റോം: തുർക്കിയിലെ മതന്യൂനപക്ഷങ്ങളായ ക്രൈസ്തവർ, യഹൂദർ, അലെവിത്തർ തുടങ്ങിയവരുടെ ആരാധനാലയങ്ങൾ, മതസ്ഥാപനങ്ങൾ, ശ്മശാനങ്ങൾ എന്നിവയ്ക്കു നേരേ കഴിഞ്ഞവർഷം കൂടുതൽ ആക്രമണങ്ങൾ ഉണ്ടായതായി ഫ്രീഡം ഓഫ് ബിലീഫ് ഇനീഷ്യേറ്റീവിന്റെ റിപ്പോർട്ട്. 2023ൽ ക്രൈസ്തവ സ്ഥാപനങ്ങളാണ് ഏറ്റവുമധികം ആക്രമിക്കപ്പെട്ടത്. ഭീഷണിപ്പെടുത്തലുകൾ, കയ്യേറ്റങ്ങൾ, ചുമരുകളിൽ ഗ്രഫീത്തി എഴുതൽ, കല്ലറകളും ആരാധനാലയങ്ങളും കേടുവരുത്തുക എന്നിങ്ങനെ ആക്രമണങ്ങൾ ബഹുവിധമാണ്. ക്രൈസ്തവരിൽതന്നെ പ്രൊട്ടസ്റ്റന്റ് വിഭാഗത്തിന്റെ സ്ഥാപനങ്ങളാണ് അക്രമികളുടെ മുഖ്യലക്ഷ്യം. യഹൂദരാണ് അടുത്തതായി കൂടുതൽ ആക്രമിക്കപ്പെടുന്നത്. കുറ്റവാളികളെ കണ്ടെത്താനും നിയമപരമായി ശിക്ഷിക്കാനും ഭരണകൂടം മടിക്കുന്നത് സ്ഥിതി കൂടുതൽ വഷളാക്കുന്നതായി പഠനറിപ്പോർട്ട് തയാറാക്കിയ ഫുൺസാ തെക്കിൻ പറഞ്ഞു. രാജ്യത്ത് മതസൗഹാർദവും പരസ്പരധാരണയും തകരുന്നത് കുറ്റകൃത്യങ്ങൾ തടയാത്തതുകൊണ്ടാണ്. വർഷങ്ങളായി മതന്യൂനപക്ഷങ്ങൾ ഭീതിയിലാണ്. അവർ അപവാദപ്രചാരണത്തിന്റെ ഇരകളാണ്. ചില ആരാധനാലയങ്ങൾ സ്ഥിരമായി ആക്രമിക്കപ്പെടുന്നുണ്ട്. ഒക്ടോബർ ഏഴിലെ ഹമാസ് ഭീകരാക്രമണത്തിനു ശേഷം സ്ഥിതി കൂടുതൽ ഗുരുതരമാണെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
Source link