദേശങ്ങൾകൂടി കണക്കിലെടുക്കുന്പോൾ ഫ്രാൻസിന്റെ ജൈവ-സന്പത്തും കാലാവസ്ഥയും വസ്തുവിദ്യയും വളരെ വൈവിധ്യമാർന്നതാണ്. ഫ്രാൻസ്, അതിന്റെ വിദേശ പ്രദേശങ്ങൾ സഹിതം, 12 സമയമേഖലകൾ ഉള്ള ഏറ്റവും കൂടുതൽ സമയമേഖലകളുള്ള രാജ്യമാണെന്ന് പറയാം. ഇന്ത്യൻ മഹാസമുദ്രത്തിൽ റീയൂണിയൻ, മയോട്ട് എന്നിങ്ങനെ രണ്ടു ദ്വീപുകൾ ഫ്രാൻസിന്റേതാണ്. യൂറോപ്പിലുള്ള ഫ്രാൻസിനെ മെട്രോപോൾ ഫ്രാൻസെന്നും (ഫ്രാൻസിന്റെ ആകൃതി ഹെക്സഗൻ -ഷഡ്ഭുജം- ആകൃതിയാണ് ) അറിയപ്പെടുന്നു. യൂറോപ്പിൽ എട്ടു രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നുണ്ടെങ്കിലും ഫ്രാൻസിന്റെ ഏറ്റവും നീളമുള്ള അതിർത്തി ബ്രസീലുമായിട്ടാണ് ! – സൗത്ത് അമേരിക്കയിലെ ഫ്രഞ്ച് ഗിയാന എന്ന ടെറിട്ടറി വഴി. ഈ ഒളിന്പിക്സിന് സർഫിംഗ് മത്സരങ്ങൾ നടത്തുന്നത് പസിഫിക് സമുദ്രത്തിലുള്ള ഫ്രാൻസിന്റെ ദ്വീപായ ഫ്രഞ്ച് പോളിനേഷ്യയിലെ തഹിതിയിലാണ്. പാരീസിനു പുറത്തും ഒളിന്പിക്സിലെ ഫുട്ബോൾ മത്സരങ്ങൾക്കും മറ്റ് ചില കായിക മത്സരങ്ങൾക്കും രാജ്യത്തെ മറ്റ് പ്രമുഖ നഗരങ്ങൾ വേദിയാകുന്നു. ഫ്രാൻസിന്റെ അതിവേഗ റെയിൽവേ സംവിധാനമായ ടിജിവി ട്രെയിനുകളിൽ ഈ നഗരങ്ങളിലേക്ക് അതിവേഗം (320 കീമി) എത്തിപ്പെടാൻ സാധിക്കും. മാഴ്സെ തെക്കൻ ഫ്രാൻസിലെ മെഡിറ്ററേനിയൻ കടലിന്റെ തീരത്തെ വലിയ തുറമുഖനഗരമാണ് മാഴ്സ്. പാരീസ് കഴിഞ്ഞാൽ ഫ്രാൻസിലെ രണ്ടാമത്തെ വലിയ നഗരം. ലിയോണ്‍ ആൽപ്സ് മലനിരകളുടെ താഴ്്വാരത്തെ സുന്ദരമായ നഗരമാണ് ലിയോണ്‍. ഫ്രാൻസിലെ മൂന്നാമത്തെ വലിയ നഗരമായ ലിയോണ്‍ ഗ്യാസ്ട്രോണോമിയുടെ (പാചകകലയും ഭക്ഷണശാസ്ത്രവും) ലോക തലസ്ഥാനമായി അറിയപ്പെടുന്നു. നീസ് പാരീസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്ന നഗരമായ നീസ് ഫ്രഞ്ച് റിവിയേരയുടെ ഹൃദയത്തിൽ, മെഡിറ്ററേനിയൻ തീരത്ത് സ്ഥിതിചെയ്യുന്നു. നീസ് അതിന്റെ അതിശയിപ്പിക്കുന്ന മെഡിറ്ററേനിയൻതീരത്തിനും ബീച്ചുകൾക്കും ഇറ്റലിയോട് സമാനമായ സംസ്കാരത്തിനും വാസ്തുശൈലിക്കും കടൽ ഭക്ഷണത്തിനും പ്രസിദ്ധമാണ്. ലിൽ ഫ്രാൻസിന്റെ വടക്കൻ ഭാഗത്തുള്ള ഈ നഗരം, സാംസ്കാരികമായി ബെൽജിയത്തിനോട് സമാനമാണ്. ഫ്ളാണ്ടേഴ്സിന്റെ തലസ്ഥാനം എന്നും ഇവിടം അറിയപ്പെടുന്നു. ബോർദോ ഫ്രാൻസിന്റെ തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ബോർദോ ലോകത്തിലെ വീഞ്ഞിന്റെ തലസ്ഥാനമാണ്. നേന്റ് ഫ്രാൻസിന്റെ പടിഞ്ഞാറു ലുവാർ നദിക്കരയിൽ അറ്റ്ലാന്റിക് സമുദ്രത്തിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന നേന്റ് ചരിത്രപരമായി ഫ്രാൻസിന്റെ ബ്രിട്ടനി റീജണിന്റെ തലസ്ഥാനം ആയി അറിയപ്പെടുന്നു. സെന്റ് എറ്റിയെൻ ലിയോണിന് അടുത്തായി സ്ഥിതിചെയ്യുന്ന ഈ പട്ടണം അതിന്റെ വ്യാവസായിക പൈതൃകത്തിന് പേരു കേട്ടതാണ്. ഒളിന്പിക്സ് മത്സരങ്ങൾക്ക് വേദിയൊരുക്കാൻ കഴിയാതെപോയ നഗരങ്ങളാണ് ഏവിയേഷന്റെയുംഎയർബസിന്റെയും പട്ടണമായ ടുളുസും, ക്രിസ്മസ് ക്യാപിറ്റൽഎന്നറിയപ്പെടുന്ന സ്ട്രാസ്ബർഗും.
Source link