WORLD

യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ട്രെംപിനെതിരേ കമലാ ഹാരിസിന് മുൻതൂക്കമെന്ന് സർവേ


വാഷിങ്ടൺ: യു.എസ്. പ്രസിഡന്റ് മത്സരത്തിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയാകുമെന്ന് കരുതപ്പെടുന്ന കമലാ ഹാരിസിന് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാ‍ൾഡ് ട്രംപിനെതിരേ നേരിയ മുൻതൂക്കമെന്ന് സർവേ ഫലം. ട്രംപിനേക്കാൾ രണ്ട് പോയിന്റിന്റെ മുൻതൂക്കം കമലാ ഹാരിസിനുണ്ടെന്നാണ് റോയിറ്റേഴ്സ്/ഐപിഎസ്ഒഎസ് നടത്തിയ സർവ്വേ പറയുന്നത്. ജോ ബൈഡൻ സ്ഥാനാർഥിത്വത്തിൽനിന്ന് പിന്മാറിയശേഷം ആദ്യമായി നടത്തിയ സർവേകളിൽ ഒന്നാണിത്. ജോ ബൈഡൻ പിൻമാറി രണ്ടുദിവസം കഴിഞ്ഞായിരുന്നു സർവേ നടത്തിയത്. ട്രംപിന് 42 ശതമാനവും കമലയ്ക്ക് 44 ശതമാനവുമാണ് വോട്ടർമാരുടെ അനുകൂല അഭിപ്രായമെന്നാണ് ചൊവ്വാഴ്ച പുറത്തുവിട്ട സർവ്വേ ഫലത്തിലുള്ളത്. തിങ്കളാഴ്ച പിബിഎസ് ന്യൂസ്/എൻപിആർ/മരിസ്റ്റ് നടത്തിയ സർവ്വേയിൽ ഒരുശതമാനത്തിന്റെ നേരിയ മുൻതൂക്കം ട്രംപിനായിരുന്നു. റജിസ്ട്രേഡ് വോട്ടർമാരിൽ 46 ശതമാനം ട്രംപിനും 45 ശതമാനം കമലയ്ക്കും അനുകൂലമായി അഭിപ്രായം രേഖപ്പെടുത്തുമ്പോൾ ഒമ്പത് ശതമാനം തീരുമാനമെടുത്തിട്ടില്ലെന്നാണ് വ്യക്തമാക്കിയത്. സ്ഥാനാർഥിത്വത്തിൽനിന്ന് പിന്മാറിയ ബൈഡന്റെ തീരുമാനം ശരിയാണെന്ന അഭിപ്രായമാണ് 87 ശതമാനം അമേരിക്കക്കാർക്കും ഉള്ളതെന്നാണ് പിബിഎസ് ന്യൂസ് സർവ്വേ പറയുന്നത്.


Source link

Related Articles

Back to top button