കോട്ടയം: ഇന്ത്യന്‍ ഹോക്കിയിലെ എക്കാലത്തെയും മികച്ച ഗോൾകീപ്പറായ മലയാളി താരം പി.ആര്. ശ്രീജേഷ് പാരീസ് ഒളിമ്പിക്സിനുശേഷം കളിക്കളത്തില്‍നിന്നു വിരമിക്കുന്നു. പതിനെട്ടു വര്‍ഷം നീണ്ട കരിയറില്‍ ഒട്ടേറെ അഭിമാനമുഹൂർത്തങ്ങൾ രാജ്യത്തിനു സമ്മാനിച്ചാണു ശ്രീജേഷിന്റെ പടിയിറക്കം. മൂന്ന് ഒളിമ്പിക്സുകളിലുള്പ്പെടെ 328 രാജ്യാന്തര മത്സരങ്ങളില്‍ ഇന്ത്യന്‍ ഗോള്‍വലയ്ക്കു മുന്നില്‍ വന്മതിൽ പോലെ അജയ്യനായി തുടർന്ന ശ്രീജേഷ് ഹോക്കി ലോകകപ്പ്, കോമൺവെൽത്ത് ഗെയിംസ് എന്നിവയിലും ഇന്ത്യയെ വിജയതീരത്തേക്കു നയിച്ച താരമാണ്. ലോകത്തിലെ ഏറ്റവും മികച്ച ഹോക്കി ഗോൾകീപ്പർക്കുള്ള പുരസ്കാരം സ്വന്തമാക്കിയ ശ്രീജേഷിന് ഇന്ത്യൻ ഹോക്കിക്കു നല്കിയ സംഭാവനകൾ പരിഗണിച്ച് 2017ൽ പദ്മശ്രീയും 2021ൽ ഖേൽരത്നയും നല്കി രാജ്യം ആദരിച്ചു. 2011ലെ പ്രഥമ ഏഷ്യൻ ചാന്പ്യൻസ് ട്രോഫിയിലൂടെയാണു ശ്രീജേഷിന്റെ രാജ്യാന്തര കരിയറിനു തുടക്കമാകുന്നത്. പിന്നാലെ മിന്നുന്ന പ്രകടനങ്ങളിലൂടെ ദേശീയ ടീമിലെ അവിഭാജ്യ ഘടകമായി ശ്രീജേഷ് മാറുകയായിരുന്നു. ഇതുവരെയുള്ള യാത്ര അഭിമാനകരമായിരുന്നുവെന്ന് വിരമിക്കൽ പ്രഖ്യാപനത്തിൽ ശ്രീജേഷ് പറഞ്ഞു. കുടുംബാംഗങ്ങളുടെയും സഹകളിക്കാരുടെയും പരിശീലകരുടെയും ഹോക്കി ഇന്ത്യയുടെയും ലക്ഷണക്കിന് ആരാധകരുടെയും പിന്തുണയാണു വിജയത്തിനു പിന്നിൽ. ഇത്തവണ ഒളിന്പിക്സ് മെഡലിന്റെ നിറം മാറ്റുകയാണു സ്വപ്നമെന്ന് 2020ലെ ടോക്കിയോ ഒളിന്പിക്സിലെ വെങ്കലമെഡലിനെ പരാമർശിച്ച് താരം പറഞ്ഞു. സ്വിറ്റ്സർലൻഡിലെ പരിശീലനത്തിനുശേഷം പാരീസിലെത്തിയ ഹോക്കി ടീമിന്റെ ത്രസിപ്പിക്കുന്ന പ്രകടനങ്ങൾക്കായി രാജ്യവും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
Source link