2024 ഒളിന്പിക്സിലെ ഫുട്ബോൾ മത്സരങ്ങൾക്ക് ഇന്നു കിക്കോഫ്
പാരീസിൽനിന്ന് ആൽവിൻ ടോം കല്ലുപുര മുപ്പത്തിമൂന്നാം ഒളിന്പിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ചയാണെങ്കിലും ഇന്നു മുതൽ മത്സരങ്ങൾക്കു തുടക്കം. ഒളിന്പിക്സ് ഫുട്ബോൾ പോരാട്ടങ്ങൾക്ക് ഇന്നു കിക്കോഫ്. കാൽപ്പന്തുകളിയിലെ ഗ്ലാമർ ടീമായ അർജന്റീന ഇന്നു കളത്തിലുണ്ട്. മൊറോക്കോയാണ് അർജന്റീനയുടെ എതിരാളികൾ. ഹാവിയർ മഷറാനോയുടെ ശിക്ഷണത്തിലാണ് അർജന്റീന എത്തുന്നത്. ഒളിന്പിക്സ് പുരുഷ ഫുട്ബോളിൽ അണ്ടർ 23 കളിക്കാരെയാണ് ടീമുകൾ അണിനിരത്തുന്നതെന്നതും ശ്രദ്ധേയം. 2022 ഫിഫ ലോകകപ്പ് ജേതാവായ ജൂലിയൻ ആൽവരസ്, നിക്കോളാസ് ഒട്ടമെൻഡി എന്നിവർ അർജന്റൈൻ ടീമിനൊപ്പമുണ്ട്. സെന്റ് എറ്റിയനിലെ സ്റ്റേഡിയത്തിലാണ് അർജന്റീന x മൊറോക്കോ പോരാട്ടം. പാരീസ് സെന്റ് ജെർമയ്ന്റെ (പിഎസ്ജി) പാർക് ഡി പ്രിൻസ് സ്റ്റേഡിയത്തിൽ സ്പെയിനും ഉസ്ബക്കിസ്ഥാനും തമ്മിൽ ഏറ്റുമുട്ടും. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് മൂന്നു മുതലാണ് മത്സരങ്ങൾ. ഫുട്ബോളിനൊപ്പം ഹാൻഡ്ബാൾ, റഗ്ബി, അന്പെയ്ത്ത് മത്സരങ്ങളും ഇന്നു മുതൽ തുടങ്ങും. ചുരുക്കത്തിൽ പാരീസ് ഒളിന്പിക് മൂഡിലേക്ക് മാറി. അതീവ സുരക്ഷ ഒളിന്പിക ഉദ്ഘാടനം വെള്ളിയാഴ്ച നടക്കുന്ന സാഹചര്യത്തിൽ പാരീസിൽ സുരക്ഷ വർധിപ്പിച്ചു. ലോക്ക്ഡൗണിനു സമാനായ പ്രതീതിയാണ് ഒളിന്പിക്വേദികളുടെ പരിസരങ്ങളിലും സെയ്ൻ നദിക്കരയിലും. റെഡ് സോണ്‍, ഗ്രേ സോണ്‍, ബ്ലൂ സോണ്‍ എന്നിങ്ങനെ തിരിച്ചാണ് വാഹങ്ങൾക്കും കാൽനടയാത്രക്കാർക്കും നിയന്ത്രണങ്ങൾ. ഗ്രേ സോണിൽ സർക്കാർ നൽകുന്ന ക്യുആർ കോഡ് പാസ് ഉണ്ടെങ്കിലേ പ്രവേശനമുള്ളൂ. തീവ്രവാദി അക്രമണ സാധ്യത കണക്കിലെടുത്തു പാരീസിന്റെ 150 കിലോമീറ്റർ ചുറ്റളവിലെ എയർ സ്പേസിൽ വെള്ളിയാഴ്്ച വൈകുന്നേരം എഴു മുതൽ അർധരാത്രി വരെ വിമാനങ്ങൾക്കു നിരോധനം ഏർപ്പെടുത്തി. ഫ്രഞ്ച് എയർ ഫോഴ്സിന്റെ അനുമതിയോടെ മാത്രമേ ഈ സമയത്ത് പാരീസിന്റെ ആകാശത്തിലൂടെ പറക്കാനാകൂ. ഇതോടെ പാരീസിലേക്കുള്ള വിമാന സർവീസുകൾ പലതും റദ്ദാക്കി. പാരീസ് അതിർത്തിക്കുള്ളിൽ സെയ്ൻ നദിയിലൂടെയുള്ള ഗതാഗതവും നിർത്തി. സെയ്ൻ നദിയിലൂടെ നടക്കുന്ന ബാർജുകൾ വഴിയുള്ള ചരക്ക് ഗതാഗതത്തെ ഇതു സാരമായി ബാധിച്ചു. സെയ്ൻ നദിയിലെ സുരക്ഷക്കായി ഫ്രഞ്ച് പോലീസും പട്ടാളവും സദാസമയവും പട്രോളിംഗുമായി നിലയുറപ്പിച്ചിട്ടുണ്ട്.
Source link