6 പേര്‍ക്ക് പുതുജീവനേകി ടീച്ചര്‍ യാത്രയായി – Dalia Teacher | Heart Transplantation | Organ Transplantation Thiruvananthapuram
‘ഹൃദയം കൊണ്ടൊരു കരുതല്‍’ ഡാലിയ ടീച്ചറുടെ ഹൃദയം പതിനാലുകാരി വിദ്യാർഥിയില്‍ മിടിക്കും
മനോരമ ലേഖകൻ
Published: July 22 , 2024 07:09 PM IST
1 minute Read
ഒരുപാട് വിദ്യാര്‍ഥികള്‍ക്ക് അറിവും സ്നേഹവും കരുതലും പകര്‍ന്ന കൊല്ലം കുഴിത്തുറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയായ ബി ഡാലിയ ടീച്ചറുടെ (47) ഹൃദയം മറ്റൊരു വിദ്യാർഥിയില്‍ മിടിക്കും. ഹൃദയ സംബന്ധമായ രോഗത്തെ തുടര്‍ന്ന് തിരുവനന്തപുരം ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആൻഡ് ടെക്നോളജിയില്‍ ചികിത്സയിലുള്ള തൃശൂര്‍ ചാവക്കാട് സ്വദേശിനി 14 വയസുകാരിക്കാണ് ഹൃദയം മാറ്റിവച്ചത്. ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസത്രക്രിയയ്ക്കാണ് സാക്ഷ്യം വഹിച്ചത്. സര്‍ക്കാര്‍ മേഖലയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ മാത്രമാണ് ഇതുവരെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തിയിരുന്നത്. വളരെ വേദനയിലും അവയവങ്ങള്‍ ദാനം ചെയ്യാന്‍ തയ്യാറായ ബന്ധുക്കളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആദരവറിയിച്ചു. അവരുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്ക് ചേരുന്നു. ചികിത്സാ രംഗത്ത് ശ്രീചിത്രയുടെ മറ്റൊരു അഭിമാന നേട്ടം കൂടിയാണ് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെന്നും മന്ത്രി പറഞ്ഞു.കൊല്ലം കരുനാഗപ്പള്ളി ആലുംകടവ് സ്വദേശിയായ ഡാലിയ ടീച്ചര്‍ മസ്തിഷ്‌ക മരണമടഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. ഹൃദയവും, രണ്ട് വൃക്കകളും കരളും രണ്ട് കണ്ണുകളും ഉള്‍പ്പെടെ 6 അവയവങ്ങളാണ് ദാനം ചെയ്തത്. സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ കെ-സോട്ടോ (കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്റ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍) വഴിയാണ് അവയവ വിന്യാസം നടത്തിയത്. കേരളത്തില്‍ മരണാനന്തര അവയവദാനത്തിന് നേതൃത്വം നല്‍കുന്ന കെ-സോട്ടോ നേതൃത്വത്തിലാണ് അവയവ കൈമാറ്റ നടപടിക്രമങ്ങളും സ്വീകര്‍ത്താക്കളെ കണ്ടെത്താനുള്ള നടപടികളും കാര്യക്ഷമമായി നടന്നത്.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഇന്ന് രാവിലെ 11.30നാണ് അവയവം ശ്രീചിത്രയില്‍ എത്തിച്ചത്. ആഭ്യന്തര വകുപ്പ് ഗ്രീന്‍ കോറിഡോര്‍ ഒരുക്കിയാണ് ഹൃദയം ശ്രീചിത്രയിലെത്തിച്ചത്. ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രോഗിയ്ക്കും ഒരു വൃക്കയും കരളും ഡാലിയ ടീച്ചര്‍ ചികിത്സയിലിരുന്ന ആശുപത്രിയിലെ രോഗികള്‍ക്കും നേത്രപടലങ്ങള്‍ തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രിയിലെ രോഗികള്‍ക്കുമാണ് നല്‍കിയത്. ജൂലൈ 19ന് വെള്ളിയാഴ്ചയാണ് തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ഡാലിയ ടീച്ചറെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച വൈകീട്ടോടെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് ജലസേചന വകുപ്പില്‍ സീനിയര്‍ ക്ലര്‍ക്കായ ഭര്‍ത്താവ് ജെ.ശ്രീകുമാറും മക്കളായ ശ്രീദേവന്‍, ശ്രീദത്തന്‍ എന്നിവരും ചേര്‍ന്ന് അവയവദാനത്തിന് സമ്മതം നല്‍കി.
English Summary:
Heart Transplant at Sri Chitra: Dalia Teacher’s Legacy Lives On
mo-health-organtransplantation 4lt8ojij266p952cjjjuks187u-list mo-politics-leaders-veenageorge 1togqvkaevmm3gqclu11jsmcnk 6r3v1hh4m5d4ltl5uscjgotpn9-list mo-health-keralahealthdepartment mo-educationncareer-teacher mo-health-heart-transplantation
Source link