ധാംബുള്ള: ക്യാപ്റ്റൻ ചാമരി അട്ടപ്പട്ടു റിക്കാർഡ് കുറിച്ച ഇന്നിംഗ്സുമായി മുന്നിൽനിന്നു പടനയിച്ചപ്പോൾ ഏഷ്യ കപ്പ് വനിതാ ട്വന്റി-20 ക്രിക്കറ്റിൽ ആതിഥേയരായ ശ്രീലങ്കയ്ക്കു ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടാം ജയം. ഗ്രൂപ്പ് ബിയിൽ ലങ്ക 144 റണ്‍സിന് മലേഷ്യയെ തകർത്തു. 69 പന്തിൽ 14 ഫോറും ഏഴ് സിക്സും അടക്കം 119 റണ്‍സുമായി പുറത്താകാതെ നിന്ന ചാമരി അട്ടപ്പട്ടുവാണ് പ്ലെയർ ഓഫ് ദ മാച്ച്. സ്കോർ: ശ്രീലങ്ക 184/4 (20). മലേഷ്യ 40 (19.5). ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യവിക്കറ്റ് സ്കോർബോർഡിൽ അഞ്ചു റണ്‍സുള്ളപ്പോൾ നഷ്ടപ്പെട്ടെങ്കിലും ലങ്ക തളർന്നില്ല. ചാമരി അട്ടപ്പട്ടുവിനൊപ്പം ഹർഷിത സമരവിക്രമ (26), അനുഷ്ക സഞ്ജീവനി (31) എന്നിവരും തിളങ്ങി. 10 റണ്‍സ് നേടിയ എൽസ ഹണ്ടറാണ് മലേഷ്യയുടെ ടോപ് സ്കോറർ. ലങ്കയ്ക്കുവേണ്ടി ശശിനി ഗിംഹാനി മൂന്നും കവിഷ ദിൽഹരി, കാവ്യ കവിന്ധി എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. വനിതാ ട്വന്റി-20യിൽ ഒരു ഇന്നിംഗ്സിൽ ബൗണ്ടറികളിലൂടെ ഏറ്റവും കൂടുതൽ റണ്‍സ് നേടുന്ന റിക്കാർഡും (98) ചാമരി ഇതോടെ കുറിച്ചു. ചാമരിയുടെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണിത്. പ്ലെയർ ഓഫ് ദ മാച്ചും ചാമരിയാണ്.
Source link