KERALAMLATEST NEWS

ജാതിയും മതവും തിരിച്ചുള്ള രാഷ്ട്രീയം അപകടം: വെങ്കയ്യ നായിഡു

തിരുവനന്തപുരം: ജാതിയും മതവും തിരിച്ചുള്ള രാഷ്ട്രീയ പ്രവർത്തനം സമൂഹത്തിനും രാജ്യത്തിനും ആപത്താണെന്ന് മുൻ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു പറഞ്ഞു. എല്ലാ ജാതിയും മതവും തുല്യമാണെന്ന് നാം തിരിച്ചറിയണം. അതിനുവേണ്ടിയാണ് ചട്ടമ്പി സ്വാമികളും ശ്രീനാരായണ ഗുരുവും അടക്കമുള്ള സാമൂഹ്യ പരിഷ്കർത്താക്കൾ പ്രവർത്തിച്ചതെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. ശ്രീ ചട്ടമ്പിസ്വാമി സാംസ്കാരിക സമിതി ഏർപ്പെടുത്തിയ ചട്ടമ്പിസ്വാമി സ്മൃതിപൂജാവർഷ പുരസ്കാരം ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ളയ്ക്ക് സമർപ്പിക്കുകയായിരുന്നു അദ്ദേഹം.

ഇംഗ്ലീഷ് ഭാഷ സംസാരിച്ചാൽ മാത്രമേ ഉയരങ്ങളിലെത്താനാകൂ എന്നത് ശരിയല്ല. മാതൃഭാഷ മഹത്തരമാണ്. അതിലൂടെ മാത്രമേ ബൗദ്ധിക വിജ്ഞാനം വികസിക്കുകയുള്ളൂ. രാഷ്ട്രപതിയും പ്രധാനമന്ത്രിയും മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസും അടക്കമുള്ളവർ ഗ്രാമങ്ങളിലെ സ്കൂളുകളിൽ മാതൃഭാഷയിൽ പഠിച്ചവരാണ്. വിദേശരാജ്യങ്ങളിലെ തലവന്മാരിൽ മിക്കവരും എവിടെ പോയാലും അവരുടെ മാതൃഭാഷയിലേ സംസാരിക്കുകയുള്ളൂ.

ഹോട്ടൽ സൗത്ത് പാർക്കിൽ നടന്ന ചടങ്ങിൽ ശ്രീചട്ടമ്പിസ്വാമി സാംസ്‌കാരിക സമിതി പ്രസിഡന്റ് ഡോ. ജി. രാജ്‌മോഹൻ അദ്ധ്യക്ഷത വഹിച്ചു. തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീബായി ഭദ്രദീപം തെളിച്ചു. രമേശ് ചെന്നിത്തല, കുമ്മനം രാജശേഖരൻ, പന്ന്യൻ രവീന്ദ്രൻ, കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, ജോർജ്ജ് ഓണക്കൂർ, മുക്കംപാലമൂട് രാധാകൃഷ്ണൻ, റാണി മോഹൻദാസ്, ഡോ. ശ്രീവത്സൻ നമ്പൂതിരി, മണക്കാട് രാമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.


Source link

Related Articles

Back to top button