ധാക്ക: ബംഗ്ലാദേശിൽ നൂറിലധികം പേരുടെ മരണത്തിനിടയാക്കിയ പ്രക്ഷോഭത്തിനു കാരണമായ സംവരണനയം സുപ്രീംകോടതി തിരുത്തി. ബംഗ്ലാ വിമോചനയുദ്ധത്തിൽ പങ്കെടുത്തവരുടെ അനന്തരാവകാശികൾക്കു സർക്കാർ ജോലികളിൽ നിശ്ചയിച്ചിരുന്ന 30 ശതമാനം സംവരണം, അഞ്ചു ശതമാനമായി കുറച്ച് കോടതി ഇന്നലെ ഉത്തരവിറക്കി. വിദ്യാർഥികൾ കോടതിയുത്തരവിനെ സ്വാഗതം ചെയ്തെങ്കിലും പ്രക്ഷോഭം പിൻവലിക്കില്ലെന്നു വ്യക്തമാക്കി. സംവരണം എടുത്തുകളയണമെന്നാവശ്യപ്പെട്ട് വിദ്യാർഥികളുടെ നേതൃത്വത്തിൽ വൻ പ്രക്ഷോഭമാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. 150ലേറെ ആളുകൾ കൊല്ലപ്പെട്ടതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. തലസ്ഥനമായ ധാക്കയിൽ കർഫ്യൂ പ്രഖ്യാപിച്ച് പട്ടാളത്തെ വിന്യസിച്ചിരിക്കുകയാണ്. നഗരത്തിലെ തെരുവുകൾ ഇന്നലെ ഏതാണ്ടു വിജനമായിരുന്നെങ്കിലും ചില സ്ഥലങ്ങളിൽ പ്രക്ഷോഭകാരികളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. വിവാദമായ സംവരണനയം പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ സർക്കാർ 2018ൽ നിർത്തലാക്കിയതാണ്. കഴിഞ്ഞമാസം ഹൈക്കോടതി സംവരണം പുനഃസ്ഥാപിച്ചതാണ് പ്രക്ഷോഭത്തിനു കാരണം. ഉരുക്കുമുഷ്ടിയോടെയാണ് സർക്കാർ പ്രക്ഷോഭത്തെ നേരിട്ടത്. പോലീസിനു പുറമേ ഭരണം നടത്തുന്ന അവാമി ലീഗ് പാർട്ടിയുടെ വിദ്യാർഥി സംഘടനയും പ്രക്ഷോഭകാരികളെ ആക്രമിക്കുന്നതായി റിപ്പോർട്ടുകളിൽ പറയുന്നു. ബംഗ്ലാദേശിലെ യൂണിവേഴ്സിറ്റികളും കോളജുകളും ദിവസങ്ങളായി അടഞ്ഞുകിടക്കുകയാണ്. സുപ്രീംകോടതി വിധിയോടെ ഗവൺമെന്റ് ജോലികളിൽ 93 ശതമാനം യോഗ്യതയുടെ അടിസ്ഥാനത്തിൽ ലഭിക്കും. രണ്ടു ശതമാനം വംശീയ ന്യൂനപക്ഷങ്ങൾക്കും അംഗപരിമിതർക്കും നീക്കിവച്ചിരിക്കുകയാണ്. പ്രക്ഷോഭം തുടരും: വിദ്യാർഥികൾ ധാക്ക: സുപ്രീംകോടതി സംവരണ നയം തിരുത്തിയെങ്കിലും പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന് ബംഗ്ലാദേശിലെ വിദ്യാർഥി സംഘടനകൾ വ്യക്തമാക്കി. അറസ്റ്റിലായ പ്രതിപക്ഷ നേതാക്കളെയും വിദ്യാർഥികളെയും വിട്ടയയ്ക്കുക, ആഭ്യന്തരമന്ത്രി അസദുസ്മാൻ ഖാനും ഭരണകക്ഷിയായ അവാമി ലീഗ് പാർട്ടിയുടെ സെക്രട്ടറി ജനറൽ ഒബയ്ദുൾ ഖാദറും രാജിവയ്ക്കുക എന്നീ ആവശ്യങ്ങൾ നടപ്പാക്കുന്നതുവരെ സമരം തുടരും.
Source link