‘അർജുന്റെ രക്ഷാപ്രവർത്തനത്തിന് കേരളത്തിലെ മന്ത്രിമാർ എത്താതിരുന്നത് അനാസ്ഥ; ബിജെപി ശക്തമായി പ്രതിഷേധിക്കും’

തിരുവനന്തപുരം: കർണാടകയിൽ മണ്ണിടിച്ചിലിൽ കുടുങ്ങിയ മലയാളി ഡ്രൈവർ അർജുന്റെ രക്ഷാപ്രവർത്തനത്തിലേയ്ക്ക് സംസ്ഥാന മന്ത്രിമാർ എത്താതിരുന്നത് സർക്കാരിന്റെ കുറ്റകരമായ അനാസ്ഥയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എല്ലാം ശരിയായ കുവൈറ്റിലേക്ക് പോകാൻ ബാഗുമായി വിമാനത്താവളത്തിലെത്തിയ മന്ത്രിമാർ എന്താണ് തൊട്ടപ്പുറത്ത് അർജുനെ രക്ഷിക്കാൻ പോകാത്തതെന്നും അദ്ദേഹം പ്രസ്താവനയിൽ ചോദിച്ചു.

അർജുന്റെ കാര്യത്തിൽ കേരള സർക്കാരിന്റെ ഭാഗത്ത് നിന്നും ഒരു ഇടപെടലുമുണ്ടായില്ലെന്നത് ഞെട്ടിക്കുന്നതാണ്. ഒരു മലയാളിക്ക് ഇത്രയും വലിയ ദുരവസ്ഥ വന്നിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. കർണാടക സർക്കാർ വൈര്യനിര്യാതന ബുദ്ധിയോടെയാണ് ഇടപെട്ടത്. കർണാടക സർക്കാരിന്റെ അനാസ്ഥയ്ക്കെതിരെ ബിജെപി ശക്തമായ പ്രതിഷേധം നടത്തുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

ഗോവ- മംഗളൂരു ദേശീയ പാതയിൽ ഉത്തര കന്നഡ ജില്ലയിലെ അങ്കോല ഷിരൂർ മലഞ്ചെരുവിൽ ലോറിയടക്കം കാണാതായ കോഴിക്കോട് കക്കോടി കണ്ണാടിക്കൽ മൂലാടിക്കുഴിയിൽ അർജുനായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. നാവികസേന, എൻഡിആർഎഫ്, എസ്‌ഡിആർഫ് പൊലീസ്, ഫയർഫോഴ്‌സ് എന്നിവരാണ് രക്ഷാദൗത്യം നടത്തുന്നത്. അപകസ്ഥലത്ത് റഡാർ ഉപയോഗിച്ചുള്ള പരിശോധന ആരംഭിച്ചിരുന്നു. സൂറത്‌കൽ എൻഐടിയിൽ നിന്നുള്ള സംഘമാണ് റഡാർ പരിശോധന നടത്തുന്നത്.

അർജുൻ അടക്കം പത്തുപേരാണ് അത്യാഹിതത്തിൽപ്പെട്ടത്. എഴുപേരുടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തിയിരുന്നു. കർണാടകയിൽ നിന്ന് തടി കൊണ്ടുവരാൻ മുക്കം സ്വദേശി മനാഫിന്റെ ലോറിയുമായി അർജുൻ ഈ മാസം എട്ടിനാണ് പോയത്.16നാണ് അവസാനമായി വീട്ടിലേക്ക് വിളിച്ചത്. കഴിഞ്ഞ ദിവസം ജി.പി.എസ് സാന്നിദ്ധ്യം ദുരന്ത സ്ഥലത്താണെന്ന് ഭാരത് ബെൻസ് കമ്പനി ലോറി ഉടമയെ അറിയിച്ചതോടെതാണ് വിവരം നാട്ടിൽ അറിഞ്ഞത്.


Source link

Exit mobile version