ഭക്തനാം അനുജൻ, ഭരതകുമാരൻ

ഭക്തനാം അനുജൻ, ഭരതകുമാരൻ | A Heartfelt Reunion: Bharata Meets Rama in the Forest
ഭക്തനാം അനുജൻ, ഭരതകുമാരൻ
മനോരമ ലേഖകൻ
Published: July 24 , 2024 10:10 AM IST
Updated: July 23, 2024 05:31 PM IST
1 minute Read
ഗുരുവചനങ്ങളിലുണർന്ന് ഭരതകുമാരൻ പിതാവിന്റെ മരണാനന്തരക്രിയകൾ ചെയ്യുന്നു
ജ്യേഷ്ഠനെ നേരിൽക്കാണുമ്പോൾ അതിന്റെ പാരമ്യത്തിലെത്തുന്നു
മാതുലഗൃഹത്തിൽനിന്നു മടങ്ങിയെത്തി വിവരങ്ങളറിഞ്ഞ ഭരതന്റെ കോപാഗ്നി മാതാവിനെ ദഹിപ്പിക്കുമെന്നു തോന്നുന്നു. വികാരവിക്ഷോഭത്തോടെ കൈകേയിയെ ശകാരിച്ച ശേഷം കൗസല്യാ മാതാവിനരികിലേക്കാണ് ഭരതൻ പോകുന്നത്. ഒന്നും ഞാൻ നിമിത്തമല്ലെന്ന് ആണയിട്ടു കരയുന്നു കുമാരൻ. ദോഷം നിനക്കേതുമില്ലെന്ന് അവിടെനിന്നു കേൾക്കാനായത് അൽപമെങ്കിലും ഉൾത്താപത്തെ ശമിപ്പിക്കുന്നു. ഭരതന്റെ ശിരസ്സിൽ ചുംബിക്കുന്ന കൗസല്യയെ കണ്ടുനിൽക്കുന്നവരൊക്കെയും വാവിട്ടു കരഞ്ഞുപോകുന്നു. രാജകുമാരനെ സമചിത്തതയിലേക്കു നയിക്കേണ്ടതുണ്ട് ഗുരുവിന്.
ഒരു പുരുഷായുസ്സിന്റെ പൂർണത അനുഭവിച്ചാണ് മഹാരാജാവ് യാത്രയായത്. ദേവസാമീപ്യത്തിൽ അവരുടെ ബഹുമാനമാർജിച്ചു വാഴുകയെന്ന അപൂർവഭാഗ്യമാണ് അദ്ദേഹത്തിനു സിദ്ധിച്ചിരിക്കുന്നത്. അതിനാൽ കുമാരാ, ഖേദം കളയുക. ദേഹത്തിന്റെ ക്ഷണികത മനസ്സിലാക്കുക. സംസാരജീവിതം നിസ്സാരമാണ്. സജ്ജനസംഗമമേ ശുഭകരമായുള്ളൂ. ആത്മാവിന് ജനനവും മരണവുമില്ല.
ഗുരുവചനങ്ങളിലുണർന്ന് ഭരതകുമാരൻ പിതാവിന്റെ മരണാനന്തരക്രിയകൾ ചെയ്യുന്നു. രാജധാനി വിട്ട് കാനനത്തിൽ കഴിയുന്നവരെക്കുറിച്ചാണ് അദ്ദേഹത്തിന്റെ നിരന്തരചിന്ത. സത്യോപദേശം നൽകി കുമാരനെ സമചിത്തതയിലേക്കെത്തിക്കാൻ ഇവിടെയും ഗുരുവിന്റെ മഹനീയ സാന്നിധ്യം. കൈകേയി ഒഴികെ എല്ലാവരുമായി വനത്തിലേക്കു പുറപ്പെടാനാണ് ഭരതന്റെ തീരുമാനം. സന്നാഹങ്ങളുമായി അയോധ്യയിൽനിന്നുള്ള നീക്കത്തെ ആശങ്കയോടെയാണ് ശൃംഗിവേരാധിപൻ ഗുഹൻ ആദ്യം കാണുന്നത്. ആഗമനോദ്ദേശ്യം മനസ്സിലാക്കിയപ്പോഴാകട്ടെ, ഭരതകുമാരനും സംഘത്തിനും തന്റെ കിങ്കരന്മാരെ കൂട്ടി വേണ്ട സഹായമെല്ലാം ചെയ്തുനൽകുകയും.
മഹർഷിമാർ അറിയാത്തതായി ഒന്നുമില്ലെങ്കിലും ഭരതൻ തന്റെ സങ്കടാവസ്ഥ ഭരദ്വാജമുനിയോട് മുഖദാവിൽ വിശദീകരിക്കുകയാണ്. വഴിയിലെ മണ്ണിൽ ശ്രീരാമപാദങ്ങൾ പതിഞ്ഞതിന്റെ അടയാളം പോലും അനുഭൂതിദായകമാണ് അനുജന്. അപ്പോഴുളവായ ഭക്തി, ജ്യേഷ്ഠനെ നേരിൽക്കാണുമ്പോൾ അതിന്റെ പാരമ്യത്തിലെത്തുന്നു. എല്ലാവരെയും അദ്ഭുതാദരങ്ങളോടെ സ്വീകരിച്ച് ശ്രീരാമചന്ദ്രൻ ആരായുന്നു: ‘‘താതനു സൗഖ്യമല്ലീ നിജമാനസേ ഖേദമുണ്ടോ എന്നെപ്പിരികയാൽ?’’.
ഗുരുവാണ് മറുപടി നൽകുന്നത്. നിങ്ങളെയോർത്തു വിലപിച്ചുവിലപിച്ച് അദ്ദേഹം ദേവലോകം പൂകിയിരിക്കുന്നു. ദേവതുല്യമായ സുഖാനുഭവത്തിലാണ് അദ്ദേഹമെന്നും ഗുരു പറയുന്നു. അതു മകന്റെ മനസ്താപത്തിന്റെ കാഠിന്യം കുറച്ചേക്കാം. കർണങ്ങൾ തുളച്ച അനുഭവമായിരുന്നു രാമന്. ദുഃഖത്തിൽമുങ്ങി വിലപിക്കുകയാണ് ആ സൽപുത്രൻ. സീതയും ലക്ഷ്മണനും ദുഃഖഭാരത്താൽ വീണുപോകുന്നു. ജ്യേഷ്ഠൻ അയോധ്യയിലേക്കു തിരികെയെത്തണമെന്ന ഭരതന്റെ ആവശ്യം ബാലിശമാണ്. അച്ഛനു നൽകിയ വാക്ക് ഒരിക്കലും ലംഘിക്കാവതല്ല രാമന്. നന്നേ പാടുപെടേണ്ടിവരുന്നു അനുജനെ ബോധ്യപ്പെടുത്താൻ. ഈ സന്ദർഭത്തിൽ അവസരോചിതമായി ഗുരുവിന്റെ ഇടപെടലുണ്ടാകുന്നു. എങ്കിൽ ജ്യേഷ്ഠന്റെ പാദുകങ്ങൾ സിംഹാസനത്തിൽ വച്ച്, പരിത്യാഗിയെപ്പോലെ ജീവിച്ച്, രാജ്യഭാരം നിറവേറ്റാമെന്ന് ഭരതൻ.
English Summary:
A Heartfelt Reunion: Bharata Meets Rama in the Forest
30fc1d2hfjh5vdns5f4k730mkn-list mo-astrology-ramayana-kanda mo-religion-ramayana-month-2024 7os2b6vp2m6ij0ejr42qn6n2kh-list mo-religion-ramayana-masam-2024 mo-astrology-ramayana-parayanam 40g2elvioo5sjk8bt7fh1c817p
Source link