പാലക്കാട്: ചിറ്റൂർ പുഴയിൽ കുടുങ്ങിയ രണ്ട് കുട്ടികളെ ഫയർഫോഴ്സെത്തി അതിസാഹസികമായി രക്ഷപ്പെടുത്തി. കുട്ടികൾ പുഴയിൽ കുടുങ്ങിയ വിവരം അറിഞ്ഞെത്തിയ ഫയർഫോഴ്സും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കഴിഞ്ഞ ദിവസം അപകടമുണ്ടായ അതേ സ്ഥലത്താണ് കുട്ടികൾ കുടുങ്ങിയത്. സ്കൂൾ വിദ്യാർത്ഥികളായ മൂന്ന് കുട്ടികളാണ് പുഴയിൽ കുടുങ്ങിയത്. ഇതിൽ ഒരാൾ പുഴയിൽ നിന്നും രക്ഷപ്പെട്ടതിനുശേഷം വിവരം അറിയിക്കുകയായിരുന്നു.
മീൻ പിടിക്കാനിറങ്ങിയപ്പോഴാണ് കുട്ടികൾ പുഴയുടെ നടുവിൽ പെട്ടുപോയതെന്നാണ് നാട്ടുകാർ പറയുന്നത്. ഫയർഫോഴ്സിന്റെ കൃത്യമായ ഇടപെടലുകൾ കാരണമാണ് കുട്ടികളെ രക്ഷപ്പെടുത്താൻ സാധിച്ചത്. പുഴയിൽ ഏണി വച്ചാണ് ഫയർഫോഴ്സ് രക്ഷാപ്രവർത്തനം നടത്തിയത്. ഏണി മുഖേനയാണ് കുട്ടികളെ കരയ്ക്കെത്തിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ചയും ചിറ്റൂർപ്പുഴയിൽ കുടുങ്ങിപ്പോയ ഒരു കുടുംബത്തിലെ നാല് പേരെ അതിസാഹസികമായി രക്ഷപ്പെടുത്തിയിരുന്നു. പുഴയിൽ കുളിക്കാനിറങ്ങിയ വയോധികരായ അമ്മയും അച്ഛനും രണ്ട് മുതിർന്ന ആൺമക്കളുമാണ് നടുവിലായി കുടുങ്ങിപ്പോയത്. കനത്ത മഴയെത്തുടർന്ന് മൂലത്തറ റെഗുലേറ്റർ തുറന്നതോടെ പുഴയിൽ വെള്ളം നിറയുകയായിരുന്നു. ഇതോടെയാണ് നാലുപേരും പുഴയുടെ നടുവിലുള്ള പാറയിൽ അകപ്പെട്ടുപ്പോയത്.
നാലുപേരെയും ലൈഫ് ജാക്കറ്റ് ധരിപ്പിച്ചതിനുശേഷം കയറിൽകെട്ടി അതിസാഹസികമായാണ് ഫയർഫോഴ്സ് കരയ്ക്കെത്തിച്ചത്. രക്ഷാപ്രവർത്തനത്തിനിടയിലും പുഴയിൽ കനത്ത കുത്തൊഴുക്കുണ്ടായിരുന്നുവെന്നാണ് ഉദ്യോഗസ്ഥർ അന്ന് അറിയിച്ചിരുന്നത്.
Source link