ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യപ്രശ്‌നം; തിരുവനന്തപുരം  കോർപ്പറേഷനിലെ  ഹെൽത്ത്  ഇൻസ്‌പെക്‌ടർക്ക്  സസ്‌പെഷൻ

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്‌നത്തിൽ തിരുവനന്തപുരം കോർപ്പറേഷനിലെ ഹെൽത്ത് ഇൻസ്‌പെക്‌ടർക്ക് സസ്‌പെഷൻ. ഗുരുതര കൃത്യവിലോപം ചൂണ്ടിക്കാട്ടിയാണ് നടപടി. തോടിന്റെ തമ്പാനൂർ ഭാഗം ഉൾപ്പെടുന്ന പ്രദേശത്തിന്റെ ചുമതലയുള്ള സെക്രട്ടറിയേറ്റ് സർക്കിൾ ഹെൽത്ത് ഇൻസ്‌പെക്‌ടർ കെ ഗണേശിനെയാണ് ആഭ്യന്തര അന്വേഷണ റിപ്പോർട്ടിനെത്തുടർന്ന് മേയർ ആര്യാ രാജേന്ദ്രൻ സസ്‌പെൻഡ് ചെയ്തത്.

ആമയിഴഞ്ചാൻ തോട് കടന്നുപോകുന്ന രാജാജി നഗർ, പാളയം, തമ്പാനൂ‌ർ ഭാഗങ്ങൾ ഉൾപ്പെടുന്ന പ്രദേശത്തിന്റെ മേൽനോട്ട ചുമതല സെക്രട്ടറിയേറ്റ് സർക്കിൾ ഹെൽത്ത് ഇൻസ്‌പെക്‌ടറായ ഗണേശിനാണ്. നിശ്ചിത ഇടവേളകളിൽ തോട് വൃത്തിയാക്കുന്നതിന് നടപടി സ്വീകരിക്കുക, സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെ തോട്ടിൽ മാലിന്യം തള്ളുന്നത് തടയുക തുടങ്ങിയ ചുമതലകളാണ് ഹെൽത്ത് ഇൻസ്‌പെക്‌ടർക്കുണ്ടായിരുന്നത്. കോർപ്പറേഷൻ ആരോഗ്യവിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഗണേശിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്‌ചയുണ്ടായതായി കണ്ടെത്തിയത്. ആമയിഴഞ്ചാൻ തോട്ടിലേയ്ക്ക് കക്കൂസ് മാലിന്യം ഒഴുക്കിയ സ്ഥാപനം അടച്ചുപൂട്ടാൻ ആവശ്യപ്പെട്ടിട്ടും ഗണേശ് തയ്യാറായില്ല. ഒടുവിൽ പകരം സംവിധാനം ഏർപ്പെടുത്തിയാണ് സ്ഥാപനം അടപ്പിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ ശുചീകരണ തൊഴിലാളി മരിച്ച സംഭവം വലിയ വിവാദമായിരുന്നു. സംഭവത്തിൽ തിരുവനന്തപുരം കോ‌ർപ്പറേഷനെതിരെ വലിയ പ്രതിഷേധം ഉയരുകയും ചെയ്തു. ജോയിയെ കാണാതായി 46 മണിക്കൂറിന് ശേഷം മൃതദേഹം കനാലിൽ പൊങ്ങുകയായിരുന്നു. റെയിൽവേ സ്റ്റേഷനടിയിലൂടെ ഒഴുകുന്ന ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം മാറ്റാനിറങ്ങിയതായിരുന്നു ജോയ്. മാരായമുട്ടം മലഞ്ചെരുവ് വീട്ടിൽ നേശമണിയുടെയും മേരിയുടെയും മകനാണ്.


Source link
Exit mobile version