പാക്കിസ്ഥാനെ കീഴടക്കി ഇന്ത്യ
ധാംബുള്ള: വനിതാ ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റിൽ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ഏകപക്ഷീയ ജയം. പാക്കിസ്ഥാനെ ഏഴു വിക്കറ്റിന് ഇന്ത്യ കീഴടക്കി. സ്കോർ: പാക്കിസ്ഥാൻ 108 (19.2), ഇന്ത്യ 109/3 (14.1) ടോസ് നേടിയ പാക്കിസ്ഥാൻ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ, ഇന്ത്യൻ ബൗളർമാർക്കു മുന്നിൽ പിടിച്ചുനിൽക്കാൻ പാക്കിസ്ഥാനു സാധിച്ചില്ല. സിദ്ര അമീനായിരുന്നു (35 പന്തിൽ 25) പാക്കിസ്ഥാന്റെ ടോപ് സ്കോറർ. തുബ ഹസൻ (22), ഫാത്തിമ സമന (22 നോട്ടൗട്ട്) എന്നിവരും പാക്കിസ്ഥാനു വേണ്ടി തിളങ്ങി. ഇന്ത്യക്കുവേണ്ടി ദീപ്തി ശർമ മൂന്നും രേണുക സിംഗ്, പൂജ വസ്ത്രകർ, ശ്രേയങ്ക പാട്ടീൽ എന്നിവർ രണ്ടു വിക്കറ്റ് വീതവും സ്വന്തമാക്കി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കുവേണ്ടി ഓപ്പണർമാരായ ഷെഫാലി വർമയും (40) സ്മൃതി മന്ദാനയും (45) മിന്നും പ്രകടനമാണ് കാഴ്ചവച്ചത്.
Source link