മലപ്പുറം: നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തു വന്ന 16 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. എല്ലാവരും ലോ റിസ്‌ക് വിഭാഗത്തിൽ ഉള്ളവരാണ്. ഇതുവരെയായി ആകെ 58 സാമ്പിളുകളാണ് നെഗറ്റീവായത്. മലപ്പുറം കളക്‌ടറേറ്റ് കോൺഫ്രൻസ് ഹാളിൽ വൈകീട്ട് ചേർന്ന നിപ അവലോകന യോഗത്തിൽ മന്ത്രി ഓൺലൈനായി പങ്കെടുത്തു.
ഇന്ന് മൂന്ന് പേർ അഡ്മിറ്റായിട്ടുണ്ട്. ആകെ 21 പേരാണ് ഇപ്പോൾ മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളേജുകളിലായി അഡ്മിഷനിലുള്ളത്. ഇവരിൽ 17 പേർ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരാണ്. ഇന്ന് പുതുതായി 12 പേരെയാണ് സെക്കന്ററി സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയത് ഇതോടെ ആകെ സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം 472 ആയി. 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. ഇന്ന് പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലായി 8376 വീടുകളിൽ പനി സർവെ നടത്തി. ആകെ 26,431 വീടുകളിലാണ് ഇതുവരെ സർവ്വെ നടത്തിയത്. നാളെയോടെ എല്ലാ വീടുകളിലും സർവ്വെ പൂർത്തിയാക്കാനാവും. 224 പേർക്ക് ഇന്ന് മാനസിക പിന്തുണക്കായി കൗൺസലിങ് നൽകിയിട്ടുണ്ട്.
പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നൽകി വരുന്നുണ്ട്. വവ്വാലുകളിൽ നിന്നും സാംപിൾ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയിൽ നിന്നും ഡോ. ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിൾ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാൽ ഇവർ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കിൽ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ കന്നുകാലികളിൽ നിന്നും വളർത്തുമൃഗങ്ങളിൽ നിന്നുള്ള സാംപിൾ ശേഖരിച്ച് ഭോപ്പാലിൽ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.
Source link