ന്യൂഡൽഹി: സുപ്രീംകോടതി ഉത്തരവ് പ്രകാരം നീറ്റ് യു.ജി പരീക്ഷയുടെ നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള മാർക്ക് ദേശീയ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) പുറത്തുവിട്ടു. exams.nta.ac.in എന്ന സൈറ്റിൽ ലഭ്യമാണ്.
വിദ്യാർത്ഥികളുടെ റോൾ നമ്പർ, പേര്, ഐ.ഡി എന്നിവ വെളിപ്പെടുത്താതെ സംസ്ഥാനം / നഗരം / കേന്ദ്രം തിരിച്ചുള്ള മാർക്കാണ് പ്രസിദ്ധീകരിച്ചത്. സീരിയൽ നമ്പറും മാർക്കുമാണുള്ളത്.
ക്രമക്കേട് നടന്ന കേന്ദ്രങ്ങളിലെ വിദ്യാർത്ഥികൾ മറ്റ് സ്ഥലങ്ങളിലുള്ളവരേക്കാൾ കൂടുതൽ മാർക്ക് നേടിയിട്ടുണ്ടോ എന്നറിയാൻ മാർക്ക് പുറത്തുവിടാൻ കഴിഞ്ഞ 18നാണ് സുപ്രീംകോടതി നിർദ്ദേശിച്ചത്. പരീക്ഷ റദ്ദാക്കൽ, പുനഃപരീക്ഷ, കോടതി മേൽനോട്ടത്തിലുള്ള അന്വേഷണം എന്നിവ ആവശ്യപ്പെട്ടുള്ള ഹർജികൾ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരുടെ ബെഞ്ച് നാളെ പരിഗണിക്കും.
വിവാദ കേന്ദ്രങ്ങളിൽ
മാർക്ക് കുറവ്
ക്രമക്കേട് നടന്ന ഹരിയാന, ജാർഖണ്ഡ് കേന്ദ്രങ്ങളിൽ ആർക്കും 700ന് മുകളിൽ മാർക്കില്ല. ജൂൺ 4ന് ഫലം വന്നപ്പോൾ ഹരിയാനയിൽ ആറ് വിദ്യാർത്ഥികൾക്ക് 720 ൽ 720 മാർക്കും ലഭിച്ചിരുന്നു. 494 കുട്ടികൾ പരീക്ഷ എഴുതിയ ബഹദൂർഗഡിലെ ഹർദയാൽ പബ്ലിക് സ്‌കൂളിൽ ഉയർന്ന മാർക്ക് 682 ആണ്. 13 പേർക്ക് മാത്രമാണ് 600ന് മുകളിൽ മാർക്ക്. ക്രമക്കേട് ആരോപിക്കപ്പെട്ട ജാർഖണ്ഡിലെ ഹസാരിബാഗ് കേന്ദ്രത്തിലും ആർക്കും 700 മാർക്കിൽ കൂടുതലില്ല. 690 ആണ് ഉയർന്ന സ്‌കോർ.
720 മാർക്ക് നേടിയ കുട്ടികളുടെ ഗ്രേസ് മാർക്ക് സുപ്രീംകോടതി റദ്ദാക്കുകയും വീണ്ടും പരീക്ഷ നടത്തുകയും ചെയ്‌തിരുന്നു.
Source link