കോഴിക്കോട്: മലബാറിന്റെ ടൂറിസം കുതിപ്പിന് മുതൽകൂട്ടാവുന്ന ബയോളജിക്കൽ പാർക്ക് അണിയറയിൽ ഒരുങ്ങുമ്പോഴും കടക്കാനുള്ളത് വലിയ കടമ്പകൾ. സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ച ടൈഗർ സഫാരി പാർക്കാണ് ബയോളജിക്കൽ പാർക്കെന്ന പേരിൽ സ്ഥാപിക്കുന്നത്. കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമുഴി റെയ്ഞ്ചിലെ മുതുകാട് ഭാഗത്ത് ടൈഗർ സഫാരി പാർക്ക് ആരംഭിക്കുന്നതിന് കഴിഞ്ഞ നവംബർ 18നാണ് സർക്കാർ ഉത്തരവ് ഇറങ്ങിയത്. പേരാമ്പ്ര റബർ എസ്റ്റേറ്റിന്റെ ഭാഗം പാർക്കിനായി വിട്ടുനൽകാൻ കഴിഞ്ഞ നവംബർ 25ന് കൃഷി വകുപ്പ് തീരുമാനിച്ചതു പ്രകാരം സർവേ പൂർത്തീകരിച്ചു.
ടിക്കറ്റ് കൗണ്ടർ, പാർക്കിംഗ്, ഇൻഫർമേഷൻ സെന്റർ, ഓഫീസ് കെട്ടിടം, ജീവനക്കാർക്കുള്ള താമസ സൗകര്യം, ഇൻസ്പെക്ഷൻ ബംഗ്ലാവ്, പാർക്ക്, ലഘു ഭക്ഷണശാല, സഫാരിക്കായുള്ള ഇടം, ആശുപത്രി സൗകര്യങ്ങൾ, അനുബന്ധ സൗകര്യങ്ങൾ എന്നിവയാണ് ഒരുക്കേണ്ടത്. പാർക്കിംഗിനായി കണ്ടെത്തിയ ഭൂമി അൺറിസർവ്ഡ് ഫോറസ്റ്റായി രേഖപ്പെടുത്തി കഴിഞ്ഞു. 2009ലെ മലബാർ വന്യജീവി സങ്കേതത്തിന്റെ വിജ്ഞാപന പ്രകാരം ഈ ഭൂമി വന്യജീവി സങ്കേതത്തിന്റെ അതിർത്തി വിവരണത്തിനുള്ളിലാണ്. ഈ വർഷം ജനുവരി 20ലെ ഉത്തരവ് പ്രകാരമാണ് ടൈഗർ സഫാരി പാർക്കിനായി സ്പെഷ്യൽ ഓഫീസറെ നിയോഗിച്ചത്. കരട് മാസ്റ്റർ പ്ലാൻ സ്പെഷ്യൽ ഓഫീസർ തയ്യാറാക്കി സമർപ്പിച്ചു. പദ്ധതിക്കായി കണ്ടെത്തിയ സ്ഥലത്ത് രണ്ടിടങ്ങളിൽ ആനകളും മറ്റു വന്യജീവികളും പെരുവണ്ണാമുഴി റിസർവോയറിലേക്കെത്താൻ ഉപയോഗിക്കുന്ന സഞ്ചാരപഥങ്ങളുണ്ട്.പദ്ധതി നിർവഹണം ആനകളുടെയും മറ്റു വന്യജീവികളുടെയും സഞ്ചാരത്തെ തടസപ്പെടുത്തരുതെന്നാണ് കരട് മാസ്റ്റർ പ്ലാനിലെ നിർദ്ദേശം. അല്ലാത്തപക്ഷം കക്കയം,പയ്യാനിക്കോട്ട ഭാഗത്ത് മനുഷ്യ-വന്യ ജീവി സംഘർഷം വർദ്ധിക്കാൻ കാരണമാകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
കടമ്പകൾ ഇങ്ങനെ
നിലവിലെ മാർഗനിർദ്ദേശ പ്രകാരം നിർദ്ദിഷ്ട സ്ഥലത്ത് ബയോളജിക്കൽ പാർക്ക് തുടങ്ങണമെങ്കിൽ സെൻട്രൽ സൂ അതോറിട്ടി, നാഷണൽ ബോർഡ് ഫോർ വൈൽഡ് ലൈഫ്, നാഷണൽ ടൈഗർ കൺസർവേഷൻ അതോറിട്ടി എന്നിവയുടെ അനുമതി വേണം. ഫോറസ്റ്റ് കൺസർവേഷൻ ആക്ടിന്റെ പരിധിയ്ക്കുള്ളിൽ നിന്നേ പദ്ധതി നടപ്പക്കാൻ കഴിയൂ. ഇതിൽ പ്രാഥമികമായി സെൻട്രൽ സൂ അതോറിട്ടിയിൽ നിന്ന് അനുമതി ലഭ്യമാക്കണം. അതിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനായി കൺസൾട്ടൻസിയെ നിശ്ചയിക്കണം. ബയോളജിക്കൽ പാർക്ക് സ്പെഷ്യൽ ഓഫീസർ വനം വകുപ്പ് മേധാവിയ്ക്കും ചീഫ് വൈൽഡ് ലൈഫ് വാർഡനും കത്തു നൽകിയിരിക്കുകയാണ്.
ടൈഗർ സഫാരി പാർക്ക്
കർണാടകയിലെ ബന്നേർഘട്ടയിലാണ് നിലവിൽ ടൈഗർ സഫാരി പാർക്കുള്ളത്.
ബയോളജിക്കൽ പാർക്കാവുന്നു
കഴിഞ്ഞ മാസം ഒന്നിനിറങ്ങിയ സർക്കാർ ഉത്തരവിലാണ് ടൈഗർ സഫാരി പാർക്കിന്റെ പേര് ബയോളജിക്കൽ പാർക്ക് എന്നാക്കി മാറ്റിയത്.
Source link