ധിനിധി ഇന്ത്യൻ ഒളിന്പിക് സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം, പ്രായക്കാരൻ രോഹൻ ബൊപ്പണ്ണ
അജിത് ജി. നായർ പാരീസ് ഒളിന്പിക്സ് മാമാങ്കത്തിന് ഇനിയുള്ളത് അഞ്ചു ദിനങ്ങളുടെ അകലം മാത്രം. ടോക്കിയോയിൽ അവസാനിപ്പിച്ചിടത്തുനിന്നു തുടങ്ങാനാണ് ഇന്ത്യൻ സംഘം ലക്ഷ്യമിടുന്നത്. ഇന്ത്യയെ സംബന്ധിച്ച് ചരിത്രത്തിലെ ഏറ്റവും മികച്ച ഒളിന്പിക്സായിരുന്നു ടോക്കിയോ. ട്രാക്ക് ആൻഡ് ഫീൽഡിലെ ചരിത്രസ്വർണമടക്കം ഏഴു മെഡലുകളുമായാണ് ഇന്ത്യ ജപ്പാനിൽനിന്നു തിരിച്ചു പറന്നത്. ഇക്കുറി 14 വിഭാഗങ്ങളിലായി 117 അത്ലറ്റുകളാണ് പാരീസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് എത്തിയിരിക്കുന്നത്. മെഡൽനേട്ടം ഇരട്ടയക്കത്തിൽ എത്തിക്കാമെന്ന ഉറച്ച പ്രതീക്ഷയും സംഘത്തിനുണ്ട്. നാൽപ്പത്തിനാലുകാരനായ ടെന്നീസ് താരം രോഹൻ ബൊപ്പണ്ണയാണ് ഇന്ത്യൻ സംഘത്തിലെ കാരണവർ. അതേസമയം, ടീമിലെ ഏറ്റവും ജൂണിയർ താരവും വരുന്നത് ബൊപ്പണ്ണയുടെ നാടായ ബംഗളൂരുവിൽനിന്നുതന്നെ. സംഘത്തിലെ ബേബിയായ നീന്തൽ താരം ധിനിധി ദേശിംഗുവിനു പ്രായം പതിന്നാലുമാത്രം. പുരുഷ ഡബിൾസിൽ ശ്രീറാം ബാലാജിക്കൊപ്പമാണ് ആദ്യ ഒളിന്പിക് മെഡൽ ലക്ഷ്യമിട്ട് ബൊപ്പണ്ണ റോളങ് ഗാരോവിൽ ഇറങ്ങുന്നത്. 2016ൽ ലിയാണ്ടർ പെയ്സിനൊപ്പം റിയോ ഒളിന്പിക്സിൽ മത്സരിച്ചിട്ടുണ്ടെങ്കിലും ആദ്യറൗണ്ടിൽ പുറത്താകാനായിരുന്നു ബൊപ്പണ്ണയുടെ വിധി. അതേസമയം, അന്ന് മിക്സഡ് ഡബിൾസിൽ സാനിയ മിർസയ്ക്കൊപ്പം സെമിയിലെത്തിയ താരത്തിന് നിർഭാഗ്യംകൊണ്ടാണ് മെഡൽ നഷ്ടമായത്. 2021ൽ നടന്ന ടോക്കിയോ ഒളിന്പിക്സിന് യോഗ്യത നേടാനായതുമില്ല. പഴകുംതോറും വീര്യമേറുന്ന വീഞ്ഞുപോലെയുള്ള ബൊപ്പണ്ണ ഇക്കുറി ലോക നാലാം നന്പറുകാരനായാണ് ഒളിന്പിക്സിന് നേരിട്ട് യോഗ്യത നേടിയത്. ഈ വർഷത്തെ ഓസ്ട്രേലിയൻ ഓപ്പണിൽ ഓസീസ് പാർട്ണർ മാത്യു എബ്ഡനൊപ്പം കിരീടം ചൂടി ഗ്രാൻസ്ലാം നേടുന്ന ഏറ്റവും പ്രായമേറിയ പുരുഷതാരം, ഒന്നാം നന്പറിലെത്തുന്ന പ്രായമേറിയ പുരുഷൻ എന്നീ നേട്ടങ്ങൾ ബൊപ്പണ്ണ സ്വന്തമാക്കിയിരുന്നു. ലോക 62-ാം നന്പർ താരമാണ് ബൊപ്പണ്ണയുടെ സഹതാരം ശ്രീറാം ബാലാജി. ഇത്തവണത്തെ ഫ്രഞ്ച് ഓപ്പണിൽ സെമിയിൽ വീണുപോയ പോരാട്ടം ഇക്കുറി ഫൈനലിലേക്ക് നീട്ടാനുറച്ചാവും ബൊപ്പണ്ണ റോളങ് ഗാരോവിൽ റാക്കറ്റ് എടുക്കുക. നിധിയാണ് ധിനിധി … ഒളിന്പിക്സ് ഗെയിംസ് ട്രിപാർറ്റൈറ്റ് കമ്മീഷൻ അനുവദിച്ച യൂണിവേഴ്സിറ്റി ക്വാട്ടയിലാണ് ബംഗളൂരുവിൽനിന്നുള്ള പതിന്നാലുകാരി നീന്തൽതാരം ധിനിധി ദേശിംഗു പാരീസിലെത്തിയത്. 200 മീറ്റർ ഫ്രീസ്റ്റൈലിൽ മത്സരിക്കുന്ന ധിനിധി ഇന്ത്യയുടെ എക്കാലത്തെയും പ്രായം കുറഞ്ഞ രണ്ടാമത്തെ ഒളിന്പ്യൻകൂടിയാണ്. 11-ാം വയസിൽ 1952ലെ ഹെൽസിങ്കി ഒളിന്പിക്സിൽ മത്സരിച്ച ആരതി സാഹയാണ് ഇന്ത്യയുടെ എക്കാലത്തെയും പ്രായം കുറഞ്ഞ ഒളിന്പ്യൻ. നീന്തലിനോടുള്ള അർപ്പണബോധം ഈ ഒന്പതാം ക്ലാസുകാരി ഇതിനകം പലകുറി തെളിയിച്ചിട്ടുണ്ട്. പതിന്നാലു വയസ് മാത്രമേയുള്ളെങ്കിലും ഇത് ധിനിധിയുടെ ആദ്യ മേജർ ടൂർണമെന്റ് ആണെന്ന് ധരിക്കേണ്ട. 2023ലെ ഹാങ്ഷൗ എഷ്യൻ ഗെയിംസിലും ഈ വർഷം ദോഹയിൽ നടന്ന ലോക അക്വാട്ടിക് ചാന്പ്യൻഷിപ്പിലും മത്സരിച്ചിരുന്നു.
Source link