ഹൂതി കേന്ദ്രങ്ങളിൽ ഇസ്രേലി ആക്രമണം
ടെൽ അവീവ്: ടെൽ അവീവിലെ ഡ്രോൺ ആക്രമണത്തിനു മറുപടിയായി യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ ഇസ്രേലി ആക്രമണം. ഇസ്രയേലിൽനിന്ന് 1800 കിലോമീറ്റർ അകലെയുള്ള ഹൊദെയ്ദ തുറമുഖത്താണ് ശനിയാഴ്ച പോർവിമാനങ്ങൾ ആക്രമണം നടത്തിയത്. മൂന്നു പേർ കൊല്ലപ്പെടുകയും 87 പേർക്കു പരിക്കേൽക്കുകയും ചെയ്തതായി ഹൂതികൾ അറിയിച്ചു. ഇസ്രയേലിൽ നൂറുകണക്കിന് മിസൈൽ- ഡ്രോൺ ആക്രമണങ്ങൾക്ക് ഹൂതികൾ ശ്രമിച്ചെങ്കിലും യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ ഇസ്രയേൽ തിരിച്ചടി നല്കുന്നത് ആദ്യമാണ്. വെള്ളിയാഴ്ചത്തെ ഹൂതി ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും എട്ടു പേർക്കു പരിക്കേൽക്കുകയും ചെയ്തതാണ് ശക്തമായ മറുപടി നല്കാൻ ഇസ്രയേലിനെ പ്രേരിപ്പിച്ചത്. ലോകത്തെവിടെയുള്ള ശത്രുവിനെയും നേരിടാൻ തക്ക നീളം ഇസ്രേലി കരങ്ങൾക്കുണ്ടെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആക്രമണത്തിനു പിന്നാലെ പറഞ്ഞത്. ഹൂതികൾക്കുള്ള ഇറേനിയൻ ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്നത് ഹൊദെയ്ദ തുറമുഖം വഴിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇസ്രേലി ആക്രമണത്തിൽ തുറമുഖത്ത് വൻ തീപിടിത്തമുണ്ടായി. എണ്ണ സംഭരണ കേന്ദ്രങ്ങളും പവർ പ്ലാന്റുമാണ് ആക്രമിക്കപ്പെട്ടതെന്ന് ഹൂതികൾ പറഞ്ഞു. ആക്രമണം ഹൂതികൾക്കുള്ള വ്യക്തമായ സന്ദേശമാണെന്ന് ഇസ്രേലി പ്രതിരോധമന്ത്രി യൊവാവ് ഗാലന്റ് പറഞ്ഞു. ഹൊദെയ്ദയിലെ അഗ്നിബാധ പശ്ചിമേഷ്യയിലെവിടെനിന്നും ദൃശ്യമാണ്. അതിന്റെ പ്രാധാന്യം എല്ലാവർക്കും ബോധ്യപ്പെട്ടിട്ടുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഹൂതികൾ പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇസ്രയേലിൽ ഇരുനൂറിലധികം തവണ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ഇസ്രേലി സേനയ്ക്ക് ഇവയെല്ലാം വെടിവച്ചിടാൻ കഴിഞ്ഞിരുന്ന.ു. വെള്ളിയാഴ്ച ഹൂതി ഡ്രോൺ വരുന്നത് മുൻകൂട്ടി കണ്ടെങ്കിലും മനുഷ്യപിഴവു മൂലം വെടിവച്ചിടാൻ കഴിഞ്ഞില്ലെന്നാണ് വിശദീകരണം. ഇന്നലെ രാവിലെയും ഇസ്രയേലിനു നേർക്ക് ഹൂതികൾ തൊടുത്ത മിസൈൽ വെടിവച്ചിടാൻ കഴിഞ്ഞു. സംയമനം പാലിക്കണം: യുഎൻ ന്യൂയോർക്ക്: ഇസ്രയേൽ- ഹൂതി സംർഷത്തിൽ ഉത്കണ്ഠ പ്രകടിപ്പിച്ച് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെരസ്. പശ്ചിമേഷ്യയിൽ സംഘർഷം വർധിച്ചേക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാവരും സംയമനം പാലിക്കണം. ജനവാസ കേന്ദ്രങ്ങളിൽ ആക്രമണം നടത്തുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രയേലിന്റെ ദീർഘകരങ്ങൾ എവിടെയുമെത്തും: നെതന്യാഹു ടെൽ അവീവ്: യെമനിൽ വിജയകരമായി ആക്രമണം നടത്തിയ ഇസ്രേലി സേനയെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അഭിനന്ദിച്ചു. യഹൂദരുടെ ശത്രുക്കൾക്കുള്ള വ്യക്തമായ മുന്നറിയിപ്പാണ് ഈ ആക്രമണമെന്ന് ടിവിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത അദ്ദേഹം പറഞ്ഞു. ടെൽ അവീവിൽ ഒരാൾ കൊല്ലപ്പെട്ട ഹൂതി ഡ്രോൺ ആക്രമണത്തിനു നേരിട്ടുള്ള മറുപടിയാണ് ഹൊദെയ്ദയിൽ നല്കിയത്. ഈ തുറമുഖത്തുകൂടിയാണ് ഹൂതികൾക്ക് ഇറാനിൽനിന്ന് മരകായുധങ്ങൾ ലഭിക്കുന്നത്. ഇസ്രയേലിന്റെ ദീർഘകരങ്ങൾക്ക് എത്തിച്ചേരാൻ പറ്റാത്ത സ്ഥലമില്ലെന്ന കാര്യം ശത്രുക്കൾക്കു വ്യക്തമായിക്കാണുമെന്ന് നെതന്യാഹു കൂട്ടിച്ചേർത്തു.
Source link