‘ക്യാമ്പസിനുള്ളിൽ കീറിയ ജീൻസും ടിഷർട്ടും വേണ്ട’; വിദ്യാർത്ഥികൾക്ക് പുതിയ മാർഗനിർദേശവുമായി കോളേജ് അധികൃതർ

മുംബയ്: ഹിജാബ് നിരോധത്തിന് പിന്നാലെ വസ്ത്രധാരണത്തിൽ വിദ്യാർത്ഥികൾക്ക് പുതിയ മാർഗനിർദേശം പുറത്തിറക്കി മുംബയിലെ കോളേജ്. കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ അനുവദിക്കില്ലെന്നാണ് പുതിയ മാർഗനിർദേശത്തിൽ പറയുന്നത്.

ചെമ്പൂർ ട്രോംബോയ് വിദ്യാഭ്യാസ സൊസൈറ്റിയുടെ കീഴിലുള്ള എൻ ജി ആചാര്യ ആന്റ് ഡി കെ മറാത്തെ കോളേജിന്റെ ഭരണസമിതിയാണ് വിദ്യാർത്ഥികൾക്ക് പുതിയ നിർദേശം നൽകിയിരിക്കുന്നത്. ക്യാമ്പസിൽ ഔപചാരികവും മാന്യവുമായ വസ്ത്രം ധരിക്കണമെന്നാണ് നിർദേശം.

ആൺകുട്ടികൾക്ക് ഫുൾ സ്ലീവ് ഷർട്ട്, ഹാഫ് സ്ളീവ് ഷർട്ട്, പാന്റ്‌സ് എന്നിവ ധരിക്കാം. പെൺകുട്ടികൾക്ക്, ഇന്ത്യൻ, പാശ്ചാത്യ വസ്ത്രങ്ങൾ ധരിക്കാം. മതസംബന്ധമായതും സാംസ്‌‌കാരിക അസമത്വം പ്രദർശിപ്പിക്കുന്നതുമായ വസ്ത്രങ്ങങ്ങൾ ധരിക്കാൻ പാടില്ല. ജീൻസ്, ടി-ഷർട്ട്, ജഴ്‌സി, ശരീരഭാഗങ്ങൾ പ്രദർശിപ്പിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ പാടില്ല എന്നും കോളേജ് ഗേറ്റിന് പുറത്തായി പതിപ്പിച്ചിരിക്കുന്ന നോട്ടീസിൽ വ്യക്തമാക്കുന്നു.

ഹിജാബ്, ബുർക്ക, നഖബ്, സ്റ്റോൾ, തൊപ്പി, ബാഡ‌്‌ജ് എന്നിവ ധരിക്കുന്നവർ പൊതുമുറിയിലെത്തി അവ മാറ്റണമെന്നും എന്നാൽ മാത്രമേ ക്യാമ്പസിനുള്ളിൽ നടക്കാൻ അനുവദിക്കുകയള്ളൂവെന്നും ജൂൺ 27ന് പുറത്തിറക്കിയ നോട്ടീസിൽ പറഞ്ഞിരുന്നു. ഹിജാബ്, നഖബ്, ബുർക്ക എന്നിവ നിരോധിക്കാനുള്ള തീരുമാനം യൂണിഫോം ഡ്രസ് കോഡിന്റെ അച്ചടക്ക നടപടി മാത്രമാണെന്നും മുസ്ലീം സമുദായത്തിന് എതിരല്ലെന്നുമാണ് കോളേജിന്റെ വിശദീകരണം.


Source link
Exit mobile version