ന്യൂഡൽഹി: വിവാദത്തിലായ നീറ്റ് റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലുള്ള പ്രവേശന നടപടികളുടെ ഷെഡ്യൂൾ മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റി ഇന്നലെ വിജ്ഞാനം ചെയ്യാതെ മൗനം പാലിച്ചതോടെ റാങ്ക് ലിസ്റ്റിൽ മികച്ച സ്ഥാനം ലഭിച്ച ആയിരക്കണക്കിന് വിദ്യാർത്ഥികൾ ആശങ്കയിലായി.
പ്രവേശന പരീക്ഷ വീണ്ടും നടത്തണമെന്നും അങ്ങനെ ചെയ്യരുതെന്നും ആവശ്യപ്പെടുന്ന നിരവധി ഹർജികൾ നാളെ സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പരിഗണിക്കുകയാണ്. കോടതി എന്തു പറയുമെന്ന ആശങ്കയിലാണ് എല്ലാവരും.
ഇന്നലെ കൗൺസലിംഗ് പ്രക്രിയ ആരംഭിക്കുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി സുപ്രീം കോടതിയെ അറിയിച്ചിരുന്നതാണ്. അതേസമയം, കൗൺസലിംഗ് മാറ്റിയെന്ന വാർത്തകൾ കേന്ദ്ര ആരോഗ്യമന്ത്രാലയം നിഷേധിച്ചു. ജൂലായ് മൂന്നാം വാരം നടത്തുമെന്ന് ഇന്നലെ വൈകി പത്രക്കുറിപ്പിറക്കി.
ഈ വിജ്ഞാപനം വരുന്നതോടെ, കോളേജുകളുടെ ഓപ്ഷൻ നടപടികളിലേക്ക് വിദ്യാർത്ഥികളും അഡ്മിഷൻ നടപടികളിലേക്ക് കോളേജുകളും കടക്കേണ്ടതായിരുന്നു. കൗൺസലിംഗ് മാറ്റിവയ്‌ക്കണമെന്ന അപേക്ഷ സുപ്രീംകോടതിയിലെ അവധിക്കാല ബെഞ്ച് നേരത്തെ തള്ളിയിരുന്നു. പരീക്ഷ റദ്ദാക്കി വീണ്ടും നടത്തുന്നത് യുക്തിയല്ലെന്നും ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ ബാധിക്കുമെന്നുമാണ് എൻ.ടി.എയും കേന്ദ്രവും കോടതിയിൽ നിലപാട് എടുത്തത്.
കൗൺസലിംഗ് ജൂലായ്
മൂന്നാംവാരം: കേന്ദ്രം
നീറ്റ് യു.ജി കൗൺസലിംഗിനുള്ള വിജ്ഞാപനം മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റി പുറത്തിറക്കാൻ വൈകയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു. നാഷണൽ മെഡിക്കൽ കമ്മിഷൻ വിവിധ മാനദണ്ഡങ്ങൾ പാലിച്ച് സീറ്റുകൾ ക്രമീകരിച്ച് കൗൺസലിംഗ് കമ്മിറ്റിക്ക് നൽകുന്നതോടെയാണ് നടപടികളിലേക്ക് കടക്കുന്നത്. ഇക്കുറി ജൂലായ് മൂന്നാം വാരത്തോടെ നീറ്റ് യു.ജിയുടെയും ആഗസ്റ്റ് മദ്ധ്യത്തോടെ നീറ്റ് പി.ജിയുടെയും കൗൺസലിംഗിലേക്ക് കടക്കും. 2021ലെ കൗൺസലിംഗ് തുടങ്ങിയത് 2022 ജനു.19നാണ്. 2022ലേത് ഒക്ടോ.11നാണ്.2023ൽ ജൂലായ് 20നാണെന്നും ചൂണ്ടിക്കാട്ടി.
ഉന്നത ഉദ്യോഗസ്ഥരുടെ
പങ്കിലേക്ക് സി.ബി.ഐ
നീറ്റ്-യുജി ചോദ്യപേപ്പർ ചോർത്തിയ റാക്കറ്റിൽ ഉന്നതരായ ചില സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെട്ടതായാണ് സി.ബി.ഐക്ക് ലഭിച്ച സൂചന. വർഷങ്ങളായി എല്ലാ മത്സരപരീക്ഷകളുടെയും ചോദ്യപേപ്പറുകൾ ഇവർ ചോർത്തുന്നുണ്ടെന്നും കരുതുന്നു. ജാർഖണ്ഡിലെ ഹസാരിബാഗിൽ അറസ്റ്റിലായ സ്‌കൂൾ പ്രിൻസിപ്പൽ ഇസാനുൽ ഹഖ് , വൈസ് പ്രിൻസിപ്പൽ ഇംതിയാസ് ആലം, മാദ്ധ്യമ പ്രവർത്തകൻ എന്നിവരിൽ നിന്നാണ് ഈ സൂചനകൾ ലഭിച്ചത്. ഫോൺ വിളികൾ പരിശോധിച്ചു വരികയാണ്. മറ്റ് മത്സര പരീക്ഷകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചതായി സി.ബി.ഐ വൃത്തങ്ങൾ പറഞ്ഞു.
Source link