ജ്വലിച്ച തേജസ്സോടെ അയോധ്യാരാജകുമാരന്റെ ചാപഭഞ്ജനം

ജ്വലിച്ച തേജസ്സോടെ അയോധ്യാരാജകുമാരന്റെ ചാപഭഞ്ജനം– Lord Rama and the Legendary Bow of Saivachapam: An Epic Tale

ജ്വലിച്ച തേജസ്സോടെ അയോധ്യാരാജകുമാരന്റെ ചാപഭഞ്ജനം

എം.കെ.വിനോദ് കുമാർ

Published: July 20 , 2024 10:01 AM IST

1 minute Read

ജ്വലിച്ച തേജസ്സോടെ അയോധ്യാരാജകുമാരൻ അനായാസം ചാപഭഞ്ജനം നടത്തുമ്പോൾ അതിന്റെ മാറ്റൊലി ഈരേഴു ലോകങ്ങളിലും

മഹർഷി കാട്ടിയ ശിലാരൂപത്തിലേക്ക് പാദാംബുജം മെല്ലെ സ്പർശിച്ച് ‘‘ഞാൻ രാമനാണ്’’ എന്നു സ്വയം പരിചയപ്പെടുത്തി മുനിപത്നിയെ ആഹ്ലാദപൂർവം വണങ്ങിനിൽക്കുന്ന ആ തേജോമയരൂപം ഹൃദയത്തെ കുളിരണിയിക്കുന്നു. അഹല്യാഹൃദയത്തിലെ ആഹ്ലാദാതിരേകം അവർണനീയമാണ്. പീതവസ്ത്രധാരിയായി, ശ്രീവത്സവക്ഷസ്സോടുകൂടി, ഇന്ദ്രനീലസമാനഗാത്രനായി, താമരയിതൾനേത്രനായി ഭഗവദ്‌രൂപത്തെ ദർശിക്കുന്ന ആ കണ്ണുകൾക്ക് ആനന്ദാശ്രുക്കൾ തടയാനാകുന്നില്ല.ആഹ്ലാദവാരിധിയിൽ മുങ്ങിയ ആ മനസ്സിൽനിന്ന് ഗദ്ഗദം കലർന്ന അക്ഷരങ്ങളിൽ ഭഗവൽസ്തുതീപ്രവാഹം. പവിത്രയായ അഹല്യ, ഭഗവാന്റെ അനുജ്ഞയോടെ പതീസാമീപ്യത്തിലേക്ക്. 

വിശ്വാമിത്രൻ കുമാരന്മാരെ മിഥുലാപുരിയിലേക്ക് ആനയിക്കാനുള്ള തിടുക്കത്തിലാണ്. ചന്ദ്രസൂര്യന്മാരുടെ ശോഭയോടെ വിളങ്ങുന്ന ഈ കുമാരന്മാർ ആരെന്നറിയാൻ ഉദ്വേഗമാണ് അവരെത്തുമ്പോൾ ജനകമഹാരാജാവിന്. രാജസൽക്കാരാനന്തരം വിശ്വാമിത്രന്റെ ആഗ്രഹപ്രകാരം കുമാരന്മാർക്കു കാണുന്നതിനായി ശൈവചാപം രാജസന്നിധിയിലേക്ക് ആനയിക്കപ്പെടുന്നു. ചാപവാഹകരും അയ്യായിരം കിങ്കരന്മാരും ചേർന്ന് കൊണ്ടുവരുന്ന ആ ത്രൈയംബകത്തിന്റെ മഹത്വഗാംഭീര്യങ്ങൾ വിവരിക്കേണ്ടതുണ്ടോ? വില്ലെടുത്തു കുലച്ചുവലിക്കാമോ എന്ന് മന്ത്രീന്ദ്രൻ ചോദിക്കുമ്പോൾ ‘‘ആവതു ചെയ്താലും’’ എന്നാണ് വിശ്വാമിത്രൻ ശ്രീരാമചന്ദ്രന് നൽകുന്ന അനുജ്ഞ.

ജ്വലിച്ച തേജസ്സോടെ അയോധ്യാരാജകുമാരൻ അനായാസം ചാപഭഞ്ജനം നടത്തുമ്പോൾ അതിന്റെ മാറ്റൊലി ഈരേഴു ലോകങ്ങളിലും. ഇടിവെട്ടുംപോലെയുള്ള ആ ഒച്ചയിൽ മറ്റു രാജാക്കന്മാരെല്ലാം ഉരഗങ്ങളെപ്പോലെ നടുങ്ങുന്നു. പ്രപഞ്ചം നിറയുന്ന ആഹ്ലാദഘോഷമാണ് മിഥിലാപുരിയിലെങ്ങും. മിഥിലയുടെ രാജകുമാരിയാകട്ടെ മാരന്റെ വരവറിഞ്ഞിട്ടാകാം, സന്തോഷത്താൽ മയിൽപ്പേടയെപ്പോലെ.ആ താമരനയനന്റെ മുന്നിലേക്ക് ആനയിക്കപ്പെടുന്ന ദേവി, നീലോൽപലകാന്തിയെഴുന്ന ദേവനെ വരണാർഥമാല അണിയിക്കുംമുൻപേ കടാക്ഷമാല അണിയിക്കുന്ന രംഗം ഹർഷപുളകം സമ്മാനിക്കുന്നതുതന്നെ. 

English Summary:
Lord Rama and the Legendary Bow of Saivachapam: An Epic Tale

30fc1d2hfjh5vdns5f4k730mkn-list vinodkumar-m-k mo-astrology-ramayana-kanda mo-religion-ramayana-month-2024 qssiuu8ajj8oq47m44g1aag9 7os2b6vp2m6ij0ejr42qn6n2kh-list mo-religion-ramayanavicharam mo-religion-ramayana-masam-2024 mo-astrology-ramayana-parayanam


Source link
Exit mobile version