കോഴിക്കോട്: ബീച്ച് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഫിസിയോതെറാപ്പിസ്റ്റ് തിരുവനന്തപുരം പോത്തൻകോട് സ്വദേശി ബി. മഹേന്ദ്രൻ നായരെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. ആരോഗ്യമന്ത്രി വീണാജോർജിന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. സംഭവത്തിൽ വെള്ളയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മഹേന്ദ്രൻ ഒളിവിലാണ്.
കഴിഞ്ഞ ദിവസമാണ് ബീച്ച് ആശുപത്രിയിൽ ഫിസിയോ തെറാപ്പിക്കെത്തിയ യുവതിയെ ഇയാൾ ചികിത്സയ്ക്കിടെ പീഡിപ്പിച്ചത്. ഒരു മാസമായി ഫിസിയോതെറാപ്പിക്ക് എത്തുന്ന യുവതിയെ ആരോഗ്യപ്രവർത്തകയാണ് ചികിത്സിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ബുധനാഴ്ച പെൺകുട്ടി എത്തിയപ്പോൾ ആരോഗ്യപ്രവർത്തക തിരക്കിലായതിനാൽ മഹേന്ദ്രൻ ചികിത്സ നൽകുകയായിരുന്നു. ഇതിനിടയിൽ പീഡിപ്പിച്ചുവെന്നാണ് പരാതി. വ്യാഴാഴ്ച ചികിത്സയ്‌ക്കെത്തിയെ പെൺകുട്ടി ആരോഗ്യ പ്രവർത്തകയെ സംഭവം അറിയിക്കുകയും തുടർന്ന് ആശുപത്രി അധികൃതർ പൊലീസിന് വിവരം നൽകുകയുമായിരുന്നു. ജൂലായിലാണ് മഹേന്ദ്രൻ ബീച്ച് ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചത്.
Source link