കോഴിക്കോട്: പിഎസ്‌സി കോഴ വിവാദത്തിൽ പുതിയ വഴിത്തിരിവ്. ആരോപണവിധേയനായ പ്രമോദ് കോട്ടൂളി പണം വാങ്ങിയിട്ടില്ലെന്ന വെളിപ്പെടുത്തലുമായി പരാതിക്കാരൻ ശ്രീജിത്ത് രംഗത്തുവന്നു.
‘പിഎസ്‌സി നിയമനത്തിന് പ്രമോദ് കോട്ടൂളി പണം വാങ്ങിയിട്ടില്ല. പ്രമോദ് നല്ല സുഹൃത്താണ്. യാതൊരു പണമിടപാടും പ്രമോദുമായില്ല. ഞാൻ ആർക്കെതിരെയും എവിടെയും പരാതി നൽകിയിട്ടില്ല. പരാതി കൊടുത്തു എന്ന് പാർട്ടി പറഞ്ഞോ? എനിക്ക് ആർക്കും പണം കൊടുക്കേണ്ട കാര്യമില്ല. മാദ്ധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞത്. പ്രമോദിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്. വിവാദം ആരുണ്ടാക്കിയെന്ന് അന്വേഷിക്കണം’-ശ്രീജിത്ത് ഒരു മാദ്ധ്യമത്തോട് പ്രതികരിച്ചു. കഴിഞ്ഞദിവസം പ്രമോദും കുടുംബവും ശ്രീജിത്തിന്റെ വീടിന് മുന്നിൽ സമരം ചെയ്തിരുന്നു.
കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിയെ സിപിഎം പ്രാഥമിക അംഗത്വത്തിൽ നിന്നുൾപ്പെടെ കഴിഞ്ഞദിവസം പുറത്താക്കിയിരുന്നു. പ്രമോദിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് കാട്ടിയായിരുന്നു ജില്ലാ കമ്മിറ്റിയുടെ നടപടി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്കാണ് നടപടിയെന്നാണ് ജില്ലാ സെക്രട്ടറി പി. മോഹനന്റെ വാർത്താക്കുറിപ്പ്. ഇതിൽ കോഴ ആരോപണം പറയുന്നില്ല.
കോഴിക്കോട്ടെ പ്രമുഖയായ ഡോക്ടർക്ക് പിഎസ്‌സി അംഗത്വമോ ആയുഷ് വകുപ്പിൽ ഉന്നത സ്ഥാനമോ വാഗ്ദാനം ചെയ്ത് 60 ലക്ഷം ആവശ്യപ്പെടുകയും 22 ലക്ഷം കൈപ്പറ്റുകയും ചെയ്‌തെന്നാണ് പ്രമോദിനെതിരെയുള്ള ആരോപണം. ബിജെപി പ്രാദേശിക നേതാവുമായി ബന്ധം പുലർത്തി, ആരോഗ്യവകുപ്പിലെ നിയമനത്തിനായി ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ പേര് ദുരുപയോഗം ചെയ്തു, തുടങ്ങിയ ആരോപണങ്ങളും പ്രമോദിനെതിരേയുണ്ട്.
എന്നാൽ കോഴ വാങ്ങിയിട്ടില്ലെന്നും നുണപരിശോധനയ്ക്കും തയ്യാറാണെന്നുമാണ് പ്രമോദ് പറയുന്നത്. തെറ്റുകാരനല്ലെന്ന് അമ്മയെ ബോദ്ധ്യപ്പെടുത്തണം. 22 ലക്ഷം വാങ്ങിയെങ്കിൽ തെളിവ് തരണം. എല്ലാ ഏജൻസികൾക്കും പരാതി നൽകുമെന്നും പ്രമോദ് വ്യക്തമാക്കിയിരുന്നു.
Source link