അങ്കോള ദുരന്തം, രഞ്ജിത്തിന്റെ സംഘം മടങ്ങണമെന്ന് കർണാടക
അങ്കോള (ഉത്തര കർണ്ണാടക): മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുനെയും ലോറിയെയും കണ്ടെത്താൻ തിരുവനന്തപുരം വിതുരയിൽ നിന്നെത്തിയ രഞ്ജിത്ത് ഇസ്രയേലും സംഘവും മടങ്ങണമെന്ന് കർണാടക പൊലീസ് നിർദ്ദേശിച്ചു. കര-നാവികസേനകൾ സംയുക്തമായി തെരച്ചിൽ നടത്തുന്നിടത്ത് നിങ്ങളുടെ ആവശ്യമില്ലെന്ന് പറഞ്ഞ് രഞ്ജിത്തിനെ തള്ളി മാറ്റാൻ പൊലീസ് ശ്രമിച്ചെന്ന് ലോറി ഉടമ മനാഫ് പറഞ്ഞു.
ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഝാർഖണ്ഡിലടക്കം സന്നദ്ധപ്രവർത്തനം നടത്തി പരിചയമുള്ള രഞ്ജിത്ത് സ്വന്തം ചെലവിലാണ് ഷിരൂരിലെത്തിയത്. അഞ്ചാം ദിവസം വൈകിട്ടെത്തിയ രഞ്ജിത്ത് ചീഫ് സെക്രട്ടറി, ഐ.ജി എന്നിവരുമായി ചർച്ച നടത്തിയിരുന്നു. തുടർന്ന് ഞായറാഴ്ച രാവിലെ മുതൽ മണ്ണ് മാറ്റാനുമിറങ്ങി. എന്നാൽ, സൈന്യമെത്തിയതോടെ മലയാളികളെല്ലാവരും മാറണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ ലോറി ഡ്രൈവർമാർ അടക്കമുള്ളവരെ പൊലീസ് പുറത്താക്കി. അതേസമയം പ്രശ്നം താത്കാലികമായി പരിഹരിച്ചെണ് രഞ്ജിത്ത് പിന്നീട് പ്രതികരിച്ചു.
മണ്ണിടിച്ചിലിനെ തുടർന്നടച്ച കൊച്ചി-മംഗളൂരു-പനവേൽ ദേശീയപാത ഇന്നലെ തുറന്നു. സൈന്യത്തിന്റെ സഹായത്തോടെ മണ്ണ് നീക്കിയതിനെ തുടർന്നാണ് വാഹനങ്ങൾ കടത്തിവിട്ടത്. 16ന് രാവിലെ 8.45 ന് ദുരന്തമുണ്ടായത് മുതൽ പാത അടച്ചിട്ടിരുന്നു.
കോഴിക്കോട്ടെ ദൗത്യസംഘത്തിനും അനുമതിയില്ല
കോഴിക്കോട്ടെ മുക്കം, കൂരാച്ചുണ്ട്, ബാലുശ്ശേരി എന്നിവിടങ്ങളിൽ നിന്ന് ഷിരൂരിലെത്തിയ 50 അംഗ സന്നദ്ധ പ്രവർത്തകർക്ക് കർണാടക പൊലീസും പ്രാദേശിക ഭരണകൂടവും തെരച്ചിലിന് അനുമതി നൽകിയില്ല. മുക്കത്ത് നിന്ന് 18 അംഗ സംഘമാണ് ബസ് പിടിച്ച് ഷിരൂരിലെത്തിയത്. കൂലിപ്പണിക്കാരായ ഇവർ ജോലി പോലും ഉപേക്ഷിച്ചാണെത്തിയത്. പുഴയിലെ തെരച്ചിലിനായി ബോട്ട്, ഓക്സിജൻ കിറ്റ്, ഭക്ഷണം എന്നിവയടക്കം കരുതിയിരുന്നു. അനുമതിയില്ലാതെ ബോട്ട് പുഴയിൽ ഇറക്കാൻ കഴിയില്ലെന്നായിരുന്നു കർണാടക അധികൃതർ ഇവരെ അറിയിച്ചത്.
ഷിരൂരിലെ രക്ഷാപ്രവർത്തനം:
കർണാടക ഹൈക്കോടതിയെ സമീപിക്കാം
ഇടപെടാതെ സുപ്രീംകോടതി
ന്യൂഡൽഹി: ഷിരൂരിലെ മണ്ണിടിച്ചിലിൽ മലയാളിയായ അർജുനുൾപ്പെടെയുള്ളവരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കണമെന്ന റിട്ട് ഹർജിയിൽ സുപ്രീംകോടതി ഇടപെട്ടില്ല. കർണാടക ഹൈക്കോടതിയെ സമീപിക്കാൻ ഹർജിക്കാരനായ അഡ്വ. കെ.ആർ. സുഭാഷ് ചന്ദ്രന് നിർദ്ദേശം നൽകി. ഹർജി ഫയൽ ചെയ്ത ശേഷം ഹൈക്കോടതി ചീഫ് ജസ്റ്റിസിന് മുന്നിൽ വിഷയമുന്നയിക്കണം. ചീഫ് ജസ്റ്റിസ് അടിയന്തരസ്വഭാവത്തോടെ അക്കാര്യത്തിൽ തീരുമാനമെടുക്കണം. പിന്നാലെ ഹർജിക്കാരൻ കർണാടക ഹൈക്കോടതിയെ സമീപിച്ച് അടിയന്തിരമായി വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടു.
അടിയന്തര പ്രാധാന്യമുള്ളതാണെങ്കിലും, കർണാടക ഹൈക്കോടതി പരിഗണിക്കേണ്ട വിഷയമാണിതെന്ന് സുപ്രീംകോടതി നിലപാടെടുത്തു. ബംഗളൂരുവിൽ നിന്ന് ഡൽഹിക്ക് വരുന്നതിനേക്കാൾ നല്ലത് അവിടെ ഹർജി നൽകുന്നതാണ്. അർജുനുൾപ്പെടെ കണ്ടെത്തിയില്ലെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ അറിയിച്ചെങ്കിലും ജസ്റ്റിസുമാരായ വിക്രംനാഥ്, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് വഴങ്ങിയില്ല. കരസേനയടക്കം രക്ഷാപ്രവർത്തനത്തിന് നിയോഗിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
Source link