നീ​റ്റ് പരീക്ഷ;  ചോദ്യപേപ്പർ  ചോർന്ന  സംഭവം സംഘടിതമായി നടത്തിയതെന്ന് ബോദ്ധ്യപ്പെടുത്തണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: മെഡിക്കൽ പ്രവേശന പരീക്ഷയായ നീ​റ്റിന്റെ ചോദ്യപേപ്പർ ചോർന്ന സംഭവം സംഘടിതമായി നടത്തിയതെന്ന് ബോദ്ധ്യപ്പെടുത്തമെന്ന് സുപ്രീംകോടതി, പ്രശ്നം എല്ലാ വിദ്യാർത്ഥികളെയും ബാധിച്ചെന്ന് വ്യക്തമായാലേ പുനഃപരീക്ഷയ്ക്ക് ഉത്തരവിടാനാകൂവെന്നും കോടതി വ്യക്തമാക്കി. വിഷയത്തിൽ ഇന്ന് വ്യക്തത വരുത്തുമെന്നും കോടതി പറഞ്ഞു.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന് മുന്നിലാണ് വിദ്യാർത്ഥികൾ ഉൾപ്പെടെ സമർപ്പിച്ച ഒരുകൂട്ടം ഹർജികൾ പരിഗണിച്ചത്. പുനഃപരീക്ഷ വേണ്ടെന്ന നിലപാട് കേന്ദ്രസർക്കാരും പരീക്ഷാ നടത്തിപ്പുകാരായ ദേശീയ ടെസ്റ്റിംഗ് ഏജൻസിയും (എൻ.ടി.എ) കോടതിയെ അറിയിച്ചിട്ടുണ്ട്.

മേയ് അഞ്ചിന് നടന്ന നീറ്റ് പരീക്ഷയാണ് വിവാദത്തിലായത്. രാജ്യവ്യാപകമായി ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്നാണ് വാദം. ബീഹാറിലെ പാട്ന,​ ഗുജറാത്തിലെ ഗോധ്ര എന്നിവിടങ്ങളിലാണ് ചോദ്യപേപ്പർ ചോർന്നതെന്ന് എൻ.ടി.എ സത്യവാങ്മൂലം സമർപ്പിച്ചു. ചോർച്ചയുടെ ഉറവിടം ജാർഖണ്ഡിലെ ഹസാരിബാഗ് ആണെന്ന് സി.ബി.ഐയുടെ തത്‌സ്ഥിതി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. വ്യാപകമായി ക്രമക്കേട് നടന്നുവെന്ന് ബോദ്ധ്യപ്പെട്ടാൽ പുനഃപരീക്ഷ നടത്തേണ്ടി വരുമെന്നാണ് കോടതി സ്വീകരിച്ചിരിക്കുന്ന നിലപാട്.

അതേസമയം, പുനഃപരീക്ഷ വേണ്ടെന്ന മലയാളി വിദ്യാർത്ഥികൾ അടക്കം സമർപ്പിച്ച ഹർജികളും സുപ്രീംകോടതിക്ക് മുന്നിൽ ലിസ്റ്റ് ചെയ്‌തിരുന്നു. പരീക്ഷയ്‌ക്കായി അനുഭവിച്ച ബുദ്ധിമുട്ടുകളാണ് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നത്. പുനഃപരീക്ഷ അനീതിയും മൗലികാവകാശങ്ങൾ ലംഘിക്കുന്ന നടപടിയുമാകുമെന്നും ഹർജികളിൽ പറയുന്നു.


Source link
Exit mobile version