ആരാധകർ അറിയാതെ പിറന്നാൾ ആഘോഷിക്കാൻ ശിവരാജ്കുമാർ ആലപ്പുഴയിൽ
താരമെന്ന മേലങ്കികളില്ല കന്നഡ സൂപ്പർതാരം ശിവ രാജ്കുമാർ എന്ന ശിവണ്ണയ്ക്ക്. വീട്ടുവേഷത്തിൽ തന്നെ ഫോട്ടോയ്ക്കു പോസ് ചെയ്യുന്നു, സംസാരിക്കാനിരിക്കുന്നു. ക്യാമറ കണ്ടപ്പോൾ തലമുടി ചീകിക്കൊടുക്കാൻ പോലും കൂട്ടുകാരനാണു ശ്രദ്ധിച്ചത്. കന്നഡയിലെ ഏറ്റവും വലിയ താരമായിരുന്ന രാജ്കുമാറിന്റെ മകനാണെങ്കിലും അതിന്റെ നിഴൽ പോലും സംസാരത്തിലും പെരുമാറ്റത്തിലുമില്ല. കുട്ടിക്കാലം മുതലുള്ള ശബരിമല യാത്രകളിൽ കണ്ട കേരളത്തിലേക്കു വീണ്ടും വീണ്ടും വരാൻ അദ്ദേഹത്തിന് ഇഷ്ടമാണ്. ഇത്തവണ വന്നത്, ആരാധകർ അറിയാതെ പിറന്നാൾ ആഘോഷിക്കാൻ. ആലപ്പുഴയിലെത്തി 3 ദിവസം പുന്നമടക്കായലിലൂടെ വഞ്ചിവീട്ടിൽ സഞ്ചരിച്ച് ആഘോഷിച്ചു മടങ്ങി.
ഭാര്യയും മക്കളും പേരക്കുട്ടിയും സുഹൃത്തുക്കളുമുണ്ടായിരുന്നു ഒപ്പം. സുഹൃത്തുക്കളെല്ലാം ചെറുപ്പക്കാർ. പേരക്കുട്ടിക്കു മുത്തശ്ശനാകുന്നതിനിടയിൽ സുഹൃത്തുക്കൾക്കൊപ്പം അദ്ദേഹം ചെറുപ്പമാകുന്നു.
കേരളത്തിലേക്കു കൂടെക്കൂടെ വരുന്നുണ്ടല്ലോ. അത്രയ്ക്കിഷ്ടമാണോ ഇവിടം?
ശബരിമലയിൽ പോകാൻ പലതവണ വന്നിട്ടുണ്ട്. കോവിഡ് കാരണം ആ യാത്രകൾ മുടങ്ങി. ശബരിമലയിൽ നിന്നു ഗുരുവായൂരിലും പോകാറുണ്ട്. ‘ദിൽസേ’യുടെ ഷൂട്ടിനു കൊച്ചിയിൽ വന്നിരുന്നു. ആതിരപ്പള്ളിയിലും ഷൂട്ടിനു വന്നിട്ടുണ്ട്. പിന്നെ വന്നത് ‘ആയുഷ്മാൻ ഭവ’യ്ക്കു വേണ്ടി. ‘വേദ’ തിരുവനന്തപുരത്തും പുനലൂരിനടുത്തു കാട്ടിലും ഷൂട്ട് ചെയ്തു. ആനകളെയൊക്കെ വച്ചുള്ള രംഗങ്ങൾ. ഇവിടത്തെ വഞ്ചിവീടു യാത്ര എനിക്കിഷ്ടമാണ്. സുഖകരമായ അന്തരീക്ഷം. ഇതു മൂന്നാം തവണയാണു വരുന്നത്. ഒരു വഞ്ചിവീടു വാങ്ങാൻ ആലോചനയുണ്ട്.
ഇത്തവണ പിറന്നാളാഘോഷം ഇവിടെയാക്കാൻ തീരുമാനിച്ചതും ആ ഇഷ്ടം കൊണ്ടാണോ?
അതെ. എല്ലാ വർഷവും നാട്ടിൽ ആരാധകർക്കൊപ്പമാണ് ആഘോഷം. ഇത്തവണ ഇവിടെയാകാമെന്നു സുഹൃത്തുക്കളും പറഞ്ഞു. ഞങ്ങൾ 20 പേർ വന്നു. നാട്ടിലാണെങ്കിൽ ആരാധകർ ആശംസയറിയിക്കാനും കേക്ക് മുറിക്കാനുമായി അർധരാത്രി തന്നെ വരും. ഇവിടെയും ചിലരെത്തി. എന്നെ മാലയും കിരീടവും അണിയിച്ചു, കേക്ക് മുറിച്ചു. ചില നിർമാതാക്കളും എത്തിയിരുന്നു. ഇവിടത്തെ ഭക്ഷണവും ഏറെയിഷ്ടമാണ്. ചെന്നൈയിലെ കോളജ് കാലം മുതൽ ഒട്ടേറെ മലയാളി കൂട്ടുകാരുണ്ട്.
എങ്ങനെയായിരുന്നു കേരളയാത്രകളുടെ തുടക്കം?
എം.എൻ.നമ്പ്യാരാണ് ശബരിമലയിൽ ആദ്യം കൊണ്ടുവന്നത്. അദ്ദേഹത്തിനൊരു ശബരിമല യാത്രാ സംഘമുണ്ടായിരുന്നു. ആദ്യം 2 ബസിൽ. പിന്നെയതു നാലായി.
രജനീകാന്തിനൊപ്പം ശബരിമലയിൽ വന്നിട്ടില്ലേ?
ഉണ്ട്. ഏറെക്കാലം മുൻപാണ്. ഞങ്ങൾ വലിയ അടുപ്പമാണ്. അമിതാഭ് ബച്ചനൊപ്പവും വന്നിട്ടുണ്ട്. മറക്കാനാകാത്ത, നീണ്ട കാൽനടയാത്രകൾ. എരുമേലി, അഴുത വഴി 45 കിലോമീറ്റർ ഞങ്ങൾ നടന്നു.
വലിയ കമൽഹാസൻ ആരാധകനാണെന്നു കേട്ടിട്ടുണ്ട്?
അതെ. എന്റെ ഇഷ്ട നായകർ കമൽ ഹാസനും അമിതാഭ് ബച്ചനുമാണ്.
മറ്റൊന്ന്, ചെന്നൈയിൽ പോയാൽ കോളജ് ഓർമകളുണർത്താൻ ബസിൽ സഞ്ചരിക്കാറുണ്ട്?
ശരിയാണ്. മിക്കപ്പോഴും പോകും. ‘സർ, നിങ്ങൾ എങ്ങനെയാണു വന്നത്’ എന്ന് ആളുകൾ ചോദിക്കാറുണ്ട്. ബസിലെന്നു പറയുമ്പോൾ അവർക്ക് ആശ്ചര്യം. ഇന്നും ചെന്നൈയിലെത്തിയാൽ സ്വന്തം നാട്ടിലെത്തിയതു പോലെ തോന്നും.
കോളജ് കാലത്തും കാറിൽ സഞ്ചരിക്കാനുള്ള സ്ഥിതിയുണ്ടായിരുന്നു. എന്നിട്ടും ബസിൽ?
ഞാൻ വളർന്നതു വലിയൊരു കൂട്ടുകുടുംബത്തിലാണ്. പിതാവിന്റെ അനുജന്റെയും സഹോദരിയുടെയുമൊക്കെ കുടുംബങ്ങൾ ഒന്നിച്ചായിരുന്നു താമസം. സാധാരണക്കാരുടെ ജീവിതം അറിഞ്ഞിരിക്കണമെന്ന് അവരൊക്കെ പറഞ്ഞിട്ടുണ്ട്. സെലിബ്രിറ്റികളാണെന്ന തോന്നലൊന്നും അവർക്കില്ല. അല്ലെങ്കിൽ സാധാരണ മനുഷ്യരുമായി എനിക്കു സംസാരിക്കാൻ കഴിയില്ലായിരുന്നു. അങ്ങനെ പല മൂല്യങ്ങളും പഠിച്ചു. നമ്മളും അവരും ശ്വസിക്കുന്നവർ എന്ന ലളിതമായ ലോജിക്കുണ്ടല്ലോ.
പിതാവ് രാജ്കുമാറിനെ വീരപ്പൻ തട്ടിക്കൊണ്ടുപോയ നാളുകൾ എങ്ങനെയാണു കുടുംബം മറികടന്നത്?
അന്ന് എല്ലാവരും ഷോക്കായി. കരയണോ, വേറെന്തു ചെയ്യണം എന്നൊന്നും ഞങ്ങൾക്കറിയില്ലായിരുന്നു. തമിഴ്നാട്, കർണാടക സർക്കാരുകൾ വലിയ പിന്തുണ നൽകി. . ജനങ്ങളുടെ സാന്ത്വനവും വലുതായിരുന്നു. സിനിമാ ലോകവും കൂടെനിന്നു. കന്നഡ മാത്രമല്ല. മലയാളവും തമിഴും ഹിന്ദിയുമൊക്കെ. ഇന്ത്യയുടെ തെക്കും വടക്കുമെന്നില്ലാതെ അപ്പായെ എല്ലാവർക്കും വലിയ ഇഷ്ടമായിരുന്നു. ദിവ്യമനുഷ്യനായി അദ്ദേഹത്തെ കാണുന്നവർ. സംഭവമറിഞ്ഞ് അമിതാഭ് ബച്ചനും ധർമേന്ദ്രയും മോഹൻലാലും മമ്മൂട്ടിയും ശിവാജി ഗണേശനും രജനീകാന്തും കമൽഹാസനുമൊക്കെ അസ്വസ്ഥരായിരുന്നു. എല്ലാവരും നൽകിയ സ്നേഹത്തിലാണു ഞങ്ങൾ മുന്നോട്ടു പോയത്.
കാട്ടിലെ അനുഭവങ്ങൾ അദ്ദേഹം പിന്നീടു പറഞ്ഞിരുന്നോ?
ചില സ്ഥലങ്ങൾ അദ്ദേഹം ആസ്വദിച്ചു. കാടിന്റെ അന്തരീക്ഷവും മൃഗങ്ങളുടെ ശബ്ദവുമൊക്കെ. പക്ഷേ, രാത്രി വലിയ പ്രശ്നമായിരുന്നു. സംഘം വെളിച്ചമില്ലാതെയാണു നീങ്ങിയത്.
അന്തരിച്ച സഹോദരൻ പുനീത് രാജ്കുമാറിനെപ്പറ്റി ?
വല്ലാത്തൊരു വേദനയാണത്. എനിക്കവൻ മകനെപ്പോലെയായിരുന്നു. ഞാൻ എട്ടിൽ പഠിക്കുമ്പോഴാണ് അവൻ ജനിച്ചത്. അവൻ സൂപ്പർ സ്റ്റാറായപ്പോഴും എനിക്ക് കൊച്ചുകുട്ടി തന്നെ. ദൈവം നൽകിയ വലിയ സിദ്ധികൾ അവനുണ്ടായിരുന്നു. എല്ലാവരെയും സഹായിക്കുന്ന പ്രകൃതമായിരുന്നു. എവിടെച്ചെന്നാലും അവന്റെ നന്മകൾ കേൾക്കാം. അതെന്നെ ഏറെ സ്പർശിച്ചിട്ടുണ്ട്. ചിലപ്പോൾ ഞാൻ അഭിനയിക്കുമ്പോൾ അവനെയോർക്കും. അവനെ എന്നിലേക്കു കൊണ്ടുവരാൻ ശ്രമിക്കും.
കുടുംബത്തിൽ രാഷ്ട്രീയക്കാരിയുണ്ട്. (കർണാടക മുൻ മുഖ്യമന്ത്രി എസ്.ബംഗാരപ്പയുടെ മകൾ ഗീതയാണു ഭാര്യ) സിനിമയിൽ ആരുണ്ട്?
മകൾ നിവേദിത ‘ഹണിമൂൺ’ എന്ന വെബ്സീരീസ് ചെയ്തിട്ടുണ്ട്. അത് ഏറെ പ്രചാരം നേടി. അതിന്റെ കഥയും കേരളത്തിലാണു നടക്കുന്നത്.
അടുത്ത പടം?
ഭാര്യ ഗീത നിർമിക്കുന്ന ‘ഭൈരതി രണഗൽ’ സെപ്റ്റംബറിൽ വരും. ഹേമന്ദ് എം.റാവുവിന്റെ പീരിയഡ് സിനിമ ‘ഭൈരവനെ കോനെ പാടാ’യും വരുന്നുണ്ട്. പതിനാലാം നൂറ്റാണ്ടിൽ നടക്കുന്ന കഥ.
തമിഴിൽ രജനീകാന്തിനൊപ്പം ‘ജയിലറി’ൽ അഭിനയിച്ചു. മലയാളത്തിലേക്കുണ്ടോ?
ഒരു നല്ല മലയാളം സിനിമ ചെയ്യണം. ചർച്ച നടക്കുന്നു. ‘ജയിലറി’ലൂടെ തമിഴിൽനിന്നും മലയാളത്തിൽ നിന്നും കിട്ടിയ സ്നേഹം ഞാൻ പ്രതീക്ഷിച്ചതല്ല. മലയാളികൾ എന്നെ തിരിച്ചറിയുമെന്നും ഒപ്പം നിന്നു ചിത്രമെടുക്കുമെന്നും കരുതിയില്ല.
Source link