ന്യൂഡല്‍ഹി: ഒരു എയിംസിനായി കേരളം കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുകയും സുരേഷ് ഗോപി കേന്ദ്ര മന്ത്രിയാകുകയും ചെയ്തപ്പോള്‍ ആ പ്രതീക്ഷ വാനോളമെത്തി. എയിംസ് മാത്രമല്ല മറ്റ് പല പദ്ധതികളിലും കേന്ദ്രം വാരിക്കോരി നല്‍കുമെന്ന് കേരളത്തിന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ബഡ്ജറ്റ് അവതരണം കഴിഞ്ഞപ്പോള്‍ കേരളത്തിന് പതിവ് പോലെ അവഗണന മാത്രം ബാക്കി.
കേരളത്തിന് ഇത്തവണയും എയിംസ് നല്‍കിയില്ലല്ലോ എന്ന് മാദ്ധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ കേരളത്തില്‍ എയിംസ് വന്നിരിക്കുമെന്ന ഉറപ്പാണ് സുരേഷ് ഗോപി നല്‍കിയത്. എയിംസ് ലഭിക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ കൃത്യമായി സ്ഥലം ഏറ്റെടുത്ത് നല്‍കേണ്ടതുണ്ടെന്നും അത് ചെയ്തിട്ടില്ലെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. കോഴിക്കോട് ജില്ലയിലെ കിനാലൂരില്‍ 150 ഏക്കറോളം ഭൂമി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തുവെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ അത് പര്യാപ്തമല്ലെന്നാണ് അദ്ദേഹം പറഞ്ഞ മറുപടി.
സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദേശിക്കുകയും ഏറ്റെടുക്കുകയും ചെയ്യുന്ന സ്ഥലത്താണ് എയിംസ് നിര്‍മിക്കുക. കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നുവെങ്കില്‍ അത് കോഴിക്കോട് ജില്ലയില്‍ വേണമെന്നാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആവശ്യം. ഇത് മനസ്സില്‍ക്കണ്ടാണ് 150 ഏക്കര്‍ ഏറ്റെടുത്തത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിനോ ബിജെപി നേതൃത്വത്തിനോ കോഴിക്കോട് സ്ഥാപിക്കുന്നതിന് താത്പര്യമില്ലെന്നാണ് വിവരം. കേരളത്തില്‍ യുഡിഎഫ്- എല്‍ഡിഎഫ് നേതാക്കള്‍ക്കിടയില്‍ പോലും കോഴിക്കോട് എന്നത് ഏകാഭിപ്രായമല്ല.
ചികിത്സാ കാര്യങ്ങളില്‍ പിന്നോക്കം നില്‍ക്കുന്ന കാസര്‍കോട് ജില്ലയിലാണ് എയിംസ് വേണ്ടതെന്നാണ് സ്ഥലം എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ആവശ്യം. ബഡ്ജറ്റ് സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത കേരളത്തില്‍ നിന്നുള്ള എംപിമാരുടെ യോഗത്തില്‍ ഇക്കാര്യം അദ്ദേഹം തുറന്ന് പറയുകയും ചെയ്തു. എന്നാല്‍ ഉണ്ണിത്താന്റെ തന്നെ പാര്‍ട്ടിക്കാരനായ കോഴിക്കോട് എംപി എംകെ രാഘവന്‍ ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെ അനുകൂലിക്കുന്നുണ്ട്.
കേരളത്തില്‍ എയിംസ് എന്ന് 2014 മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ്. അന്ന് മുതല്‍ അത് കോഴിക്കോട് സ്ഥാപിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്നയാളാണ് രാഘവന്‍. എന്തായാലും സംസ്ഥാന സര്‍ക്കാര്‍ കോഴിക്കോട് ഏറ്റെടുത്തിരിക്കുന്ന 150 ഏക്കര്‍ പര്യാപ്തമല്ലെന്ന് കേന്ദ്രമന്ത്രി തന്നെ പറയുമ്പോള്‍ മറ്റ് ജില്ലകളുടെ പ്രതീക്ഷ ഉയരുകയാണ്. സ്ഥലത്തിന്റെ ലഭ്യത പരിശോധിച്ചാല്‍ കാസര്‍കോട്, കോട്ടയം, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ എയിംസ് നിര്‍മാണം പ്രായോഗികമാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് പ്രധാനം.
Source link