കണ്ണീർക്കാഴ്ചയായി ഹെൻറി റെബല്ലൊ
സെബി മാളിയേക്കൽ 1948 ഓഗസ്റ്റ് മൂന്ന് രാവിലെ ഒന്പതു മണി. ലണ്ടൻ ഒളിന്പിക്സിലെ ട്രിപ്പിൾ ജംപ് മത്സരങ്ങൾ ആരംഭിക്കുകയാണ്. വെംബ്ലി സ്റ്റേഡിയം കാണികളാൽ നിറഞ്ഞു. മത്സരത്തിന് 17 രാജ്യങ്ങളിൽനിന്നായി 28 പേർ . സുവർണ പ്രതീക്ഷയെന്നു കായിക ലോകവും അന്നത്തെ ലോകപ്രശസ്തരായ സ്പോർട്സ് ലേഖകരും വാഴ്ത്തിപ്പാടിയ ഇന്ത്യയുടെ പത്തൊന്പതുകാരൻ ഹെൻട്രി മാൽക്കം റെബല്ലോ ജംപിംഗ് പിറ്റിലേക്ക്. ആദ്യ ചാട്ടത്തിൽത്തന്നെ 14.65 മീറ്റർ ചാടി ഫൈനലിലേക്ക്. 14.5 മീറ്റർ ആയിരുന്ന യോഗ്യതാമാർക്ക് മറികടന്ന 14 പേർ അവസാന പോരാട്ടത്തിന്. ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു ഫൈനൽ. ഉച്ചയോടെത്തന്നെ ലണ്ടനിലെ കാലാവസ്ഥ മാറി. അതിശൈത്യവും ദുസഹമായ കാറ്റും ചാറ്റൽ മഴയും. മൂന്നിനുതന്നെ റെബല്ലോ മത്സരവേദിയിലെത്തി. മത്സരം തുടങ്ങി. ട്രാക്സ്യൂട്ട് ഉൗരി റണ്ണിനായി ഒരുങ്ങി. റബല്ലോയുടെ ഊഴം എത്തുന്നതിനുമുൻപ് പൊടുന്നനെ ഒരു അനൗണ്സ്മെന്റ്: “ട്രിപ്പിൾ ജംപ് മത്സരങ്ങൾ കുറച്ചുനേരത്തേക്കു മാറ്റിവച്ചിരിക്കുന്നു’’. മറ്റൊരു മത്സരത്തിന്റെ വിക്ടറി സെറിമണി നടക്കുന്നതിനു റണ്വേ മുറിച്ചുകടക്കേണ്ടി വരുന്നതിനാലാണു മത്സരം നീട്ടിവച്ചത്. 15 -20 മിനിറ്റിനകം മത്സരം പുനരാരംഭിച്ചെങ്കിലും ആദ്യറണ്ണിൽത്തന്നെ വലതുകാലിന്റെ മസിൽ മേലോട്ടുകയറി ഹെൻറി റെബല്ലോ ട്രാക്കിൽ വീണു. വേദനസംഹാരി നൽകിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ വേദനകൊണ്ടു പുളഞ്ഞ റെബല്ലോയെ സ്ട്രക്ച്ചറിൽ ആശുപത്രിയിലേക്കു മാറ്റുന്പോൾ യോഗ്യതാ റൗണ്ടിൽ തന്നെക്കാൾ കുറവ് ദൂരം (14.6 മീറ്റർ) ചാടിയ സ്വീഡന്റെ ആർമേ അഹ്മാൻ വിക്ടറി സ്റ്റാൻഡിൽ സ്വർണപ്പതക്കമണിയുകയായിരുന്നു. 1980ൽ ഇന്ത്യൻ എയർഫോഴ്സിൽനിന്നു ഗ്രൂപ്പ് ക്യാപ്റ്റനായി വിരമിച്ച ഹെൻറി റെബല്ലോ 1984 ൽ സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ (സായ്) രൂപവത്കരിച്ചപ്പോൾ പ്രഥമ ഡയറക്ടറായി; 88 വരെ ഈ സ്ഥാനത്ത് തുടർന്നു. 2013 ഓഗസ്റ്റ് 27ന് 85-ാം വയസിൽ അദ്ദേഹം ഈ ലോകത്തോടു വിടപറഞ്ഞു.
Source link