ഭർത്താവിന്റെ സിനിമ തിയറ്ററിൽ നിലത്തിരുന്ന് കണ്ട് നടി റെബേക്ക സന്തോഷ്
ഭർത്താവിന്റെ സിനിമ തിയറ്ററിൽ നിലത്തിരുന്ന് ആസ്വദിക്കുന്ന നടി റെബേക്ക സന്തോഷിന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്ത ഇടിയൻ ചന്തു സിനിമയുടെ ആദ്യ ഷോ കാണാൻ ഭാര്യ റെബേക്കയും എത്തിയിരുന്നു. ഹൗസ്ഫുൾ ഷോ ആയതിനാൽ നിലത്തിരുന്നാണ് നടി സിനിമ ആസ്വദിച്ചത്.
സീറ്റ് ഇല്ലാതിരുന്നതിനാൽ സിനിമയുടെ ആദ്യ ഷോ കാണാൻ ആയില്ലെന്നും അവസാനത്തെ ഫൈറ്റ് സീൻ മാത്രമാണ് നിലത്തിരുന്ന് കണ്ടതെന്നും നടി പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു.
മാർഗംകളി, കുട്ടനാടൻ മാർപ്പാപ്പ എന്നീ ചിത്രങ്ങൾക്കു ശേഷം ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്ത ചിത്രമാണ് ഇടിയൻ ചന്തു. വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന സിനിമ ആക്‌ഷൻ എന്റർടെയ്നർ വിഭാഗത്തിൽപെടുന്നു. പീറ്റർ ഹെയ്ൻ ആണ് ആക്‌ഷൻ കൊറിയോഗ്രഫി നിർവഹിച്ചിരിക്കുന്നത്.
കലഹപ്രിയനായതിനാൽ ചന്തുവിനു നാട്ടുകാർ നൽകിയ വട്ടപ്പേരാണ് ‘ഇടിയൻ’. 22 വയസ്സായിട്ടും പ്ലസ് ടു പാസാകാൻ സാധിക്കാത്ത ചന്തു അമ്മയുടെ നാട്ടിലേക്കു പോകുന്നിടത്തുനിന്നാണു കഥയുടെ ആരംഭം. സലിംകുമാർ, ലാലു അലക്സ്, ജോണി ആന്റണി, രമേശ് പിഷാരടി, ബിജു സോപാനം തുടങ്ങി ചിത്രത്തിൽ ഒട്ടേറെ താരങ്ങളുണ്ട്.
English Summary:
Actress Rebecca Santhosh Sits on Theater Floor to Support Husband’s Film
Source link