പ്ളസ് വൺ സീറ്റ് ക്ഷാമം ; കാർത്തികേയൻ കമ്മിറ്റി നിർദ്ദേശിച്ചത് 222 താത്കാലിക ബാച്ചുകൾ
തിരുവനന്തപുരം: പ്ളസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കുന്നതിനായി പ്രൊഫ.വി.കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ട് ശുപാർശ ചെയ‌്തത് 222 താത്കാലിക ബാച്ചുകൾ. കുട്ടികളില്ലാത്ത 39 ബാച്ചുകൾ സീറ്റ് കുറവുള്ള പ്രദേശങ്ങളിലേക്ക് ട്രാൻസ്‌ഫർ ചെയ്യാനും നിർദ്ദേശിച്ചിരുന്നു.
എന്നാൽ 2023 മേയ് 17ന് സമർപ്പിച്ച റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടിരുന്നില്ല.
നിയമസഭയിൽ മഞ്ഞളാംകുഴി അലിയുടെ ചോദ്യത്തിനുള്ള മറുപടിക്കൊപ്പമാണിത് പുറത്തുവന്നത്. സർക്കാർ സ്‌കൂളുകളിൽ 96, എയ്ഡഡ് സ്‌കൂളുകളിൽ 126 താത്കാലിക ബാച്ചുകൾ അനുവദിക്കണമെന്നായിരുന്നു ശുപാർശ. ഈ വർഷം വിദ്യാർത്ഥി സംഘടനകൾ സമരത്തിനിറങ്ങിയതോടെയാണ് മലപ്പുറത്ത് 120ഉം കാസർകോട്ട് 18ഉം താത്കാലിക ബാച്ചുകൾ അനുവദിച്ചത്.
ബാച്ചിൽ 50 കുട്ടികൾ മതി
ഹയർസെക്കൻഡറി ബാച്ചുകളിൽ 50 കുട്ടികളിൽ കൂടരുതെന്ന വ്യവസ്ഥ കർശനമാക്കണമെന്നും കമ്മിറ്റി ശുപാർശ ചെയ്തു. സീറ്റ് വർദ്ധിപ്പിച്ച് പ്രവേശനം നടത്തുന്നത് പൊതുവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കുറയ്ക്കും. ക്ളാസുകളിൽ കുട്ടികൾ തിങ്ങിഞെരുങ്ങുന്ന സാഹചര്യമുണ്ടാക്കും. പുതിയ പാഠ്യപദ്ധതിക്കനുസരിച്ചുള്ള ഘടനാമാറ്റങ്ങളും പൊതുവിദ്യാഭ്യാസ ഏകീകരണവും നടപ്പാക്കുന്നതിനാൽ എല്ലാ ജില്ലകളിലും ഒരുബാച്ചിൽ 50 എന്നത് നടപ്പാക്കണമെന്നായിരുന്നു നിർദ്ദേശം.
അൺ എയ്ഡഡ്;
പകുതി സീറ്റിലെ പ്രവേശനം
ഏകജാലകം വഴി
അൺ എയ്ഡഡ് സ്കൂളിലെ 50 ശതമാനം സീറ്റിലെ പ്രവേശനം ഏകജാലകത്തിലൂടെയാക്കാൻ കമ്മിറ്റി ശുപാർശ ചെയ്യുന്നു. കുട്ടികളില്ലാത്തതിനാൽ മുൻ വർഷങ്ങളിൽ സീറ്റ് ക്ഷാമമുള്ള മേഖലകളിലേക്ക് മാറ്റിയ പ്ളസ്വൺ ബാച്ചുകളിൽ പൂർണതോതിൽ പ്രവേശനം നടക്കുന്നവ മാറ്റി നൽകിയ സ്കൂളുകളിൽ സ്ഥിരപ്പെടുത്തണം.
Source link