ശബരിപാത : സംസ്ഥാന വിഹിതം കിട്ടാൻ സാദ്ധ്യത
തിരുവനന്തപുരം:ആറ് ജില്ലകൾക്കും വിഴിഞ്ഞം തുറമുഖത്തിനും ഗുണകരമായ ശബരി റെയിൽപാതയുടെ സംസ്ഥാന വിഹിതമായ 1900.47കോടി പലിശരഹിത വായ്‌പയായി കിട്ടാൻ കേന്ദ്രബഡ്ജറ്റിൽ വഴിയൊരുങ്ങി.
അടിസ്ഥാനസൗകര്യ വികസനത്തിന് സംസ്ഥാനങ്ങൾക്കുള്ള ദീർഘകാല പലിശരഹിത വായ്പയ്‌ക്ക് ഒന്നരലക്ഷം കോടി നീക്കിവച്ചിട്ടുണ്ട്. കഴിഞ്ഞ ബഡ്ജറ്റിൽ ഇത് 75,000കോടിയായിരുന്നു. വികസനത്തിൽ സംസ്ഥാനങ്ങളുടെ പങ്കാളിത്തം ശക്തമാക്കാനാണ് കേന്ദ്രം പലിശരഹിത വായ്പ നൽകുന്നത്. 50വർഷമാണ് തിരിച്ചടവ് കാലാവധി. സാമ്പത്തിക ഞെരുക്കം കാരണം, സംസ്ഥാനവിഹിതം കേന്ദ്രം വായ്പയായി നൽകണമെന്നാണ് കേരളം ആവശ്യപ്പെട്ടത്.
ശബരിപാതയ്ക്ക് 3800.94കോടിയാണ് ചെലവ്. 1900.47കോടിയാണ് കേരളം മുടക്കേണ്ടത്. ഇതിൽ ഉറപ്പുകിട്ടാതെ പദ്ധതി പരിഗണിക്കില്ലെന്നാണ് റെയിൽവേ നിലപാട്. കേന്ദ്രം സംസ്ഥാനത്തിന്റെ വായ്പാപരിധി കുറച്ചതും കിഫ്ബിയിൽ സമാഹരിക്കുന്ന പണം സംസ്ഥാനത്തിന്റെ പൊതുകടത്തിൽ പെടുത്തുന്നതും ചൂണ്ടിക്കാട്ടി ധനവകുപ്പ് കൈമലർത്തി. ചീഫ്സെക്രട്ടറി ഡോ.വി.വേണുവിന്റെ നേതൃത്വത്തിൽ ധനസമാഹരണത്തിന് മറ്റുമാർഗ്ഗങ്ങൾ തേടുമ്പോഴാണ് പുതിയ സാദ്ധ്യത തെളിഞ്ഞത്.
27വർഷംമുൻപ് പ്രഖ്യാപിച്ച ശബരി പദ്ധതിയോട് കണ്ണടച്ചിരുന്ന റെയിൽവേ, തുറമുഖ കണക്ടിവിറ്റിയടക്കം പരിഗണിച്ചാണ് ഇപ്പോൾ അനുകൂലമായത്. എറണാകുളം,കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ മലയോര മേഖലകളുടെ വികസനത്തിന് ഇത് വഴിതുറക്കും. കേന്ദ്രത്തിന്റെ റെയിൽസാഗർ പദ്ധതിയിൽ ഇത് വിഴിഞ്ഞം തുറമുഖത്തേക്ക് നീട്ടാനുമിടയുണ്ട്. തുറമുഖത്തു നിന്നുള്ള കണ്ടെയ്‌നർനീക്കം റോഡുകൾക്ക് താങ്ങാനാവില്ല. അതിനാൽ ഈ റെയിൽപ്പാത അനിവാര്യവുമാണ്. ഇതെല്ലാം ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് അപേക്ഷിച്ചാൽ വായ്പ ലഭിച്ചേക്കും.
പിന്മാറ്റവും കടുംപിടിത്തവും
പകുതിചെലവ് വഹിക്കാമെന്ന് 2021ൽ സംസ്ഥാനം ഉത്തരവിറക്കി.അന്ന് ചെലവ് 2815കോടി.
എസ്റ്റിമേറ്റ് പുതുക്കിയപ്പോൾ 3811കോടിയായി. 36%വർദ്ധന. കാരണം കേന്ദ്ര അനാസ്ഥയെന്ന് സർക്കാർ.
2015ൽ പകുതി ചെലവ് വഹിക്കാമെന്ന് അറിയിച്ച സംസ്ഥാനം, 2018ൽ പിന്മാറി. അതോടെ റെയിൽവേയുടെ കടുംപിടുത്തം.
”വിഹിതം വായ്പയായി നൽകാൻ കേന്ദ്രം തീരുമാനിച്ചാൽ കേരളത്തിന് പൂർണസമ്മതമാണ് ”
വി.അബ്ദുറഹിമാൻ
റെയിൽവേ ചുമതലയുള്ള മന്ത്രി
Source link