ടെൽ അവീവ്: ജറൂസലെമിലെ തിരുക്കല്ലറ പള്ളിയിൽ 12-ാം നൂറ്റാണ്ടിൽ സ്ഥാപിച്ച അൾത്താര കണ്ടെത്തി. 1149ൽ കുരിശുയുദ്ധക്കാർ സ്ഥാപിച്ച അൾത്താര മധ്യകാലഘട്ടത്തിലെ ഏറ്റവും വലിയ അൾത്താരകളിലൊന്നാണെന്ന് ഗവേഷണത്തിനു നേതൃത്വം നല്കിയ ഓസ്ട്രിയൻ അക്കാഡമി ഓഫ് സയൻസസ് അറിയിച്ചു. യൂറോപ്യൻ കുരിശുയുദ്ധക്കാർ ജറൂസലെം നഗരം പിടിച്ചെടുത്തതിന്റെ 50-ാം വാർഷികത്തോട് അനുബന്ധിച്ചാണ്, യേശുവിന്റെ മൃതദേഹം അടക്കം ചെയ്ത സ്ഥലത്തു നിലനിൽക്കുന്ന തിരുക്കല്ലറ പള്ളിയിൽ പുതിയ അൾത്താര പണിതത്. 1808ൽ പള്ളിയിലുണ്ടായ തീപിടിത്തം വരെ അൾത്താര നിലനിന്നിരുന്നു. എന്നാൽ പിന്നീട് വിസ്മൃതിയിലായി. പള്ളിക്കുള്ളിലെ ഇടനാഴിയിൽ ഭിത്തിയോടു ചേർന്നിരുന്നിരുന്ന ശിലാഫലകം അൾത്താരയുടെ ഭാഗമായിരുന്നുവെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. പള്ളി നവീകരിക്കുന്നതിനോടനുബന്ധിച്ച് ഫലകം തിരിച്ചുവപ്പോഴാണ് പഴയ അൾത്താരയുടെ ഭാഗമാണെന്നു തിരിച്ചറിഞ്ഞത്. പഴയകാല റോമിലെ ചിത്രപ്പണികളാണ് ഫലകത്തിലുള്ളത്. അന്ന് റോമിൽനിന്നു വന്ന ശില്പികളാണ് ഈ ചിത്രപ്പണികൾ ചെയ്തതെന്ന് അനുമാനിക്കുന്നു. ഇറ്റലിക്കു പുറമേ ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ മാത്രമാണ് ഇതേ ശൈലിയിലുള്ള അൾത്താര ഉള്ളത്.
Source link