ആലപ്പുഴ : ജോലിഭാരം മൂലം പൊലീസ് സേനയിൽ നിന്ന് അംഗങ്ങൾ ജീവനും കൊണ്ട് ഓടിരക്ഷപ്പെടുന്ന സ്ഥിതിയാണ് സംസ്ഥാനത്തുള്ളതെന്ന് മുൻ ഡി.ജി.പി അലക്സാണ്ടർ ജേക്കബ് പറഞ്ഞു. 100പേർ ജോലിയിൽ പ്രവേശിച്ചാൽ ആറുമാസത്തിനുള്ളിൽ 25പേർ രാജിവയ്ക്കുന്ന അവസ്ഥയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന മാദ്ധ്യമ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യനാൽ അസാദ്ധ്യമായ ജോലിഭാരമാണ് സേനയിലുള്ളത്. രണ്ടുലക്ഷം കേസ് അന്വേഷിക്കേണ്ട സ്ഥാനത്ത് പ്രതിവർഷം 12.5 ലക്ഷം കേസാണ് പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. പൊലീസ് സേനയിൽ ജോലി ചെയ്യാൻ കഴിയാത്ത സ്ഥിതിയെന്താണെന്ന് സർക്കാരും ഉന്നത ഉദ്യോഗസ്ഥരും പരിശോധിക്കണം. ജോലിഭാരം മൂലം നാലുവർഷത്തിനുള്ളിൽ 81പൊലീസുകാരാണ് ആത്മഹത്യ ചെയ്തത്. 890പേർ അച്ചടക്ക നടപടി നേരിട്ടു. 193 സബ് ഇൻസ്പെക്ടർമാരിൽ 27പേർ ജോലിയിൽ പ്രവേശിച്ച് മാസങ്ങൾക്കുള്ളിൽ പ്യൂൺ, ക്ളക്ക് ജോലിയിലേക്ക് പോയി. അലക്സാണ്ടർ ജേക്കബ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് എൻ.ഹാഷീർ അദ്ധ്യക്ഷത വഹിച്ചു.
Source link