ഏഷ്യ കപ്പിൽ ഇന്ത്യ സെമി ഫൈനലിൽ
ധാംബുള്ള: ഐസിസി വനിതാ ട്വന്റി-20 ക്രിക്കറ്റിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരത്തിലും ജയം സ്വന്തമാക്കി ഇന്ത്യ സെമിയിൽ. മൂന്നാം മത്സരത്തിൽ ഇന്ത്യ 82 റൺസിന് നേപ്പാളിനെ കീഴടക്കി. സ്കോർ: ഇന്ത്യ 178/3 (20) നേപ്പാൾ 96/9 (20) സീത റാണയാണ് (18) നേപ്പാളിന്റെ ടോപ് സ്കോറർ. ഇന്ത്യക്കു വേണ്ടി ദീപ്തി ശർമ മൂന്നു വിക്കറ്റ് വീഴ്ത്തി. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സ്മൃതി മന്ദാന ബാറ്റിംഗ് തെരഞ്ഞെടുത്തു. സ്ഥിരം ക്യാപ്റ്റനായ ഹർമൻപ്രീത് കൗറിനും ഓൾറൗണ്ടർ പൂജ വസ്ത്രാകറിനും വിശ്രമം അനുവദിച്ചാണ് ഇന്ത്യ ക്രീസിലെത്തിയത്. പകരം മലയാളി സ്പിൻ ഓൾറൗണ്ടർ എസ്. സഞ്ജനയും ഓൾറൗണ്ടർ അരുദ്ധതി റെഡിയും പ്ലേയിംഗ് ഇലവനിലെത്തി. ഓപ്പണർമാരായ ഷെഫാലി വർമയും ഡിലൻ ഹേമലതയും ചേർന്ന് 14 ഓവറിൽ 122 റണ്‍സ് അടിച്ചുകൂട്ടിയശേഷമാണ് പിരിഞ്ഞത്. 42 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും അടക്കം 47 റണ്‍സ് ഹേമലത സ്വന്തമാക്കി. 48 പന്തിൽ 12 ഫോറും ഒരു സിക്സും അടക്കം 81 റണ്‍സ് ഷെഫാലിയുടെ ബാറ്റിൽനിന്നു പിറന്നു. മൂന്നാം നന്പറായി എസ്. സഞ്ജന എത്തിയെങ്കിലും 12 പന്തിൽ 10 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. ജമീമ റോഡ്രിഗസ് (15 പന്തിൽ 28), റിച്ച ഘോഷ് (മൂന്നു പന്തിൽ ആറ്) എന്നിവർ പുറത്താകാതെനിന്നു. പാക് ജയം ഗ്രൂപ്പ് എയിൽ ഇന്നലെ നടന്ന ആദ്യമത്സരത്തിൽ പാക്കിസ്ഥാൻ 10 വിക്കറ്റിന് യുഎഇയെ തകർത്ത് സെമി ഫൈനൽ ടിക്കറ്റ് കരസ്ഥമാക്കി. ജയിച്ചാൽ സെമി ഉറപ്പിക്കാമെന്ന അവസ്ഥയിലാണ് പാക്കിസ്ഥാൻ ഇറങ്ങിയത്. മൂന്നു മത്സരങ്ങളിൽ രണ്ടു ജയത്തോടെ നാലു പോയിന്റാണ് പാക്കിസ്ഥാന്. യുഎഇ കളിച്ച മൂന്നു മത്സരത്തിലും പരാജയപ്പെട്ടു. സ്കോർ: യുഎഇ 103/8 (20). പാക്കിസ്ഥാൻ 107/0 (14.1). ടോസ് നേടിയ പാക്കിസ്ഥാൻ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണിംഗ് വിക്കറ്റിൽ യുഎഇ 6.5 ഓവറിൽ 29 റണ്‍സ് നേടി. എന്നാൽ, പിന്നീട് തകർന്നു. 36 പന്തിൽ 40 റണ്‍സ് നേടിയ തീർഥ സതീഷാണ് യുഎഇ ഇന്നിംഗ്സിലെ ടോപ് സ്കോറർ. ക്യാപ്റ്റൻ ഇഷ ഓസ 26 പന്തിൽ 16 റണ്‍സ് നേടി. പാക്കിസ്ഥാനുവേണ്ടി സാദിയ ഇഖ്ബാൽ, നഷ്ര സന്ധു, തുബ ഹസൻ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. 104 റണ്‍സ് എന്ന ചെറിയ ലക്ഷ്യത്തിനായി ക്രീസിലെത്തിയ പാക്കിസ്ഥാനുവേണ്ടി ഓപ്പണർമാരായ ഗുൽ ഫെറോസയും മുനീബ അലിയും തകർപ്പൻ പ്രകടനം കാഴ്ചവച്ചു. 14.1 ഓവറിൽ ഇവർ ടീമിനെ ലക്ഷ്യത്തിലെത്തിച്ചു. ഫെറോസ 55 പന്തിൽ എട്ട് ഫോറിന്റെ സഹായത്തോടെ 62 റണ്‍സുമായും മുനീബ 30 പന്തിൽ 37 റണ്‍സുമായും പുറത്താകാതെ നിന്നു.
Source link