തലസ്ഥാനത്ത് ന്യൂട്രാസ്യൂട്ടിക്കൽസിനായുള്ള മികവിന്റെ കേന്ദ്രം ആരംഭിക്കാൻ മന്ത്രിസഭായോഗത്തിന്റെ അനുമതി

തിരുവനന്തപുരം: സെന്റർ ഓഫ് എക്സലൻസ് ഇൻ ന്യൂട്രാസ്യൂട്ടിക്കൽസ് (ന്യൂട്രാസ്യൂട്ടിക്കൽസിനായുള്ള മികവിന്റെ കേന്ദ്രം) തിരുവനന്തപുരത്ത് ഉടൻ പ്രവർത്തനമാരംഭിക്കും. കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെഡിഐ എസ് സി), കേരള സ്റ്റേറ്റ് കൗൺസില്‍ ഫോര്‍ സയൻസ് ടെക്നോളജി ആൻഡ് എൻവയണ്‍മെന്‍റ് (കെഎസ് സിഎസ്ടിഇ), കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെൻ്റ് കോർപറേഷൻ (കെഎസ്ഐഡിസി) എന്നിവയുടെ ആഭിമുഖ്യത്തിൽ തലസ്ഥാനത്ത് ന്യൂട്രാസ്യൂട്ടിക്കൽസിനായുള്ള മികവിന്റെ കേന്ദ്രം ആരംഭിക്കാൻ മന്ത്രിസഭായോഗം അനുമതി നല്‍കി.
തിരുവനന്തപുരം തോന്നയ്ക്കൽ ലൈഫ്സയൻസ് പാർക്കിൽ ഇതിനായുള്ള സ്ഥലം അനുവദിച്ചു.
ഗവേഷണ വികസന പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ഇതിന് ബയോലൈഫ് സയന്‍സ് പാർക്കിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് വൈറോളജിയുടെ, നിലവിലുള്ള സൗകര്യത്തിൽ താൽക്കാലികമായി ആവശ്യമായ പരീക്ഷണശാലകൾ സ്ഥാപിക്കാനാണ് തീരുമാനം.
പ്രത്യേക കോടതി
പട്ടികജാതി-പട്ടികവര്‍ഗ്ഗ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ വിചാരണയ്ക്ക് എറണാകുളത്ത് ഒരു പ്രത്യേക കോടതി സ്ഥാപിക്കും. പുതുതായി 3 തസ്തികകൾ സൃഷ്ടിക്കും. ഇടമലയാർ കേസുകളുടെ വിചാരണയ്ക്ക് സ്ഥാപിച്ച താൽക്കാലിക കോടതിയിൽ നിന്ന് 6 തസ്തികകളും മാറാട് കേസുകളുടെ വിചാരണയ്ക്ക് സ്ഥാപിച്ച താല്കാലിക കോടതിയിൽ നിന്ന് 1 തസ്തികയും ട്രാൻസ്ഫർ ചെയ്തു കൊണ്ടാണ് കോടതി സ്ഥാപിക്കുക.
സ്പെഷ്യൽ ജഡ്‌ജ് (ജില്ലാ ജഡ്‌ജ്) – 1, ബഞ്ച് ക്ലാർക്ക് -1, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് -1 എന്നിങ്ങനെ മൂന്ന് തസ്തികകള്‍ പുതുതായി സൃഷ്ടിക്കും.
ശിരസ്തദാർ – 1, യു.ഡി ക്ലാർക്ക് – 1, എൽഡി ടൈപ്പിസ്റ്റ് – 1, ഡഫേദാർ – 1, ഓഫീസ് അറ്റന്‍റന്‍റ് – 2, കോര്‍ട്ട് കീപ്പര്‍ – 1 എന്നിങ്ങനെ എഴ് തസ്തികകളാണ് താല്‍ക്കാലിക കോടതികളില്‍ നിന്നും ട്രാന്‍സ്ഫര്‍ ചെയ്യുക.
കരട് മാര്‍ഗരേഖ അംഗീകരിച്ചു
സംസ്ഥാനത്ത് ജില്ലാ പദ്ധതി പരിഷ്ക്കരിച്ച് തയ്യാറാക്കുന്നതിനായി ആസൂത്രണ ബോര്‍ഡ് തയ്യാറാക്കി സമര്‍പ്പിച്ച കരട് മാര്‍ഗരേഖ അംഗീകരിച്ചു. ജില്ലാ ആസൂത്രണ സമിതി വിഭാവനം ചെയ്യുന്ന സമഗ്രമായ ദീര്‍ഘകാല വികസന പരിപ്രേഷ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് ജില്ലാ പദ്ധതി ആവിഷ്ക്കരിക്കേണ്ടത്. ഈ പദ്ധതി വിവിധ വകുപ്പുകളുടെ വികസന പ്രവര്‍ത്തനങ്ങളുമായി സംയോജിപ്പിക്കും. ജില്ലയുടെ സമഗ്ര വികസന പരിപാടി ആവിഷ്ക്കരിക്കുന്നതിനുള്ള വിശദമായ ചട്ടക്കൂടാണ് ജില്ലാ പദ്ധതി.
പെന്‍ഷന്‍ പരിഷ്ക്കരണം
വാട്ടര്‍ അതോറിറ്റിയില്‍ നിന്ന് വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വ്യവസ്ഥകള്‍ക്ക് അനുസരിച്ച് പരിഷ്കരിക്കും. 01.07.2019 പ്രാബല്യത്തിലാണ് പരിഷ്കരണം.
പ്ലീഡര്‍ പുനര്‍നിയമനം
ഹൈക്കോടതിയിലെ നിലവിലുള്ള സ്പെഷ്യല്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍, സീനിയര്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍, ഗവണ്‍മെന്‍റ് പ്ലീഡര്‍ എന്നിവരുടെ പുനര്‍നിയനം സംബന്ധിച്ച് തീരുമാനമായി. 17 സ്പെഷ്യല്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍മാര്‍ക്ക് 01.08.2024 മുതല്‍ മൂന്ന് വര്‍ഷക്കാലയളവിലേക്ക് പുനർനിയമനം നൽകും. സീനിയര്‍ ഗവ.പ്ലീഡര്‍മാരുടെ പട്ടികയിലുള്ള 49 സീനിയർ ഗവ.പ്ലീഡര്‍മാര്‍ക്കും ഗവ പ്ലീഡർമാരുടെ പട്ടികയിലുള്ള 48 ഗവ. പ്ലീഡർമാർക്കും 01.08.2024 മുതല്‍ മൂന്ന് വര്‍ഷത്തേക്കോ 60 വയസ് പൂര്‍ത്തിയാകുന്നത് വരെയോ എതാണോ ആദ്യം അതുവരെയും പുനര്‍നിയമനം നല്‍കും.
എറണാകുളം സൗത്ത് ചിറ്റൂര്‍ സ്വദേശി വി മനുവിനെ അഡ്വക്കറ്റ് ജനറലിന്‍റെ സ്പെഷ്യല്‍ ഗവണ്‍മെന്‍റ് പ്ലീഡറായി 01.08.2024 മുതല്‍ മൂന്ന് വര്‍ഷക്കാലയളവിലേക്ക് നിയമിക്കും.
സ്പെഷ്യല്‍ ഗവ. പ്ലീഡര്‍ (വ്യവസായം) എന്ന തസ്തികയെ സ്പെഷ്യല്‍ ഗവ.പ്ലീഡര്‍ പൊതുവിദ്യാഭ്യാസം എന്ന് പുനക്രമീകരിച്ച് നിലവിലെ സ്പെഷ്യല്‍ ഗവ.പ്ലീഡറായ ചേര്‍ത്തല തുറവൂര്‍ സ്വദേശി പി സന്തോഷ്കുമാറിനെ 01.08.2024 മുതല്‍ മൂന്ന് വര്‍ഷക്കാലയളവിലേക്ക് നിയമിക്കും.
തസ്തിക സൃഷ്ടിക്കും
പുതുതായി നിലവില്‍ വന്ന അട്ടപ്പാടി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ ഒരു അസിസ്റ്റന്‍റ് പബ്ലിക്ക് പ്രോസിക്യുട്ടറുടെ തസ്തിക സൃഷ്ടിക്കും.
പെർഫോമൻസ് ഇൻസെൻ്റീവ് ഗ്രാൻ്റ്
2024-2025 സാമ്പത്തിക വർഷത്തേക്കുള്ള ആസൂത്രണ സാമ്പത്തികകാര്യ വകുപ്പിന്‍റെ വിഹിതത്തിൽ നിന്ന് 50 കോടി രൂപ ചെലവാക്കി, പമ്പാ നദീതടത്തിലെ (ആലപ്പുഴ, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ) അർഹതയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക്, മാനദണ്ഡങ്ങൾക്ക് വിധേയമായി പെർഫോമൻസ് ഇൻസെൻ്റീവ് ഗ്രാൻ്റ് നൽകുന്നതിന് അംഗീകാരം നൽകി.
സബ്‌സിഡി സ്കീം തുടരുന്നതിന് അനുമതി
ഉൾനാടൻ ജലപാതകൾ മുഖേനയുള്ള ചരക്കു ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന് ചരക്കു നീക്കത്തിന് സബ്‌സിഡി നൽകുന്ന സബ്‌സിഡി സ്കീം 27/11/2021 മുതൽ 3 വർഷത്തേക്ക് കൂടി തുടരുന്നതിന് അനുമതി നൽകി. ഉള്‍നാടന്‍ ജലപാതയിലൂടെയുള്ള ചരക്ക് ഗതാഗതം, ജല ഗതാഗതം, വിനോദസഞ്ചാരം എന്നിവയുടെ സാധ്യതകള്‍ സര്‍ക്കാര്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിന്‍റെ ഭാഗമായാണിത്.
ഉത്തരവ് റദ്ദാക്കി
പട്ടയ ഭൂമികളില്‍ ക്വാറി/ ക്രഷര്‍ വ്യവസായങ്ങള്‍ തുടങ്ങുന്നതിനുള്ള അനുമതി നല്‍കാന്‍ റവന്യു വകുപ്പിനെ ചുമതലപ്പെടുത്തി പുറപ്പെടുവിച്ച 11.11.2015ലെ ഉത്തരവ് റദ്ദാക്കി. കേരള ഭൂപതിവ് നിയമത്തിനും ചട്ടങ്ങള്‍ക്കും വിരുദ്ധമായതിനാലാണിത്.
പുനര്‍നിയമനം
മലപ്പുറം സഹകരണ സ്പിന്നിങ്ങ് മില്ലിലും ടെക്സ്ഫെഡിലും മാനേജിങ്ങ് ഡറക്ടറായി എം കെ സലീമിന് പുനര്‍നിയമനം നല്‍കി. പുതിയ മാനേജിങ്ങ് ഡയറക്ടറെ നിയമിക്കുന്നത് വരെയോ ആറ് മാസത്തേക്കോ എതാണോ ആദ്യം അതുവരെയാണ് നിയമനം.
ടെണ്ടര്‍ അംഗീകരിച്ചു
റീസര്‍ഫേസിങ്ങ് തിരുവനന്തപുരം വിഴിഞ്ഞം റോഡ് പ്രവര്‍ത്തിക്ക് സര്‍ക്കാര്‍തലത്തിലുള്ള ടെണ്ടര്‍ അംഗീകരിച്ചു.
വാഹനങ്ങള്‍ വാങ്ങുന്നതിന് അനുമതി
ഹൈക്കോടതി ജഡ്ജിമാരുടെ ഉപയോഗത്തിന് മൂന്ന് പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് അനുമതി നല്‍കി.
Source link