ചികിത്സയിലുള്ള 14കാരന് നിപ സ്ഥിരീകരിച്ചു; പൂനെ ലാബിലെ ഫലം പോസിറ്റീവ്, മലപ്പുറത്ത് ജാഗ്രതാ നിർദേശം

മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ 14കാരന് നിപ സ്ഥിരീകരിച്ചു. പൂനെ വെെറോളജി ലാബിൽ നിന്നുള്ള ഫലം പോസിറ്റീവാണ്. നേരത്തെ സംസ്ഥാനത്ത് നടത്തിയ പരിശോധനയിൽ കുട്ടിയ്ക്ക് നിപ പോസിറ്റീവെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. മലപ്പുറത്ത് ജാഗ്രാത നിർദേശം നൽകിയിട്ടുണ്ട്. കൺട്രോൾ സെൽ പ്രവർത്തനം ആരംഭിച്ചു. 0483-2732010 ആണ് കൺട്രോൾ റൂം നമ്പർ. കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
കേരളത്തിൽ ഇത് അഞ്ചാം തവണയാണ് നിപ ബാധ സ്ഥിരീകരിക്കുന്നത്. മാസ്ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. കൂടുതൽ ആരോഗ്യ പ്രവർത്തകർ മലപ്പുറത്തേക്ക് വരും. മൂന്ന് കിലോമീറ്റർ പരിധിയിൽ ജാഗ്രതാ നിർദ്ദേശം നൽകിയതായും ആരോഗ്യമന്ത്രി അറിയിച്ചു.
നിലവിൽ പ്രോട്ടോകോൾ പ്രകാരം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഫലം വരുന്നതിന് മുൻപ് തന്നെ മുൻ കരുതൽ നടപടികൾ സ്വീകരിക്കുകയാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് പതിനാലുകാരൻ. നിപ വെെറസ് ബാധയുടെ ലക്ഷണം കണ്ടതിനെ തുടർന്ന് ഇന്നലെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. കുട്ടിക്ക് രോഗബാധയുണ്ടായത് വയനാട്ടിലേക്കുള്ള ടൂറിനിടെ കഴിച്ച അമ്പഴങ്ങയിൽ നിന്നാണെന്നാണ് സംശയം.ഇതിന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്. ഇക്കഴിഞ്ഞ 15നാണ് കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായത്. മലപ്പുറത്ത് മൂന്ന് ആശുപത്രിയിൽ ചികിത്സ നൽകിയിരുന്നു. കുട്ടിക്ക് ഒപ്പമുണ്ടായിരുന്നവരെ നിരീക്ഷിക്കുകയാണ്.
Source link