കർക്കശ നിലപാടിൽ സുപ്രീംകോടതി: ചാേർച്ച വ്യാപകമെങ്കിൽ നീറ്റ് പുനഃപരീക്ഷ
കേന്ദ്രത്തോടും എൻ.ടി.എയോടും
കോടതിയുടെ 10 ചോദ്യങ്ങൾ
#ഇവയ്ക്കുള്ള മറുപടികൾ
നിർണായകം
ന്യൂഡൽഹി: നീറ്റ് യു.ജി പരീക്ഷയിൽ വ്യാപകമായി ക്രമക്കേട് നടന്നെങ്കിൽ, അവസാന പോംവഴിയെന്ന നിലയിൽ പുനഃപരീക്ഷ നടത്തേണ്ടിവരുമെന്ന മുന്നറിയിപ്പുമായി സുപ്രീം കോടതി.ക്രമക്കേട് പരിമിതമാണെങ്കിൽ അതിലേക്ക് കടക്കേണ്ടിവരില്ലെന്ന സൂചനയും കോടതി നൽകി. രണ്ടിൽ ഏതാണ് സംഭവിച്ചതെന്ന് കോടതിക്ക് ഉത്തമബോധ്യം വരുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും തീർപ്പ്.
ഇതിനായി കേന്ദ്രസർക്കാരിനോടും ദേശീയ ടെസ്റ്റിംഗ് ഏജൻസിയോടും (എൻ.ടി.എ) സുപ്രീംകോടതി സുപ്രധാന ചോദ്യങ്ങൾ ഉന്നയിച്ചു. ഇതിനു ലഭിക്കുന്ന മറുപടികൾ വിലയിരുത്തിയശേഷം പുനഃപരീക്ഷയിൽ കോടതി തീരുമാനമെടുക്കും. നീറ്റ് യു.ജി കൗൺസലിംഗിന്റെ തൽസ്ഥതിയും അറിയിക്കണം. അന്വേഷണത്തിന്റെ തൽസ്ഥതി റിപ്പോർട്ട് സി.ബി.ഐ നാളെ സമർപ്പിക്കണം. ഹർജികൾ വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
പരീക്ഷയുടെ പവിത്രതയെ ബാധിച്ചുവെന്നത് തർക്കമില്ലാത്ത കാര്യമാണ്. എന്നാൽ, പുനഃപരീക്ഷയ്‌ക്ക് ഉത്തരവിടാൻ മാത്രം വലിയതോതിൽ ചോർച്ചയുണ്ടായോ, ഒറ്റപ്പെട്ടതാണോ എന്ന് വിലയിരുത്തണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് നിലപാടെടുത്തു. വിദ്യാർത്ഥികൾ ഉൾപ്പെടെ സമർപ്പിച്ച ഒരുകൂട്ടം പൊതുതാത്പര്യഹർജികൾ പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവർ കൂടി അടങ്ങിയ മൂന്നംഗ ബെഞ്ച്.
23 ലക്ഷത്തിൽപ്പരം വിദ്യാർത്ഥികളുടെ ജീവിതത്തെയും ഭാവിയെയും ബാധിക്കുന്ന വിഷയമാണ് തങ്ങൾ കൈകാര്യം ചെയ്യുന്നത്. നെല്ലും പതിരും വേർതിരിക്കണം. വലിയതോതിൽ ചോദ്യപേപ്പർ ചോർന്നെങ്കിൽ, ഇതിലൂടെ നേട്ടമുണ്ടാക്കിയ വിദ്യാർത്ഥികളെ വേർതിരിച്ചു കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ പുനഃപരീക്ഷയിൽ തീരുമാനമെടുക്കേണ്ടിവരും. ചോർത്തിയവരെയും നേട്ടമുണ്ടാക്കിയവരെയും നിഷ്‌ക്കരുണം കൈകാര്യം ചെയ്യണം. ഏതുവഴിയാണ് ചോദ്യപേപ്പർ പുറത്തുപോയതെന്ന് അറിയണം. ഇലക്ട്രോണിക് ഉപകരണങ്ങളിലൂടെയും സാമൂഹിക മാദ്ധ്യമങ്ങളിലൂടെയുമാണ് ചോർച്ചയെങ്കിൽ അത് വ്യാപകമാകാൻ സാദ്ധ്യതയുണ്ടെന്ന് കോടതി സംശയം പ്രകടിപ്പിച്ചു.
ഫുൾ മാർക്കിലും
കോടതിക്ക് സംശയം
720ൽ 720ഉം മാർക്ക് വാങ്ങിയ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഇതുവരെയില്ലാത്തവിധം വർദ്ധനയുണ്ടായെന്ന് കോടതി നിരീക്ഷിച്ചു. ഇവരിൽ എത്രപേർക്ക് ഗ്രേസ് മാർക്ക് ഗുണമായെന്ന് കോടതി ചോദിച്ചു. രജിസ്റ്റർ ചെയ്‌തതിന് വ്യത്യസ്‌തമായി മറ്റൊരു സെന്ററിൽ പരീക്ഷയെഴുതി ഉയർന്ന മാർക്ക് നേടിയവരുടെ കണക്ക് അധികൃതർ പരിശോധിക്കണം. നീറ്റിൽ വൻമാർക്ക് നേടുകയും, പ്ലസ്ടു പരീക്ഷയിൽ മികച്ച പ്രകടനം നടത്താതിരിക്കുകയും ചെയ്‌ത വിദ്യാർത്ഥികളുണ്ട്. ബോർഡ് പരീക്ഷയ്‌ക്ക് നീറ്റിന്റെ അത്ര കഷ്‌ടപ്പെട്ടു കാണില്ലെന്നും പറഞ്ഞു.
വിധി നിർണയിക്കുന്ന
ചോദ്യങ്ങൾ
1. ചോദ്യപേപ്പർ ചോർച്ചയിൽ സർക്കാർ എന്തു നടപടി സ്വീകരിച്ചു ?
2. ചോദ്യങ്ങൾ എന്ന്, എവിടെവച്ച് തയ്യാറാക്കി ?
3. എന്നാണ് ചോദ്യപേപ്പർ അച്ചടിച്ചത് ?
4. സെന്ററുകളിലേക്ക് എന്ന് അയച്ചു ?
5. പരീക്ഷയ്‌ക്ക് മുൻപ് ചോദ്യപേപ്പറുകൾ എവിടെ സൂക്ഷിച്ചു ?
6. ചോർച്ചയുടെയും എഫ്.ഐ.ആറുകളുടെയും സ്വഭാവം?
7. ഏതൊക്കെ സ്ഥലങ്ങളിൽ ചോർച്ചയുണ്ടായി?
8. ചോദ്യപേപ്പർ ചോർന്ന സമയവും, പരീക്ഷ നടന്ന സമയവും തമ്മിലുള്ള വ്യത്യാസം ?
9. ചോർച്ചയിൽ നേട്ടമുണ്ടാക്കിയവരെ തിരിച്ചറിയാൻ സ്വീകരിച്ച വഴികൾ ?
10. ഗുണമുണ്ടാക്കിയ വിദ്യാർത്ഥികളുടെ എണ്ണം?
Source link