KERALAMLATEST NEWS

ഉത്പാദന വർദ്ധനവിന് ഉന്നം, വരുമാന വർദ്ധനവിൽ മൗനം

കാർഷിക മേഖലയ്ക്ക് സവിശേഷ ഊന്നൽ നൽകുന്നതാണ് ഇത്തവണത്തെ ബഡ‌്ജറ്റ്. മേഖലയ്ക്കാകെ 1.52 ലക്ഷം കോടി രൂപ വകയിരുത്തിയിട്ടുള്ള ബഡ്ജറ്റിൽ കാർഷിക ഉത്പാദനത്തിലെ കുറവ്, വിപണന മാന്ദ്യം, തൊഴിലില്ലായ്മ എന്നിവ നേരിടാനുള്ള ക്രിയാത്മക ശ്രമങ്ങളുണ്ടെന്നു പറയാം. കൃഷി അഗ്രി ബിസിനസിലേക്കു മാറുമ്പോൾ ധനന്ത്രിയുടെ നിർദേശങ്ങൾക്ക് പ്രസക്തിയേറെയുണ്ട്.

കാർഷികോത്പാദനം, ഉല്പാദനക്ഷമത, കാലാവസ്ഥാ മാറ്റത്തെ അതിജീവിക്കാനുള്ള പദ്ധതികൾ, സാങ്കേതികവിദ്യാ പ്രോത്സാഹനം എന്നിവയ്ക്ക് പരിഗണന നല്കിയിരിക്കുന്നു. ഗ്രാമീണ മേഖലയുടെ വികസനത്തിലും കാർഷിക മേഖലയ്ക്ക് പ്രാധാന്യം നല്കിയിട്ടുണ്ട്. ആത്മനിർഭർ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി എണ്ണക്കുരുക്കൾ, ധാന്യങ്ങൾ, കടുക്, സോയാബീൻ തുടങ്ങിയവയുടെ ഉത്പാദനത്തിന് ഊന്നൽ നൽകിയിരിക്കുന്നു. പച്ചക്കറി ഉത്പാദനം, സപ്ലൈ ചെയിൻ, സംഭരണം, വിപണനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി കാർഷിക ഉത്പാദക സംഘടനകൾക്കും സ്റ്റാർട്ടപ്പുകൾക്കും മുൻഗണന നൽകിയത് പ്രയോജനം ചെയ്യും.

അത്യുത്പാദനശേഷിയും കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നവയുമായ 109 ഇനം വിളകളും മുപ്പത്തിരണ്ടോളം പഴവർഗങ്ങളും വികസിപ്പെടുക്കുമെന്ന പ്രഖ്യാപനം പുതുമയുള്ള കാര്യമാണ്. നാച്ചുറൽ ഫാമിംഗ്, പ്രകൃത്യാലുള്ള കൃഷിക്കുള്ള ബയോ ഇൻപുട്ടുകൾ എന്നിവ വികസിപ്പിക്കാനും നിർദേശങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. ചെമ്മീൻ ഉത്പാദനം, സംഭരണം, സംസ്‌കരണം, കയറ്റുമതി എന്നിവയ്ക്കായി നബാർഡുമായി സഹകരിച്ച് പ്രത്യേക പദ്ധതി നടപ്പിലാക്കുന്നത് പ്രതിസന്ധിയിലായ ചെമ്മീൻ കർഷകർക്ക് ആശ്വാസമാണ്.

കിസാൻ ക്രെഡിറ്റ് കാർഡുകൾ അഞ്ചു സംസ്ഥാനങ്ങളിലേക്കു വ്യാപിക്കുമെന്നതാണ് മറ്റൊരു പ്രഖ്യാപനം. ഗവേഷണം, ഇന്നൊവേഷൻ എന്നിവയ്ക്ക് മുന്തിയ പരിഗണനകളാണ് ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. എം.എസ്.എം.ഇയിൽ കാർഷിക സംസ്‌കരണം, വിപണനം, സംരംഭകത്വം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്ലൈമറ്റ് ഫിനാൻസ് ഒരു മുഖ്യ അജണ്ടയായി ബഡ്ജറ്റിൽ കണക്കാക്കിയിരിക്കുന്നതും നല്ല നിർദ്ദേശമാണ്.

കർഷക വരുമാനം ഇരട്ടിപ്പിക്കാനും, കിസാൻ സമ്മാൻ നിധി ഉയർത്താനുമുള്ള നിർദേശങ്ങൾ പ്രതീക്ഷിച്ചിരുന്നെങ്കിലും കാർഷിക മേഖലയിലെ പ്രശ്നങ്ങൾക്ക് സുസ്ഥിര പരിഹാരം ഉറപ്പു വരുത്തുന്ന, ചെറുകിട കർഷകരെ ലക്ഷ്യമിട്ടുള്ള പദ്ധതികൾ ബഡ്ജറ്റിൽ ഇടം നേടിയിട്ടില്ല. വിളകളുടെ താങ്ങുവില ഉയർത്തുന്ന കാര്യത്തിലും ധനമന്ത്രി തികഞ്ഞ മൗനം പാലിക്കുന്നു. ക്ഷീരവികസനം, കോഴിവളർത്തൽ, മൃഗസംരക്ഷണം എന്നിവയിൽ കൂടുതൽ തുക വകയിരുത്തുന്നത് കാർഷിക മേഖലയുടെ വളർച്ചയ്ക്ക് കരുത്തേകുമെന്നതിനാൽ അധിക വിഹിതം വകയിരുത്തേണ്ടതുണ്ട്.


Source link

Related Articles

Back to top button