ഉത്തമബന്ധ പ്രതീകങ്ങൾ | Sri Ramachandra: The Ideal Son’s Journey of Sacrifice and Wisdom
ഉത്തമബന്ധ പ്രതീകങ്ങൾ
എം.കെ.വിനോദ് കുമാർ
Published: July 22 , 2024 09:02 AM IST
1 minute Read
ആജ്ഞാപിച്ചില്ലെങ്കിൽപോലും സന്തോഷത്തോടെ പിതാവിന്റെ ഇംഗിതം നിറവേറ്റുന്നവനാണ് ഉത്തമപുത്രനെന്നു തുടരുകയും താതനിയോഗം അനുഷ്ഠിച്ചിരിക്കുമെന്ന് സത്യം ചെയ്യുകയുമാണ് ശ്രീരാമചന്ദ്രൻ
താതൻ ദർശനം കാംക്ഷിക്കുന്നെന്നു സുമന്ത്രർ അറിയിക്കുമ്പോൾ ക്ഷണനേരം പോലും വേണ്ട ശ്രീരാമചന്ദ്രന് പുറപ്പെടാൻ. തന്റെ നാമം ഉരുവിട്ടുകിടക്കുന്ന പിതാവിനെ എടുത്താശ്ലേഷിച്ച് മടിയിൽ കിടത്തുന്ന മകനെക്കണ്ട് അവിടെയുള്ള സ്ത്രീജനങ്ങളൊക്കെ വിലപിക്കുന്നു. പിതാവിന്റെ ദുഃഖകാരണം ആരായുമ്പോൾ ലോകതത്വങ്ങളെ കൂട്ടുപിടിച്ച് വിശദീകരണവുമായെത്തുന്നത് കൈകേയിയാണ്.
‘‘ ഇത്രയെല്ലാം പറയേണമോ മാതാവേ!താതാർഥമായിട്ടു ജീവനെത്തന്നെയുംമാതാവുതന്നെയും സീതയെത്തന്നെയുംഞാനുപേക്ഷിപ്പനതിനില്ല, സംശയംമാനസേ ഖേദമതിനില്ലെനിക്കേതുംരാജ്യമെന്നാകിലും താതൻ നിയോഗിക്കിൽത്യാജ്യമെന്നാലെന്നറിക നീ മാതാവേ!’’
ആജ്ഞാപിച്ചില്ലെങ്കിൽപോലും സന്തോഷത്തോടെ പിതാവിന്റെ ഇംഗിതം നിറവേറ്റുന്നവനാണ് ഉത്തമപുത്രനെന്നു തുടരുകയും താതനിയോഗം അനുഷ്ഠിച്ചിരിക്കുമെന്ന് സത്യം ചെയ്യുകയുമാണ് ശ്രീരാമചന്ദ്രൻ. കൗസല്യാമാതാവിനെയും മറ്റും കാര്യങ്ങൾ ബോധ്യപ്പെടുത്താൻ നന്നേ വിഷമം. ഭ്രാതൃസ്നേഹ പ്രതീകമായ ലക്ഷ്മണകുമാരനാകട്ടെ ലോകങ്ങൾ ദഹിച്ചുപോകും വിധമാണ് കൊട്ടാരവൃത്താന്തത്തോടു പ്രതികരിക്കുന്നത്.അനുജന്റെ കോപാഗ്നിക്കുമേൽ സ്നേഹാശ്ലേഷത്തിന്റെ കുളിരു പകരുക മാത്രമല്ല, വികാരവിക്ഷോഭത്തിൽനിന്ന് വിവേകചിന്തയിലേക്ക് അവനെ നയിക്കുകയും വേണം ജ്യേഷ്ഠൻ.
വഴിയമ്പലത്തിൽ സന്ധിക്കുന്ന പഥികരെപ്പോലെ പരസ്പരം കണ്ടുപിരിയുന്നവരുടെ ഈ ലോകത്ത് ശാശ്വതമായി എന്താണുള്ളത്? കണ്ണുകൊണ്ടു കാണുന്നതു സത്യമെന്നു കരുതുന്നവർ മായാവൈഭവം മനസ്സിലാക്കുന്നില്ല. ദേഹത്തിൽ അഭിമാനം കൊള്ളുന്നവർ ആത്മാവാണ് സത്യം എന്ന അറിവു നേടാത്തവരാണ്. ആത്മജ്ഞാനം നേടിയ അനുജനെയും പ്രാണാവസാനം വരെ പിരിയില്ലെന്നാണ് പാണിഗ്രഹണമന്ത്രത്തിന്റെ അർഥമെന്നു സമർഥിക്കുന്ന പത്നിയെയും വനത്തിലേക്ക് ഒപ്പം കൂട്ടുകയേ നിവൃത്തിയുള്ളൂ കോസലരാജകുമാരന്. രാമനെ പിതാവെന്നും സീതയെ മാതാവെന്നും കാനനത്തെ അയോധ്യാദേശമെന്നും കാണണമെന്നാണ് മാതാവ് സുമിത്രയ്ക്ക്, വനയാത്രാനുമതി തേടുന്ന പുത്രൻ ലക്ഷ്മണനോടു പറയാനുള്ളത്.
English Summary:
Sri Ramachandra: The Ideal Son’s Journey of Sacrifice and Wisdom
4jns5gvcidafltf37sj0cvu13n 30fc1d2hfjh5vdns5f4k730mkn-list vinodkumar-m-k mo-astrology-ramayana-kanda mo-religion-ramayana-month-2024 7os2b6vp2m6ij0ejr42qn6n2kh-list mo-religion-ramayana-masam-2024 mo-astrology-ramayana-parayanam
Source link