‘മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടി മാത്രം ധരിച്ച ആ ഷർട്ടുകൾ’
പ്രശസ്‌ത നിർമാതാവും നടനുമായ അരുൺ നാരായണൻ എന്റെ ഏറ്റവും അടുത്ത ചങ്ങാതിമാരിൽ ഒരാളാണ്. അദ്ദേഹം നിർമിച്ച തലവൻ സിനിമയുടെ 65ാം ആഘോഷദിനമായ, തലവൻ 2 ഔദ്യോഗികമായി പ്രഖ്യാപിച്ച ഇന്നലെ ഞങ്ങൾ സംസാരിക്കുന്നിതിനിടയിൽ അരുൺ രണ്ട് ഇതിഹാസ കലാകാരന്മാരെക്കുറിച്ച് വാചാലാനായി, പിന്നെ മെല്ലെ പറഞ്ഞു, ‘‘ജോളിച്ചായാ പഠിക്കാനേറെയുണ്ട് അവരിൽ നിന്നും’’
ആദ്യം മമ്മൂക്ക: ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലെത്തി മമ്മൂക്കയെ കണ്ട് ഒരു പ്രോജക്ടിന്റെ കാര്യങ്ങൾ സംസാരിക്കാനായി ചെന്ന അരുണിനോട് അവന്റെ തലവൻ എന്ന പുതിയ സിനിമയെ ഇഷ്ടപ്പെട്ടു എന്ന കാര്യം അറിയിച്ചു. ചിത്രത്തിലെ കഥാപാത്രത്തിന്റെ വേഷത്തിലായിരുന്ന മമ്മൂക്കയുടെ കൂടെ ഒരു ഫോട്ടോ എടുക്കാൻ ബഹുമാനത്തോടെ ആദരവോടെ അരുൺ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ കഥാപാത്രത്തിന്റെ ഷർട്ട് മാറ്റാനായി ജോർജേട്ടനെ വിളിച്ചു. ഒരു വൈറ്റ് ഷർട്ട് എടുക്കാൻ പറഞ്ഞു . ഒരു പ്രത്യേക രോഗാവസ്ഥ കൊണ്ട് ശരീരം തളർന്നിരിക്കുന്ന ജസ്ഫീർ കോട്ടക്കുന്ന് എന്ന വ്യക്തി, ചുണ്ടുകൾക്കിടയിൽ ബ്രഷ് വെച്ച് പെയിന്റ് ചെയ്ത് ഡിസൈൻ ചെയ്ത ഷർട്ട് ആണെന്നും തനിക്ക് ഈ സമ്മാനം വളരെ വിലപിടിച്ചതാണെന്നും ഇത്തരം ഷർട്ടുകൾ പോപ്പുലർ ആകട്ടേയെന്നും മമ്മുക്ക പറഞ്ഞു. ശാരീരിക ബുദ്ധിമുട്ടനഭവിക്കുന്ന ഒരു കലാകാരനെ അന്നേരം ഓർത്തെടുത്ത് വിവരിക്കുമ്പോൾ മമ്മൂക്കയുടെ മുഖം ദൈവതേജസ്സിനാൽ തിളങ്ങിയെന്ന് അരുണിന്റെ സാക്ഷ്യം.
ഇനി ലാലേട്ടൻ: ഇട്ടിമാണി എന്ന സിനിമയുടെ ലൊക്കേഷനിൽ ഉണ്ടായിരുന്ന ലാലേട്ടനെ കണ്ടപ്പോൾ ഒരു കൊച്ചുകുട്ടിയുടെ പിറന്നാൾ സമ്മാനമായി അരുൺ ബർത്‌ഡേ വിഷ് വിഡിയോ ചോദിച്ചിരുന്നു. കഥാപാത്രത്തിന്റെ നേര്യ വെള്ള ഷർട്ടിൽ ഉണ്ടായിരുന്ന ലാലേട്ടൻ ഉടനെ കാരവനിലേക്കു പോയി, ചുവന്ന പൂക്കളുള്ള ഷർട്ട് ധരിച്ച് അരുണിനോട് പറഞ്ഞു ‘‘മോനെ, കുട്ടിയല്ലേ, കൊച്ചു കുട്ടിയല്ലേ. അപ്പൊ നമ്മുടെ ആ കുട്ടിക്ക് വിഡിയോ കാണുമ്പോൾ പ്ലെസന്റായി തോന്നണ്ടേ.’’ വിഡിയോ കണ്ട കുഞ്ഞിന്റെ സന്തോഷം ആർക്കും ഊഹിക്കാവുന്നതിലേറെയായിരുന്നു. അരുൺ സാക്ഷ്യപ്പെടുത്തുന്നു.
നാല് പതിറ്റാണ്ടുകൾക്ക് മേലെയായി രണ്ടുപേരും ഇതിഹാസ താരങ്ങൾ ആയി നിലനിൽക്കുന്നത് അവർ ഗംഭീര നടന്മാർ ആയതുകൊണ്ട് മാത്രമല്ല. വലുത് മാത്രമല്ല ചെറിയ കാര്യങ്ങളിലൂടെയും മനുഷ്യമനസ്സുകളെ സന്തോഷപ്പെടുത്താനുള്ള മനോഭാവവും മനുഷ്യത്വവും കരുതലും കൂടി ഉള്ളത് കൊണ്ടാണ്. എത്രയെത്രെ ഹൃദയങ്ങളെയാണവർ ഒരു ചിരിയിലൂടെ, കൊച്ചു പ്രവർത്തികളിലൂടെ തൊടുന്നത് , ആഹ്ലാദിപ്പിക്കുന്നത്. അവർ രണ്ടുപേരും മറ്റുള്ളവരുടെ സന്തോഷത്തിന് വേണ്ടി മാത്രം ഷർട്ടുകൾ ധരിച്ച പടങ്ങളാണ് പോസ്റ്റിൽ. സിനിമാ അഭിനയ തൊഴിലാളികളായ ഇന്നലെ മുളച്ച ചില തകര താരങ്ങളും അഭിനവ പ്രശസ്തരും ഇവരിൽ നിന്നും ഒരുപാട് കണ്ടുപഠിക്കട്ടെ. നന്മയോടെ കരുതലോടെ മനുഷ്യത്വത്തോടെ പ്രവർത്തിക്കാൻ പരിശ്രമിക്കട്ടെ.
English Summary:
Joly Joseph about malayalam superstars
Source link