രണ്ടാം ലോകമഹായുദ്ധംമൂലം 1940, 44 വർഷങ്ങളിൽ ഒളിന്പിക്സ് മുടങ്ങിയശേഷം 1948ൽ നടന്ന ഒളിന്പിക്സിൽ സ്വാതന്ത്ര്യാനന്തര ഭാരതത്തിന് ഉറപ്പായും ലഭിക്കേണ്ടിയിരുന്ന ആദ്യ സ്വർണമാണ് അന്നു നഷ്ടമായത്. അന്ന് എട്ടു വയസുമാത്രം പ്രായമുണ്ടായിരുന്ന ഞാനതു കേട്ടത് പത്തുവർഷംകൂടി കഴിഞ്ഞ് കോച്ചിംഗ് ക്യാന്പിൽ വച്ചാണ്. പിന്നീട് മൂന്നു പതിറ്റാണ്ടിലധികം ഇന്ത്യയിലെ പല പ്രഗല്ഭരെയും പരിശീലിപ്പിച്ച കോച്ച് എന്ന നിലയിൽ ഇന്നും ഞാൻ സംശയിക്കുന്നു, ആ അനൗൺസ്മെന്റും ഡിലേയും ഇന്ത്യയെ കോളനിയാക്കിയ ഇംഗ്ലണ്ടിന്റെ ആസൂത്രിതമായ ചതിയായിരുന്നുവെന്ന്. ട്രാക്സ്യൂട്ട് അഴിച്ചുകഴിഞ്ഞ് അതിശൈത്യവും കാറ്റും ഉള്ള അന്തരീക്ഷത്തിൽ നിന്നാൽ മസിലുകൾ വരിഞ്ഞുമുറുകുമെന്നു പരിശീലന രംഗത്തുള്ള ആർക്കാണ് അറിയാത്തത്? കൗമാരം വിട്ടുമാറാത്ത ആ പത്തൊന്പതുകാരന് അതുപറഞ്ഞുകൊടുക്കാനും വീണ്ടും ട്രാക് സ്യൂട്ട് ധരിപ്പിക്കാനും വാംഅപ്പ് ചെയ്യിപ്പിക്കാനും ഇന്ത്യൻ ഒഫീഷ്യലുകൾ ക്ക് ആവാത്തത് ഇന്ത്യക്കു വലിയ നഷ്ടമായിമാറി. ഒളിന്പിക്സിന് ഒരു മാസം മുൻപേ ഇംഗ്ലണ്ടിലെത്തിയ ഹെൻറി പല സർക്യൂട്ട് മീറ്റുകളിലും പങ്കെടുക്കുകയും സ്വർണം കരസ്ഥമാക്കുകയും ചെയ്തിരുന്നു. അതിനാലാണ് അത്തവണത്തെ സ്വർണം അദ്ദേഹംതന്നെ കരസ്ഥമാക്കുമെന്ന് ധരിക്കാനിടയായത്. 52ലെ ഹെൽസിങ്കി ഒളിന്പിക്സിനായി അദ്ദേഹം വീണ്ടും യോഗ്യത നേടിയെങ്കിലും മദ്രാസ് ലയോള കോളജിൽനിന്നു ബിരുദം കഴി ഞ്ഞ് ഇന്ത്യൻ എയർഫോഴ്സിൽ ജോലിയിൽ പ്രവേശിച്ചിരുന്ന സമയമായിരുന്നു. പരിശീലനക്കാലയളവ് ആയിരുന്നതിനാൽ സീനിയോറിറ്റി നഷ്ടപ്പെടും എന്ന് ഇന്ത്യൻ എയർ ഫോഴ്സ് അധികൃതർ അറിയിച്ചതിനെത്തുടർന്ന് ഒളിന്പിക്സ് സ്വപ്നം ഉപേക്ഷിക്കുകയായിരുന്നു. അതോടെ നാലോ അഞ്ചോ ഒളിന്പിക്സിൽ മെഡൽ ലഭിക്കാമായിരുന്ന ഒരു താരം അസ്തമിക്കുകയായിരുന്നു. അറിഞ്ഞനാൾ മുതലേ ഈ ഇതിഹാസത്തെ അടുത്തറിയണം എന്നൊരു താത്പര്യം ഉണ്ടായിരുന്നു. അതിശയകരമെന്നു പറയട്ടെ, ഞാൻ കാലിക്കട്ട് യൂണിവേഴ്സിറ്റി കോച്ച് ആയിരുന്ന സമയത്ത് അന്തർ സർവകലാശാല അത്ലറ്റിക് മത്സരത്തിൽ പങ്കെടുക്കാൻ അദ്ദേഹത്തിന്റെ മൂത്തമകൻ മാർക്ക് റെബല്ലോ ഡൽഹി യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് സെന്റ് സ്റ്റീഫൻസ് കോളജിൽനിന്ന് എത്തുകയും ട്രിപ്പിൾ ജംപിൽ സ്വർണവും ലോംഗ് ജംപിൽ വെള്ളിയും നേടുകയും ചെയ്തു. അതോടെ ഞങ്ങൾ തമ്മിൽ ഒരു സൗഹൃദം ആരംഭിക്കുകയായിരുന്നു, ഒപ്പം ട്രിപ്പിൾ ജംപിലെ ഇതിഹാസമായ ഹെൻറി റെബല്ലോയുമായും. (കാലിക്കട്ട് യൂണിവേഴ്സിറ്റിയെ പലതവണ അന്തർസർവകലാശാല ചാന്പ്യന്മാരാക്കിയ അത്ലറ്റിക് കോച്ചാണ് ഡോ. എസ്.എസ്. കൈമൾ)
Source link