നടി-നടന്മാർക്കെതിരേ അശ്ലീല പരാമർശം; ‘ആറാട്ടണ്ണന്’ പൊലീസ് താക്കീത് | Santhosh Varkey Police
നടി-നടന്മാർക്കെതിരേ അശ്ലീല പരാമർശം; ‘ആറാട്ടണ്ണന്’ പൊലീസ് താക്കീത്
മനോരമ ലേഖകൻ
Published: July 24 , 2024 09:25 AM IST
1 minute Read
സന്തോഷ് വർക്കി
സിനിമ നിരൂപണത്തിന്റെ മറവിൽ അഭിനേതാക്കൾക്കെതിരെ അശ്ലീല പ്രയോഗങ്ങൾ നടത്തുന്നുവെന്ന പരാതിയിൽ യുട്യൂബർ ആറാട്ട് അണ്ണൻ എന്ന സന്തോഷ് വർക്കിയെ പാലാരിവട്ടം പൊലീസ് താക്കീത് ചെയ്തു വിട്ടയച്ചു. നടീ നടന്മാരെയും അവരുടെ കുടുംബാംഗങ്ങളെയും അശ്ലീല പദങ്ങൾ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ അവഹേളിക്കുന്നുവെന്ന് കാണിച്ച് നടൻ ബാല കഴിഞ്ഞ ദിവസം താരസംഘടനയായ ‘അമ്മ’യിലും പാലാരിവട്ടം പൊലീസിലും പരാതി നൽകിയിരുന്നു.
ബാലയുടെ പരാതി ‘അമ്മ’ ജനറൽ സെക്രട്ടറി സിദ്ദീഖ് ഗൗരവമായി എടുക്കുകയും തുടർ നടപടികൾ സ്വീകരിക്കുകയുമായിരുന്നു. തുടർന്ന് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ സന്തോഷ് വർക്കിയെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മേലിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കില്ലെന്ന് എഴുതി ഒപ്പുവപ്പിച്ചു. ഇനിയും ഇത്തരം കാര്യങ്ങൾ ആവർത്തിച്ചാൽ കേസെടുക്കുമെന്ന് പൊലീസ് ഇയാൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഒരു നടിയെ സിനിമയിൽ ലിപ്‌ലോക്ക് ചെയ്യണമെന്ന സന്തോഷ് വർക്കിയുടെ പ്രസ്താവന വിവാദമായിരുന്നു. ആറാട്ടണ്ണന്‍ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇയാൾ ഇത്തരം വിഡിയോ പങ്കുവയ്ക്കുന്നത്.
നിരൂപണത്തിന്റെ മറവിൽ സിനിമാ പ്രവർത്തകരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന യുട്യൂബർമാർക്കെതിരേ കർശന നടപടി സ്വീകരിക്കാനാണ് ‘അമ്മ’യുടെ തീരുമാനം. നേരത്തെ ‘ചെകുത്താൻ’ എന്നറിയപ്പെടുന്ന യൂട്യൂബറും ബാലയുമായുള്ള വിവാദത്തിൽ സന്തോഷ് വർക്കിയുടെ ഇടപെടൽ ഏറെ വിവാദമായിരുന്നു. തുടർന്ന് ബാല തന്നെ തടവിൽ വച്ചെന്ന ആരോപണവുമായി സന്തോഷ് വർക്കി രംഗത്തെത്തുകയും ചെയ്തു.
English Summary:
Controversial YouTuber Santhosh Varki Receives Police Warning for Obscene Film Reviews
7rmhshc601rd4u1rlqhkve1umi-list 7l59bmsf5hrjlrajo8ae3kjo57 mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie
Source link