മന്ത്രിയും എം.എൽ.എയും ഇടപെട്ടു, കുടുംബത്തിന്റെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു
വർക്കല: അയിരൂരിൽ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച് കുടുംബത്തെ ഇരുട്ടിലാക്കിയ സംഭവത്തിൽ വൈദ്യുതി മന്ത്രി കെ.കൃഷ്ണകുട്ടിയുടെയും എം.എൽ.എ വി.ജോയിയുടെയും അടിയന്തര ഇടപെടലിനെ തുടർന്ന് ഞായറാഴ്ച രാത്രി 11 ഓടെ കെടാകുളം കെ.എസ്.ഇ.ബി ഓഫീസിലെ ജീവനക്കാരെത്തി കണക്ഷൻ പുനഃസ്ഥാപിച്ചു. ശനിയാഴ്ച രാത്രി വീട്ടിലെ മീറ്റർ തീപിടിച്ചതിനെ തുടർന്ന് പരിശോധിക്കാനെത്തിയ കെ.എസ്.ഇ.ബി ജീവനക്കാർക്കെതിരെ അയിരൂർ സ്വദേശി പറമ്പിൽ രാജീവ് പൊലീസിൽ പരാതി നൽകിയതോടെയാണ് വൈദ്യുതി കണക്ഷൻ കട്ട് ചെയ്തത്.
എന്നാൽ, കെ.എസ്.ഇ.ബി ജീവനക്കാർ മനഃപൂർവം വൈദ്യുതി കട്ടാക്കിയെന്ന ആരോപണം വസ്തുതാവിരുദ്ധമാണെന്ന് കെ.എസ്.ഇ.ബി വാർത്താക്കുറിപ്പിൽ അറിയിച്ചു. മീറ്റർ കത്തിപ്പോയെന്ന പരാതി അന്വേഷിക്കാനാണ് ജീവനക്കാരെത്തിയത്. വീട്ടിലെ വയറിംഗ് ശരിയാക്കിയെന്നറിയിച്ചാൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുമെന്നാണ് വീട്ടുകാരെ അറിയിച്ചത്. സുരക്ഷാ മുൻകരുതലായിരുന്നു അത്. എന്നാൽ കെ.എസ്.ഇ.ബി ജീവനക്കാർ മദ്യപിച്ച് വീട്ടിലെത്തിയെന്ന വ്യാജപരാതിയാണ് വീട്ടുകാർ ഉന്നയിച്ചത്. ജീവനക്കാർ മദ്യപിച്ചല്ല വീട്ടിലെത്തിയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വസ്തുത ഇതായിരിക്കെ ജീവനക്കാർക്കെതിരെ വ്യാജപ്രചാരണം നടത്തുന്നത് നിയമവിരുദ്ധമാണ്. വി.ജോയി എം.എൽ.എ ഇടപെട്ട് പരാതി ഉന്നയിച്ച വീട്ടിലെ വൈദ്യുതി വയറിംഗ് ശരിയാക്കിയെന്ന് അറിയിച്ച മുറയ്ക്ക് വൈദ്യുതി പുനഃസ്ഥാപിക്കുകയായിരുന്നെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കി. അതേസമയം, ജോലി തടസപ്പെടുത്തിയെന്നും രാജീവ് അസഭ്യം വിളിച്ചെന്നും ആരോപിച്ച് കെ.എസ്.ഇ.ബി നൽകിയ പരാതിയിലും അയിരൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.
Source link