ജോർജേട്ടനോട് മമ്മൂക്ക ആ പറഞ്ഞ് ആ വെള്ള ഷർട്ട് എടുക്കാൻ: അരുണിന്റെ കുറിപ്പ് വൈറൽ
ജോർജേട്ടനോട് മമ്മൂക്ക ആ പറഞ്ഞ് ആ വെള്ള ഷർട്ട് എടുക്കാൻ: അരുണിന്റെ കുറിപ്പ് വൈറൽ | Mammootty Shirt
ജോർജേട്ടനോട് മമ്മൂക്ക ആ പറഞ്ഞ് ആ വെള്ള ഷർട്ട് എടുക്കാൻ: അരുണിന്റെ കുറിപ്പ് വൈറൽ
മനോരമ ലേഖകൻ
Published: July 22 , 2024 02:23 PM IST
1 minute Read
മമ്മൂട്ടിക്കൊപ്പം അരുൺ നാരായൺ, ജസ്ഫറിനും കുടുംബത്തിനുമൊപ്പം മമ്മൂട്ടി
മമ്മൂട്ടി ധരിച്ച ഷർട്ടുമായി ബന്ധപ്പെട്ട് നിർമാതാവും നടനുമായ അരുൺ നാരായൺ സമൂഹ മാധ്യമങ്ങളിലെഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. മസ്കുലാർ ഡിസ്ട്രോഫി എന്ന രോഗം ബാധിച്ച് കഴുത്തിന് താഴെ തളർന്ന ജസ്ഫർ എന്ന ആരാധകൻ ഡിസൈൻ ചെയ്ത ഷര്‍ട്ട് ധരിച്ചാണ് മമ്മൂട്ടി തനിക്കൊപ്പം ഫോട്ടോയ്ക്കു പോസ് ചെയ്തതെന്നും എന്തുകൊണ്ട് ഈ ഷർട്ട് ധരിച്ചുവെന്നതിന് അദ്ദേഹം നൽകിയ മറുപടി കേട്ടപ്പോൾ ആദരവും ബഹുമാനവും വീണ്ടും വർധിച്ചെന്നും അരുൺ പറയുന്നു.
‘‘കഴിഞ്ഞ ദിവസം ഒരു പ്രോജക്ടിന്റെ കാര്യങ്ങൾ സംസാരിക്കാനായി മമ്മൂക്കയെ കാണാനുള്ള സാഹചര്യമുണ്ടായി. അപ്പോൾ അവിടെ ഉണ്ടായ ഒരു സംഭവം എല്ലാവരുമായും പങ്ക് വയ്ക്കണമെന്ന് എനിക്ക് തോന്നി. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലായിരുന്നു മമ്മൂക്ക. പ്രോജെക്ടിനെ കുറിച്ച് സംസാരിച്ചതിനൊപ്പം അദ്ദേഹം തലവനെ കുറിച്ച് ചോദിക്കുകയും, തലവൻ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു എന്ന് പറയുകയും ചെയ്തു.
ഞാൻ അവിടെ ചെല്ലുമ്പോൾ അദ്ദേഹം ആ ചിത്രത്തിലെ കഥാപാത്രത്തിന്റെ വേഷത്തിലായിരുന്നു. അദ്ദേഹവുമായി സംസാരിച്ചതിന് ശേഷം അവിടെ നിന്ന് ഇറങ്ങുന്നതിനു മുൻപായി ആണ് എനിക്ക് അദ്ദേഹത്തിനൊപ്പം ഒരു ഫോട്ടോ എടുത്താൽ കൊള്ളാമെന്നുണ്ട് എന്ന ആഗ്രഹം ഞാൻ പങ്കുവച്ചത്. അപ്പോൾ തന്നെ അദ്ദേഹം അതിനു തയാറായി എഴുന്നേറ്റു. എന്നിട്ട് കഥാപാത്രത്തിന്റെ ഷർട്ട് മാറ്റാനായി ജോർജേട്ടനെ വിളിച്ചു. ജോർജേട്ടനോട് അദ്ദേഹം പറഞ്ഞത് ആ വൈറ്റ് ഷർട്ട് ഇങ്ങെടുക്കാനാണ്. അദ്ദേഹം എന്താണ് പറഞ്ഞതെന്ന് എനിക്ക് ശരിക്കു മനസ്സിലായില്ല.
അങ്ങനെ ഷർട്ട് മാറി. ആ വൈറ്റ് ഷർട്ട് ഇട്ട് ഫോട്ടോ എടുക്കുന്നതിനു മുൻപായി എന്നോട് പറഞ്ഞത്, ആ ഷർട്ട് മമ്മൂക്കയ്ക്ക് കൊടുത്ത ആളിനെ കുറിച്ചാണ്. ഒരു പ്രത്യേക രോഗാവസ്ഥ കൊണ്ട് ശരീരം തളർന്നിരിക്കുന്ന ജസ്ഫർ കോട്ടക്കുന്ന് എന്ന വ്യക്തി, ചുണ്ടുകൾക്കിടയിൽ ബ്രഷ് വെച്ച് പെയിന്റ് ചെയ്ത് ഡിസൈൻ ചെയ്ത ഷർട്ട് ആണ് അതെന്നും, തനിക്ക് ആ സമ്മാനം വളരെ വിലപിടിച്ചതാണെന്നുമാണ് ഇക്ക പറഞ്ഞത്. ആ ഷർട്ട് ഇട്ട് താൻ ഫോട്ടോക്ക് പോസ് ചെയ്യാമെന്നും, ആ ഷർട്ട് കുറച്ചു പോപ്പുലർ ആകട്ടേയെന്നും കൂടെ അദ്ദേഹം കൂട്ടിച്ചേർത്തു. എന്നിട്ടാണ് ഈ ഫോട്ടോ എടുത്തത്.
അത് കേട്ടപ്പോൾ അദ്ദേഹത്തോടുള്ള ആദരവും ബഹുമാനവും വീണ്ടും വീണ്ടും വർധിക്കുന്നതായാണ് എനിക്ക് തോന്നിയത്. 40 വർഷത്തിലധികമായി ഒരു മെഗാസ്റ്റാർ ആയി അദ്ദേഹം നിൽക്കുന്നത്, അല്ലെങ്കിൽ ഇതിഹാസങ്ങളുടെ നിരയിലെത്തി നിൽക്കുന്നത്, ഒരു ഗംഭീര നടൻ ആയത് കൊണ്ട് മാത്രമല്ല, ഇത്തരമൊരു മനോഭാവവും മനുഷ്യത്വവും കൂടി ഉള്ളത് കൊണ്ടാണ്. എന്നെ പോലൊരാൾ ഒരു ഫോട്ടോ ചോദിക്കുമ്പോൾ, ഇട്ട വസ്ത്രം മാറുകയും ഈ ഷർട്ട് ഓർമിച്ചെടുത്തു ധരിക്കുകയും അതിനൊപ്പം ആ ഷർട്ട് സമ്മാനിച്ച ആളെ ഓർക്കുകയും അത് എന്നോട് പറയാനും കാണിക്കുന്ന ആ മനസ്സിന് ഒരു ബിഗ് സല്യൂട്ട്.’’–അരുൺ നാരായന്റെ വാക്കുകൾ.
English Summary:
Arun Narayan Reveals the Touching Story Behind Mammootty’s Unique Shirt
23gnl8vvfb9b5adrpd9iqh69os 7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie-mammootty f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie
Source link