മലപ്പുറത്ത് മറ്റൊരാൾക്കുകൂടി നിപയെന്ന് സംശയം, 68 കാരനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി

മലപ്പുറം: മലപ്പുറം ജില്ലയിൽ ഒരാൾക്കുകൂടി നിപയെന്ന് സംശയം. രോഗലക്ഷണങ്ങളോടെ 68 കാരനെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നാണ് ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് എത്തിച്ചത്. ഐസൊലേഷൻ വാർഡിലേക്കാണ് ഇയാളെ മാറ്റിയിരിക്കുന്നത്.
നിപ ബാധിച്ച് ഇന്ന് രാവിലെ മരിച്ച പതിനാലുകാരനുമായി നേരിട്ട് സമ്പർക്കത്തിൽ ഇല്ലാത്ത വ്യക്തിയാണ് 68 കാരൻ എന്നാണ് അറിയുന്നത്. കുട്ടിയുടെ വീട്ടിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയായാണ് ഇയാൾ താമസിക്കുന്നത്.
അതേസമയം, നിപ ബാധിച്ച് ഇന്ന് മരണപ്പെട്ട 14കാരന് ആന്റിബോഡി കൊടുക്കുന്നതിന് തൊട്ടുമുൻപ് ഹൃദയാഘാതമുണ്ടായതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഓസ്ട്രേലിയയിൽ നിന്ന് ആന്റിബോഡി മരുന്നും പൂനെയിൽ നിന്ന് പ്രതിരോധ വാക്സിനും കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിയിരുന്നു. ഇത് കൊടുക്കുന്നതിന് തൊട്ടുമുൻപ്, രാവിലെ 10.50നാണ് പതിനാലു വയസ്സുകാരന് ഹൃദയാഘാതമുണ്ടായത്. 11.30ന് മരണം സ്ഥിരീകരിക്കുകയായിരുന്നു. കുട്ടിയുടെ സംസ്കാരം സംബന്ധിച്ച വിഷയത്തിൽ കുടുംബവുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.
കോഴിക്കോട് മെഡിക്കൽ കോളജിലെ റീജണൽ വൈറസ് റിസർച് ആൻഡ് ഡയഗ്‌നോസ്റ്റിക് ലബോറട്ടറി, തോന്നയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി എന്നിവിടങ്ങളിലെ പരിശോധനാ സംവിധാനങ്ങൾക്കുപുറമേ, പരിശോധനകൾക്കു വേഗം കൂട്ടാനായി പൂനെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ ഒരു മൊബൈൽ ലാബ് കൂടി എത്തിച്ചേരുമെന്നും മന്ത്രി പറഞ്ഞു.
പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി വണ്ടൂർ, നിലമ്പൂർ, കരുവാരകുണ്ട് എന്നിവിടങ്ങളിൽ പ്രത്യേക പനി ക്ലിനിക്കുകൾ ആരംഭിക്കും. പാണ്ടിക്കാട് പഞ്ചായത്തിലെ 16,711 വീടുകളിലും ആനക്കയം പഞ്ചായത്തിലെ 16,248 വീടുകളിലും വീടുവീടാന്തരമുള്ള പനി സർവൈലൻസ് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
Source link