മാനസഗുരുനാഥൻ ഇനി ഓർമ്മ

ആലപ്പുഴ: തത്തമത്ത് നാണുപിള്ള ഗോപകുമാരൻ നായരെ നാട് അറിഞ്ഞതത്രയും ഡോ.അമ്പലപ്പുഴ ഗോപകുമാർ എന്ന പേരിലായിരുന്നു. അക്ഷരങ്ങളുടെ ലോകത്തേക്ക് വിദ്യാർത്ഥികളെ കൈ പിടിച്ചുയർത്തിയ അദ്ധ്യാപകൻ, പ്രഭാഷകൻ, കവി, സാഹിത്യകാരൻ എന്നിങ്ങനെ മുഖ്യധാരയിലേക്ക് അമ്പലപ്പുഴയുടെ പേരെത്തിച്ച പ്രതിഭാധനനായി അദ്ദേഹം.
അവാർഡുകളും അംഗീകാരങ്ങളും ഒന്നിന് പിറകേ ഒന്നായി തേടിയെത്തിയപ്പോഴും, വിനയത്തിന്റെ ഭാവം അദ്ദേഹം ഉപേക്ഷിച്ചിരുന്നില്ല. ആയിരക്കണക്കിന് കുരുന്നുകളാണ് അദ്ദേഹത്തിന്റെ കൈപിടിച്ച് അക്ഷര ലോകത്തേക്ക് പിച്ച വച്ചത്. ആദ്യനാളുകളിൽ കേരളകൗമുദി ആലപ്പുഴ യൂണിറ്റിന്റെ വിദ്യാരംഭ ചടങ്ങിൽ കുരുന്നുകൾക്ക് ആദ്യക്ഷരം പകർന്നുനൽകാൻ അദ്ദേഹം എത്തിയിരുന്നു. ആകർഷണീയമായ പെരുമാറ്റം കൊണ്ടും മാതൃകാപരമായ ജീവിതശൈലി കൊണ്ടും അദ്ദേഹത്തിന് വലിയൊരു ശിഷ്യഗണത്തെ തന്നെ സമ്പാദിക്കാനായി.
കേരളത്തിലെ സാംസ്‌കാരിക സമ്മേളന വേദികളിൽ പതിറ്റാണ്ട് കാലം അദ്ദേഹത്തിന്റെ വാക്ചാതുരികൾ അലയടിച്ചുകൊണ്ടിരുന്നു. അദ്ദേഹം രചിച്ച ‘അമ്പലപ്പുഴ ക്ഷേത്ര ചരിത്രം’ ചെമ്പകശ്ശേരിയെയും അമ്പലപ്പുഴ ക്ഷേത്രത്തെയും കുറിച്ച് എഴുതപ്പെട്ട ഏറ്റവും ആധികാരിക ഗ്രന്ഥമായി കരുതപ്പെടുന്നു. നാടകശാല സദ്യയോട് അനുബന്ധിച്ചു അദ്ദേഹം നടത്തിയിരുന്ന തത്സമയ വാങ്മൂല വിവരണം കേട്ട് രോമാഞ്ചമണിയാത്ത അമ്പലപ്പുഴക്കാരുണ്ടാവില്ല.
മലയാളം അദ്ധ്യപകനായിരുന്നെങ്കിലും, കോളേജ് മാഗസിനുകളിൽ രചനകൾ പ്രസിദ്ധീകരിക്കുന്ന ഇതര വിഭാഗത്തിലെ വിദ്യാർത്ഥികളെ ഉൾപ്പെടെ നേരിൽ വിളിച്ച് അഭിനന്ദിക്കുമായിരുന്നുവെന്ന് എസ്.ഡി കോളേജ് പൂർവ്വ വിദ്യാർത്ഥി കൂടിയായ ഹരികുമാർ വാലേത്ത് ഓർക്കുന്നു. ദീർഘകാലം ആകാശവാണിക്ക് വേണ്ടി മകരവിളക്ക് വിവരണത്തിന് നിയോഗിക്കപ്പെട്ട നാളുകളിലെല്ലാം അതിശയോക്തി കലർത്താതെ നിജമായ ചരിത്രം മാത്രം പങ്കുവയ്ക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു. വലിപ്പ ചെറുപ്പമില്ലാതെ ആർക്കും സമീപിക്കാൻ കഴിയുന്ന സഹൃദയൻ കൂടിയായിരുന്നു ഗോപകുമാർ. ആയിരക്കണക്കിന് ശിഷ്യന്മാരെ സമ്പാദിച്ച മാനസ ഗുരുനാഥൻ ഇനി ഓർമ്മകളിൽ ജ്വലിക്കും.
Source link