KERALAMLATEST NEWS

നിപ: കർശന നിയന്ത്രണങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടും, കോഴിക്കോട് മെഡിക്കൽ കോളേജില്‍ സന്ദര്‍ശക വിലക്ക്

മലപ്പുറം: നിപ ബാധ സ്ഥിരീകരിച്ച മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് പഞ്ചായത്തിൽ കർശന നിയന്ത്രണങ്ങൾ. ആളുകൾ കൂട്ടംകൂടുന്നത് നിരോധിച്ചിട്ടുണ്ട്. വിവാഹം, സൽക്കാരം അടക്കമുളള പരിപാടികൾക്ക് പരമാവധി 50 പേർക്കുമാത്രമാണ് അനുമതി. പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പൂർണമായും അടച്ചിടാൻ തീരുമാനിച്ചിട്ടുണ്ട്. പൊതുജനങ്ങൾ മാസ്‌ക് ധരിക്കണം. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും വേണ്ടത് ജാഗ്രതയാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്നലെ പറഞ്ഞിരുന്നു.

നിപ ബാധിതനായ കുട്ടി ചികിത്സയിൽ കഴിയുന്ന കോഴിക്കോട് മെഡിക്കൽകോളേജിലും സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കുട്ടിയുടെ നില അതീവ ഗുരുതരമായ അവസ്ഥയിൽ തുടരുകയാണ് എന്നാണ് റിപ്പോർട്ട്. വെന്റിലേറ്റർ സഹായത്തോടെയാണ് കുട്ടിയുടെ ജീവൻ നിലനിറുത്തിയിരിക്കുന്നത്. മുപ്പതുപേരടങ്ങിയ പ്രത്യേക സംഘത്തിനാണ് ചികിത്സയുടെ ചുമതല.

പാണ്ടിക്കാട് പഞ്ചായത്തിലെ ചെമ്പ്രശ്ശേരി സ്വദേശിയായ 14കാരനാണ് രോഗം സ്ഥിരീകരിച്ചത്. അടുത്ത സുഹൃത്തായ മറ്റൊരു കുട്ടിക്ക് പനിയുള്ളതിനാൽ സാമ്പിൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്. മൂന്നുബന്ധുക്കളും മുൻപ് ചികിത്സ തേടിയ ആശുപത്രികളിലെ ഡോക്ടർമാരും നഴ്സുമാരും ക്വാറന്റൈനിൽ പ്രവേശിച്ചു. നേരിട്ട് സമ്പർക്കത്തിലായ 60 പേരുടെ സാമ്പിൾ പരിശോധനയ്ക്ക് അയയ്ക്കും. ഇവർ ഹൈ റിസ്ക് വിഭാഗത്തിലാണ്. 214പേർ നിരീക്ഷണത്തിലാണ്. സമ്പർക്കപ്പട്ടികയിലുള്ളവരെ ക്വാറന്റൈനിലേക്ക് മാറ്റും.

അമ്പഴങ്ങ കഴിച്ചു?

വൈറസ് ബാധ ഉണ്ടായതെങ്ങനെയെന്ന കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല. കുട്ടി ഏതാനും ദിവസം മുമ്പ് അമ്പഴങ്ങ കഴിച്ചുവെന്ന് സംശയമുണ്ട്. 10ന് പനി ബാധിച്ച കുട്ടിക്ക് 12ന് പാണ്ടിക്കാടുള്ള സ്വകാര്യ ക്ലിനിക്കിലും 13ന് പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. 15ന് ഇതേ ആശുപത്രിയിൽ വീണ്ടും പ്രവേശിപ്പിച്ചു. പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കും 19ന് രാത്രി കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ഇവിടെ ശേഖരിച്ച സാമ്പിളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ രാത്രിയാണ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.

അഞ്ചാം വരവ്

അഞ്ചാം തവണയാണ് നിപ കേരളത്തെ ഭീതിയിലാക്കുന്നത്. 2018ലായിരുന്നു തുടക്കം. അന്ന് 19 പേരിൽ സിസ്റ്റർ ലിനി ഉൾപ്പെടെ 17 പേരാണ് മരിച്ചത്. 2021ൽ ഒരാളും, 2023 രണ്ടുപേരും മരിച്ചു. മൂന്ന് തവണയും കോഴിക്കോടിനെ പിടിച്ചുലച്ചു. 2019 ജൂണിൽ എറണാകുളത്ത് എൻജി.വിദ്യാർത്ഥിക്ക് രോഗം ബാധിച്ചെങ്കിലും രക്ഷപ്പെട്ടു.

കൺട്രോൾ സെൽ തുറന്നു

മലപ്പുറം പി.ഡബ്ള്യു.ഡി റസ്റ്റ് ഹൗസിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ സെൽ ആരംഭിച്ചിട്ടുണ്ട്. 0483-2732010, 0483-2732050, 0483-2732060, 0483-2732090 ആണ് കൺട്രോൾ റൂം നമ്പറുകൾ.


Source link

Related Articles

Back to top button