സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകി: നീറ്റ് ചോദ്യച്ചോർച്ച വ്യാപകമല്ല:സി.ബി.ഐ # ഉറവിടം ജാർഖണ്ഡ് # പുനഃപരീക്ഷയിൽ വാദം 18ലേക്ക് മാറ്റി #കൗൺസലിംഗ് ജൂലായ് മൂന്നാം വാരമെന്ന് കേന്ദ്രം
ന്യൂഡൽഹി: നീറ്റ് യു.ജിയുടെ ചോദ്യപേപ്പർ ചോർച്ചയുടെ ഉറവിടം ജാർഖണ്ഡിലെ ഹസാരിബാഗിൽ നിന്നാണെന്നും
രാജ്യവ്യാപകമായി ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്നും സി.ബി.ഐ സുപ്രീംകോടതിയിൽ സമർപ്പിച്ച തത് സ്ഥിതി റിപ്പോർട്ടിൽ വ്യക്തമാക്കി.
നീറ്റ് യു.ജി പുനഃപരീക്ഷ നടത്തണമെന്ന ഹർജികൾ ഇന്നലെ സുപ്രീം കോടതി പരിഗണിച്ചെങ്കിലും വാദം ഈ മാസം 18ലേക്ക് മാറ്റി. ജൂലായ് മൂന്നാം വാരം കൗൺസലിംഗ് ആരംഭിക്കുമെന്ന് കേന്ദ്രം ബോധിപ്പിച്ചു. കേന്ദ്രസർക്കാരും ദേശീയ ടെസ്റ്റിംഗ് ഏജൻസിയും (എൻ.ടി.എ) സമർപ്പിച്ച മറുപടികളുടെ പകർപ്പ് ലഭിച്ചില്ലെന്ന് ഹർജിക്കാരുടെ അഭിഭാഷകർ അറിയിച്ചതിനെ തുടർന്നാണ് കേസ് മാറ്റിയത്. മറുപടികൾ എല്ലാ കക്ഷികൾക്കും ലഭ്യമാകാൻ കോടതി സമയം അനുവദിക്കുകയായിരുന്നു.
ബീഹാറിലേക്ക് ചോദ്യപേപ്പർ എത്തിയത് ജാർഖണ്ഡിൽ നിന്നാണെന്നും മുപ്പത് വിദ്യാർത്ഥികൾക്ക് ഇതു ലഭ്യമായെന്നും സി.ബി. ഐയുടെ റിപ്പോർട്ടിൽ പറയുന്നു. മുപ്പത് മുതൽ നാല്പത് ലക്ഷം രൂപ വീതമാണ് ഓരോ വിദ്യാർത്ഥിയിൽ നിന്നും ഇടപാടുകാർ വാങ്ങിയത്. ബീഹാറിലെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗത്തിന്റെ കണ്ടെത്തലുകളിൽ അന്വേഷണം തുടരുകയാണെന്നും സി.ബി.ഐ ബോധിപ്പിച്ചു. ചോദ്യപേപ്പർ സമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചിട്ടില്ലെന്നും സി.ബി.ഐ വ്യക്തമാക്കി.
ബീഹാറിലെ പാട്നയിലും ഗുജറാത്തിലെ ഗോധ്രയിലും ചോദ്യപേപ്പർ ചോർന്നുവെന്നായിരുന്നു എൻ.ടി.എയുടെ മറുപടി. രണ്ടിടങ്ങളിൽ മാത്രമായതിനാൽ പരീക്ഷയുടെ പവിത്രതയെ ബാധിച്ചിട്ടില്ലെന്നും അറിയിച്ചു. സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത് വ്യാജ ചോദ്യപേപ്പറാണ്.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.
കൗൺസലിംഗിൽ നിന്ന്
പുറത്താക്കും: കേന്ദ്രം
ജൂലായ് മൂന്നാംവാരം ആരംഭിക്കുന്ന കൗൺസലിംഗ് നാലു ഘട്ടമായി പൂർത്തിയാക്കുമെന്ന് കേന്ദ്രം നൽകിയ മറുപടിയിൽ വ്യക്തമാക്കി.
വിദ്യാർത്ഥികൾ ക്രമക്കേട് നടത്തി നേട്ടമുണ്ടാക്കിയെന്ന് ബോദ്ധ്യപ്പെട്ടാൽ അപ്പോൾ തന്നെ അവരുടെ കൗൺസിലിംഗ് റദ്ദാക്കും. പുനഃപരീക്ഷ വേണ്ടെന്നും അങ്ങനെ തീരുമാനിച്ചാൽ 24 ലക്ഷത്തോളം വരുന്ന വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടാകുമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
Source link